കഴിവും സ്വപ്-നവുമുണ്ടോ എന്നാൽ കളം വിടേണ്ട
ഇതാ ‘സ്പോൺസർ എ ചാമ്പ്യൻ’

ടി കെ അനൂപ്
Published on Oct 14, 2026, 01:30 AM | 1 min read
കണ്ണൂർ
കളിക്കളത്തിൽ മികവ് തെളിയിക്കാൻ കഴിവുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം പിന്നോട്ടുപോകേണ്ടിവരുന്ന കായിക താരങ്ങൾക്ക് ഇനി കൈത്താങ്ങ്. പരിശീലനത്തിനും പോഷകാഹാരത്തിനും കായികോപകരണങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന പ്രതിഭകൾക്ക് പിന്തുണയേകാൻ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് ‘സ്പോൺസർ എ ചാമ്പ്യൻ’ പദ്ധതിക്ക് തുടക്കമിടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഇനിയൊരു കായികതാരത്തിന്റെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകില്ല. ജില്ലയുടെ കായികവികസനത്തിന് പുതിയ ദിശാബോധം നൽകാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന കായിക ദിനമായ ചൊവ്വാഴ്‌ച രാവിലെ പത്തിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ കലക്ടർ പി വിഷ്ണുരാജ് പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് കേണൽ ജി വി രാജയെ അനുസ്‌മരിക്കും. ‘ഗോൾ’ പദ്ധതിയുടെ ഭാഗമായി ലഭിച്ച കായികോപകരണങ്ങളുടെ വിതരണവും നടക്കും. അർഹതയുള്ളവർക്ക് ആവശ്യാനുസൃത സഹായം ഗ്രാമീണ മേഖലകളിലും തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി നിരവധി കായികപ്രതിഭകളാണ് വളർന്നുവരുന്നത്. എന്നാൽ മികച്ച പരിശീലനം നേടാനും പോഷകാഹാരം ഉറപ്പാക്കാനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും മത്സരങ്ങളിൽ പങ്കെടുക്കാനും പണം കണ്ടെത്തുക പലർക്കും വെല്ലുവിളിയാണ്. ഈ പരിമിതികൾ മറികടന്ന് കഴിവിനനുസരിച്ചുള്ള നേട്ടങ്ങൾ കൈവരിക്കാൻ താരങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ താരത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ ലഭ്യമാക്കും. അർഹരായ കുട്ടികളെയും യുവതാരങ്ങളെയുമാണ് ഗുണഭോക്താക്കളായി ലക്ഷ്യമിടുന്നത്. പിന്തുണയുമായി കൈകോർക്കാം വ്യക്തികൾ, സ്ഥാപനങ്ങൾ, വ്യവസായികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സംഘടനകൾ, സിഎസ്ആർ പങ്കാളികൾ, കായികപ്രേമികൾ എന്നിവരുടെ സഹകരണം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കായികതാരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിവിധ മേഖലകളിൽനിന്നുള്ള പിന്തുണ ഉറപ്പാക്കും.









0 comments