ക്യൂബ് ചലച്ചിത്രോത്സവം തുടങ്ങി കാഴ്‌ചകളുടെ തിരയിളക്കം

കണ്ണൂർ കണ്ണൂരിലെ ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനയായ ക്യൂബ് ഫിലിം സൊസൈറ്റി 31ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. കണ്ണൂർ കേരള ബാങ്ക് മിനി ഹാളിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. 2024 ഐഎഫ്എഫ്കെയിൽ മികച്ച സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടിയ ‘വിക്ടോറിയ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷനായി. ‘ഒഴിയാതെ’ സിനിമയടെ നിർമാതാവ് മേതിൽ കോമളൻകുട്ടി, നവാഗത സംവിധായകനുള്ള മോഹൻ രാഘവൻ പുരസ്‌കാരം നേടിയ കെ അർജുൻ എന്നിവരെ ആദരിച്ചു. രാധാകൃഷ്ണൻ ചെറുവല്ലി ഫെസ്റ്റിവൽ ബുക്ക് പ്രകാശിപ്പിച്ചു. കേരള ബാങ്ക് ജനറൽ മാനേജർ പി പി മനോജ്, ഫെസ്റ്റിവൽ ഡയറക്ടർ ആർ നന്ദലാൽ, ജനറൽ കൺവീനർ കെ പി രഘുനാഥൻ, ഫെസ്റ്റിവൽ കോ-ഓഡിനേറ്റർ സി മോഹനൻ, വൈസ് ചെയർമാൻ പി ഷീല, കെ രാജേഷ് എന്നിവർ സംസാരിച്ചു. ശനി രാവിലെ പത്തിന് ബംഗാളി ചലച്ചിത്രം അദമ്യ (രഞ്ജൻ ഘോഷ്) പ്രദർശിപ്പിക്കും. രാംദാസ് കടവല്ലൂരിന്റെ സത്യപ്പുല്ല് ഡോക്യുമെന്ററി പ്രദർശനവുമണ്ടാകും. 2.30-ന് 'ദായം' മലയാള സിനിമ. 4.30-ന് ഓപ്പൺ ഫോറം. വൈകിട്ട് ആറിന് ഹസൻ ഹസ്‌ദി സംവിധാനം ചെയ്‌ത അറേബ്യൻ ചിത്രം ദി പ്രസിഡന്റ്‌സ് കേക്ക്' പ്രദർശിപ്പിക്കും. ഞായർ രാവിലെ പത്തിന് നാനാ പടേക്കറുടെ ആദരസൂചകമായി ക്രാന്തിവീർ പ്രദർശിപ്പിക്കും. 12.30ന് മലയാളത്തിലെ സുദേവന്റെ ‘ചിയേഴ്സസ്’ ഹ്രസ്വചിത്രം. 2.30-ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ'. സമാപന ചിത്രം ‘സിറാത്താ’ണ്.









0 comments