കാര്‍പാര്‍ക്കിങ് കേന്ദ്രം തുറക്കുമോ മേയറെ ?

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രം അടച്ചിട്ടതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്കിങ് കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയ നിലയിൽ
സ്വന്തം ലേഖകന്‍
Published on May 09, 2026, 02:06 AM | 1 min read
കണ്ണൂര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയുടെ നിത്യസ്മാരകമായി ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രം. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിന് പരിഹാരമായി നിര്‍മിച്ച കാര്‍പാര്‍ക്കിങ് കേന്ദ്രം അടച്ചിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ഷന്‍ വിങ്ങിന്റെ പരിശോധനയ്ക്കായി അടച്ചിട്ടതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി ഒരു പരാജയമാണെന്ന തിരിച്ചറിവ് വന്നതിനാല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രം തുറക്കാന്‍ കോര്‍പ്പറേഷന് താൽപ്പര്യമില്ലെന്നാണ് ആക്ഷേപം. നിര്‍മാണം പൂര്‍ത്തിയായി ട്രയല്‍ റണ്‍ കഴിഞ്ഞിട്ടും പാര്‍ക്കിങ് കേന്ദ്രം നാളുകളെറെ നോക്കുകുത്തിയായിരുന്നു. പൊതുജന പ്രതിഷേധം കനത്തതോടെ ധൃതിപ്പെട്ട് തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് ഉദ്ഘാടനം നടത്തി. എന്നിട്ടും വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി ഇവിടെ എത്തുന്നത് കുറവായിരുന്നു. പാര്‍ക്കിങ് കേന്ദ്രത്തില്‍ ആറുനിലകളിലായി നാല് യൂണിറ്റുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ നിലകളിലും 31 വീതം കാറുകള്‍ പാര്‍ക്കുചെയ്യാം. ഒരേ സമയം 124 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍, നഗരത്തിലെത്തുന്ന ഭൂരിഭാഗം വാഹന ഉടമകളും ഇവിടെ പാര്‍ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നായിട്ടും റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍പോലും പാര്‍ക്കിങ് കേന്ദ്രത്തോട് മുഖം തിരിക്കുകയാണ്. വാഹനങ്ങള്‍ ഇവിടെവച്ചാല്‍ സുരക്ഷിതമല്ലെന്ന ആശങ്കയും ഒരുവിഭാഗം വാഹന ഉടമകള്‍ക്കുണ്ട്. കാര്‍പാര്‍ക്കിങ് കേന്ദ്രം അടച്ചിട്ടതിനാല്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും ജവഹര്‍ സ്റ്റേഡിയം പരിസരത്തും അനധികൃതപാര്‍ക്കിങ് വര്‍ധിക്കുകയാണ്. കണ്ണൂര്‍ ബാങ്ക് റോഡിലെ പീതാംബര പാര്‍ക്കിലും കോര്‍പ്പറേഷന്‍ മള്‍ട്ടിലെവല്‍ കേന്ദ്രം നിര്‍മിച്ചിരുന്നു. ഇൗ പാര്‍ക്കിങ് കേന്ദ്രം ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെ ഉദ്ഘാടനംനടന്നിട്ടില്ല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12. 4 കോടി രൂപ ചെലവിലാണ് രണ്ട് കാര്‍പാര്‍ക്കിങ് കേന്ദ്രങ്ങളും നിര്‍മിച്ചത്. ഇരുപാര്‍ക്കിങ് കേന്ദ്രത്തിലെയും പലഭാഗങ്ങളും തുരുമ്പെടുത്ത് തുടങ്ങി. കോടികള്‍ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയ പദ്ധതി യഥാക്രമം നടപ്പാക്കാത്ത കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.










0 comments