പാഠഭാഗങ്ങൾ തീർന്നില്ല ഓണപ്പരീക്ഷയ്‌ക്ക് എന്തെഴുതും?

കണ്ണൂർ ഓണപ്പരീക്ഷയ്‌ക്ക് ദിവസങ്ങൾമാത്രം ശേഷിക്കേ പാഠഭാഗങ്ങൾ പാതിവഴിയിൽ. മിക്കയിടങ്ങളിലും അധ്യാപനം തുടങ്ങിയയിടത്തുതന്നെയാണ്. സെൻസസ് ഉൾപ്പെടെയുള്ള അധികച്ചുമതലകൾ അധ്യയന സമയത്തെ കാര്യമായി ബാധിച്ചതാണ് പ്രധാന കാരണം. പരീക്ഷയ്‌ക്ക് മുന്പായി പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ശനി, ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ സ്‌പെഷൽ ക്ലാസുകളുമായി നെട്ടോട്ടത്തിലാണ് അധ്യാപകർ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ആഗസ്‌ത് 13നും ഹയർസെക്കൻഡറിയിൽ 14നുമാണ് ഓണപ്പരീക്ഷ തുടങ്ങുന്നത്. 20ന് പരീക്ഷയവസാനിക്കും. 21നാണ് സ്‌കൂൾ അടയ്‌ക്കുക. ജൂലൈ ഒന്നിന് ആരംഭിച്ച സെൻസസിനായി സ്‌കൂളുകളിലെ പകുതിയിലധികം അധ്യാപകർ അവധിയിലാണ്. സെൻസസിനായി നിയോഗിക്കപ്പെട്ടവർ ആഴ്‌ചകൾക്കുമുന്പേ പരിശീലനം ആരംഭിച്ചിരുന്നു. നല്ലൊരു ഭാഗം ഹൈസ്‌കൂൾ അധ്യാപകർ എസ്എസ്എൽസി പുനർമൂല്യനിർണയത്തിനും നിയോഗിക്കപ്പെട്ടതിനാൽ സ്‌കൂൾ തുറന്ന ആദ്യ ആഴ്‌ചയിൽത്തന്നെ അധ്യയനം താറുമാറായിരുന്നു. മെയ് 31ന് വിരമിച്ച അധ്യാപകർക്ക് പകരം നിയമനം നടത്താത്തതും അർഹമായ പ്രമോഷൻ നൽകാത്തതും പ്രതിസന്ധി വർധിപ്പിച്ചു. പ്രധാനാധ്യാപകരുടെ പൂർണ അധികച്ചുമതലയുള്ള അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതും അധ്യയനത്തെ കാര്യമായി ബാധിച്ചു. ഇതിനിടയിൽ കെ ടെറ്റ് യോഗ്യത സംബന്ധിച്ചും അനിശ്‌ചിതത്വമുണ്ടായി. പാഠപുസ്‌തകങ്ങൾ നിശ്‌ചിതസമയത്ത് ലഭിക്കാത്തതും മഴദിനങ്ങളിലെ അവധികളും പ്രതിസന്ധിയുണ്ടാക്കി. കൈറ്റ് നേതൃത്വത്തിൽ ഐടി അധ്യാപകരുടെ പരിശീലനത്തിന് പലയിടത്തും ക്ലാസുകൾക്ക് അവധി നൽകേണ്ടിവന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ 16,119 അധ്യാപകരുണ്ട്. ഇതിൽ താൽക്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിർത്തിയാൽ ഇത് 14,000ൽ താഴെയാകും. ഇതിൽ അയ്യായിരത്തോളം പേരാണ് ജൂലൈ 31 വരെയുള്ള സെൻസസിനായി നിയോഗിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ ഡ്യൂട്ടി ഓഫ് ലഭിക്കാതിരുന്നതിനാൽ മണിക്കൂറുകൾനീണ്ട ജോലിഭാരത്താൽ അധ്യാപകർ ദുരിതത്തിലായിരുന്നു. സെൻസസ് ഡ്യൂട്ടിക്കുശേഷം ആഗസ്‌ത് 3 മുതലാണ് മിക്ക അധ്യാപകരും സ്‌കൂളിലെത്തുന്നത്. ഇവർക്കുമുന്നിൽ ആകെ എട്ട് പ്രവൃത്തിദിനങ്ങൾ മാത്രമാണുള്ളത്. നിശ്‌ചിത പാഠഭാഗങ്ങൾ ഇതിനുമുന്പ് തീർക്കുക പ്രായോഗികമല്ല. പരീക്ഷയ്ക്കായി പാഠഭാഗങ്ങൾ കുറയ്ക്കുകയോ അതനുസരിച്ച് ചോദ്യപേപ്പർ തയ്യാറാക്കുകയോ ചെയ്യണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല.










0 comments