ad
Deshabhimani

മൂന്ന്‌ എൽഡിഎഫ്‌ പ്രവർത്തകർക്ക്‌ പരിക്ക്‌

കോർപറേഷൻ ഉപരോധത്തിനിടെ യുഡിഎഫ്‌ പ്രകോപനം

കണ്ണൂർ കോർപറേഷൻ ഓഫീസ് വളപ്പിൽ എൽഡിഎഫ് പ്രവർത്തകരെ യുഡിഎഫ് കൗൺസിലർമാർ മർദിക്കുന്നു

കണ്ണൂർ കോർപറേഷൻ ഓഫീസ് വളപ്പിൽ എൽഡിഎഫ് പ്രവർത്തകരെ യുഡിഎഫ് കൗൺസിലർമാർ മർദിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 11, 2026, 02:30 AM | 2 min read


കണ്ണൂര്‍

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾക്ക്‌ അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ച കോർപറേഷൻ ഉപരോധത്തിനിടെ സംഘര്‍ഷം സൃഷ്ടിച്ച് യുഡിഎഫ്. ഗേറ്റ്‌ ഉപരോധിച്ച എൽഡിഎഫ്‌ പ്രവർത്തകരെ വെല്ലുവിളിച്ച്‌ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജും മേയറും ഉൾപ്പെടെയുള്ളവർ നിലയുറപ്പിച്ചതാണ്‌ സംഘർഷത്തിനിടയാക്കിയത്‌. രാവിലെ ഒന്പതരയോടെയാണ്‌ എല്‍ഡിഎഫ്‌ ഉപരോധം ആരംഭിച്ചത്‌. കോര്‍പറേഷന്‍ ഓഫീസ്‌ പ്രവര്‍ത്തനം തടസപ്പെടുത്താത്ത രീതിയില്‍ ഉപരോധം 10.15ന്‌ അവസാനിപ്പിക്കുമെന്നും തുടർന്ന്‌ സമരപ്പന്തലിൽ ധർണ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സംഘർഷം സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന്‌ ലക്ഷ്യംവച്ചാണ്‌ കോര്‍പറേഷന്‍ ഓഫീസ് ഗേറ്റിലേക്ക്‌ യുഡിഎഫ്‌ സംഘം എത്തിയത്‌. സമരം ചെയ്യുന്ന എൽഡിഎഫ്‌ പ്രവർത്തകർക്കെതിരെ യുഡിഎഫുകാർ മുദ്രാവാക്യം മുഴക്കുകയും വാക്കേറ്റമാവുകയുംചെയ്‌തു. ഇതിനിടെ ഡിസിസി പ്രസിഡന്റ്‌ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്ന്‌ ഗതാഗതം തടഞ്ഞു. മറ്റൊരുവഴിയിലൂടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച മേയറെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കോർപറേഷന്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചു. ഇതിനിടെയാണ്‌ യുഡിഎഫുകാര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌തത്‌. സംഘര്‍ഷത്തില്‍ മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഫാത്തിമ വാഴയില്‍, പി എം സാജിദ്, ഡാലിയ ഗ്രേസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തിനുശേഷം പകല്‍ 11ന്‌ തുടങ്ങിയ കൗണ്‍സില്‍ യോഗത്തില്‍ ഉടനീളം പങ്കെടുത്ത മേയർ പി ഇന്ദിരയും ചികിത്സതേടി. ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയിച്ച്‌ മേയർ യോഗം വേഗം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ്‌ മേയർക്കും ക‍ൗൺസിലർമാർക്കും സംരക്ഷണം ഒരുക്കിയില്ലെന്ന്‌ യുഡിഎഫ്‌ ആരോപിച്ചു. ചികിത്സയിലുള്ള പ്രവര്‍ത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജന്‍, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എൽഡിഎഫ്‌ ജില്ലാ കൺവീനർ എന്‍ ചന്ദ്രന്‍, കെ പി സുധാകരന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.


ക‍ൗൺസിൽ യോഗം 
എൽഡിഎഫ്‌ ബഹിഷ്‌കരിച്ചു

കണ്ണൂർ

കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളെല്ലാം മുടക്കുന്ന കോർപറേഷന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ക‍ൗൺസിലർമാർ ക‍ൗൺസിൽ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനുമുന്പ്‌ അനുമതി വാങ്ങേണ്ട 79 അജൻഡകളുമായാണ്‌ ക‍ൗൺസിൽ ചൊവ്വാഴ്‌ച ചേർന്നത്‌. എൽഡിഎഫ്‌ ഉപരോധത്തിനിടെ പരിക്കേറ്റെന്നും ശാരീരിക അസ്വസ്ഥതയുണ്ടെന്നും പറഞ്ഞ്‌ മേയർ അജൻഡകളെല്ലാം ഓടിച്ച്‌ പാസാക്കുകയായിരുന്നു . 65 അജൻഡയെത്തിയപ്പോൾ ബാക്കിയെല്ലാം പാസാക്കിയെന്ന്‌ പറഞ്ഞ്‌ ക‍ൗൺസിൽ യോഗം അവസാനിപ്പിച്ചു. സമരത്തിനിടെ ഉന്തിലും തള്ളിലും മേയർ പി ഇന്ദിരയ്‌ക്കും ക‍ൗൺസിലർമാർക്കും പരിക്കേറ്റെന്ന്‌ കാണിച്ച്‌ അടിയന്തരപ്രമേയവും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home