ad
Deshabhimani

അഭിനയം ലഹരിയാക്കി കെ സി

കെ സി കൃഷ്ണൻ

കെ സി കൃഷ്ണൻ

avatar
പ്രകാശൻ പയ്യന്നൂർ

Published on Mar 02, 2026, 02:00 AM | 1 min read


പയ്യന്നൂർ

നഗരമാകെ ഉണരുംമുന്പ്‌ കെ സി കൃഷ്‌ണൻ കാൽനടയായി പയ്യന്നൂർ ട‍ൗണിലെത്തും. വർഷങ്ങളായുള്ള ഇ‍ൗ ജീവിതചര്യ എഴുപത്തിയൊന്പതുകാരനായ കൃഷ്‌ണന്‌ ജീവിതത്തിന്റെ ഭാഗമാണ്‌. അഭിനയത്തോടും രാഷ്ട്രീയത്തിനോടുമുള്ള ഇ‍ൗ അടുപ്പമാണ്‌ പുരോഗമന പക്ഷക്കാരനായ കൃഷ്‌ണന്റെ കരുത്ത്‌. 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ സഹനടനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചയാളുടെ ഫോട്ടോ വാർത്തകളിൽ നിറഞ്ഞപ്പോഴാണ്‌ പലരും തങ്ങളുടെവീട്ടിൽ പത്രവിതരണക്കാരനായി എത്തുന്നയാൾ ചില്ലറക്കാരനല്ലെന്നറിഞ്ഞത്‌. ‘ജൈവ’ത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 2025 ൽ കേരള സംഗീത നാടക അക്കാദമിയുടെ നാടക നടനുള്ള ഗുരുപൂജ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. 1995 മുതൽ ദേശാഭിമാനി ഏജന്റായ അദ്ദേഹത്തിന്‌ പത്രവിതരണം രാഷ്ട്രീയ–സാമൂഹ്യ പ്രവർത്തനത്തിന്റെതന്നെ ഭാഗമാണ്‌. അഭിനയം കെ സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെ സി കൃഷ്ണന് ലഹരിയാണ്. 12–ാംവയസ്സിൽ ബീഡിത്തൊഴിലാളിയായി. ഗണേഷ് ബീഡിയിൽ കോൺട്രാക്ടറായും പിന്നീട് ദിനേശ് ബീഡിയിൽ മേസ്ത്രിയായും ജോലി ചെയ്‌തു. ഫോർമാനായി വിരമിച്ചു. 1975 ൽ അരുണോദയം കലാസമിതിയുടെ വിഷക്കാറ്റ് നാടകത്തിലൂടെയാണ്‌ അരങ്ങേറ്റം. 1987 ൽ കരിവെള്ളൂർ മുരളിയുടെ ‘അവസാനക്കളി’ തെരുവു നാടകം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. സംഘചേതന, സംഗീത തീയറ്റേഴ്സ്, ശരവണഭവ നാട്യസദനം, പയ്യന്നൂർ സംഘം, ദിനേശ് തീയറ്റേഴ്സ് തുടങ്ങി കണ്ണൂർ, കാസർകോട് ജില്ലകളിലെ നാടക സംഘങ്ങളുടെയും ക്ലബ്ബുകളുടെയും നാടകങ്ങളിൽ വേഷമിട്ടു. തടാകം, കാനൽജലം, ഹിരണ്യ വനം, ഉദയസംക്രാന്തി, മാറ്റി വെച്ച തലകൾ തുടങ്ങി നൂറിലധികം നാടകങ്ങളിൽ വേഷമണിഞ്ഞു. എം ടി അന്നൂരിന്റെ കാൽചിലമ്പിലൂടെ സിനിമയിലേക്കും ചുവടുവച്ചു. നഖരം, അവനോവിലോന, അതിജീവനം, ബോൺസായി, പകർന്നാട്ടം, മധ്യവേനൽ, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. സുദീപ്തമാണ്‌ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അന്നൂരിലെ സി യശോദയാണ് ഭാര്യ. ശ്യാംലാൽ, പ്രേംലാൽ എന്നിവരാണ് മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home