മഞ്ഞപ്പിത്തം ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കും

കണ്ണൂർ
ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കാൻ ഡിഎംഒ പീയുഷ് എം നമ്പൂതിരിപ്പാട് നിർദേശം നൽകി. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് താലൂക്കിൽ ആരോഗ്യവകുപ്പ് കട ഉടമകൾക്കും പൊതുജനങ്ങൾക്കും ജാഗ്രത നിർദേശം നൽകി. തളിപ്പറമ്പ് താലൂക്കിൽ ഭക്ഷണം, കുടിവെള്ള പരിശോധന തീവ്രമാക്കും. ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്ന കടകളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം. ജില്ലാ സർവേലൻസ് ഓഫീസർ കെ സി സച്ചിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനക്ക് നേതൃത്വം നൽകും. ഭക്ഷണ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് വേണം. ഇല്ലെങ്കിൽ പിഴ ചുമത്തും . കുടിവെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകാവൂ. തണുത്ത പാനീയങ്ങൾ തയ്യാറാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമോ യുവി ഫിൽറ്റർ ചെയ്ത വെള്ളമോ ഉപയോഗിക്കുക, ജീവനക്കാർക്ക് ആരോഗ്യ പരിശോധന കാർഡ് ഉണ്ടാകണം. പൊതുജനങ്ങളും ആഹാരവും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പാക്കണം. ജില്ലയിലെ വിവിധ ടെക്സ്റ്റൈൽ, ജ്വല്ലറി സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്കും ശുദ്ധീകരിച്ച വെള്ളം നൽകണം. പരാതികൾ 9846 05 61 61 എന്ന നമ്പറിൽ വാട്സ്ആപ്പിൽ അറിയിക്കാം. ഫോട്ടോ, വീഡിയോ, മറ്റ് വിവരങ്ങൾ എന്നിവയും അയക്കാം.









0 comments