ad
Deshabhimani

കൈയടിക്കാം; തഹ്സിനും 
വളപട്ടണത്തിനും

വളപട്ടണത്ത് സ്ഥാപിച്ച തഹ്‌സിൻ മുഹമ്മദിന്റെ ഫ്ലക്സ്

വളപട്ടണത്ത് സ്ഥാപിച്ച തഹ്‌സിൻ മുഹമ്മദിന്റെ ഫ്ലക്സ്

avatar
ആദർശ്‌ ലക്ഷ്‌മണൻ

Published on Jun 07, 2026, 12:02 AM | 1 min read


വളപട്ടണം

ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിനായി തഹ്സിൻ മുഹമ്മദ് ബൂട്ടണിയുന്നതിന്റെ ആഹ്ലാദത്തിലാണ് ജന്മനാടും. തങ്ങൾവയലിലെ മൈതാനത്ത് പന്തുതട്ടിയ തഹ്സിൻ ലോകകപ്പിൽ ഖത്തറിനായി കളത്തിലിറങ്ങുമ്പോൾ വളപട്ടണത്തുകാർക്ക് ഇത് അഭിമാനനിമിഷം. കാൽപ്പന്തുകളിയുടെ ആവേശം സിരകളിൽ പടർന്ന വളപട്ടണത്തിന് സ്വപ്നതുല്യമായ നേട്ടം സമ്മാനിച്ച തഹ്സീൻ മുഹമ്മദിന്റെ ലോകകപ്പ് അരങ്ങേറ്റം ആഘോഷമാക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. മലപ്പുറം കഴിഞ്ഞാൽ ഫുട്ബോളിന്റെ ഈറ്റില്ലം എന്ന് കേളികേട്ട നാടാണ് സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണം. നിരവധി ഫുട്ബോൾ ക്ലബുകളുണ്ട്‌ ഇവിടെ. അനേകം താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. ധാരാളം ഫുട്ബോൾ താരങ്ങളെയും കോച്ചുകളെയും വളപട്ടണം സമ്മാനിച്ചിട്ടുണ്ട്. ലോകകപ്പിന് ആരവമുയർന്നാൽ വളപട്ടണത്ത് ഉത്സവപ്രതീതിയാണ്‌.‘ലോകകപ്പ് തഹ്സിൻ വളപട്ടണം ഫെസ്റ്റ്’ കൂട്ടായ്മ ഇതിനകം രൂപീകരിച്ചുകഴിഞ്ഞു. ലോകകപ്പ് തുടങ്ങുന്നതിന്‌ മുമ്പുതന്നെ വളപട്ടണം മുഴുവൻ ദീപാലങ്കൃതമാക്കും. കടകളിലും മറ്റ്‌ സ്ഥാപനങ്ങളിലും ബാനറുകളുയരും. ഞായറാഴ്ച വളപട്ടണം പൊലീസും വളപട്ടണത്തെ കളിക്കാരും തമ്മിലുള്ള സൗഹൃദ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ നടക്കും. വളപട്ടണം ടർഫിലാണ്‌ മത്സരം. 10ന് ആകർഷകമായ ഘോഷയാത്ര മന്നയിൽനിന്ന് തുടങ്ങി വളപട്ടണം സ്റ്റേഡിയത്തിൽ സമാപിക്കും. സ്‌കൂൾ വിദ്യാർഥികളും അക്കാദമികളിലെ ഫുട്ബോൾ താരങ്ങളും സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകളും സോക്കർ പ്രേമികളും ഘോഷയാത്രയിൽ അണിനിരക്കും. ദഫ്, കോൽക്കളി, അറബിക് ഡാൻസ്, കളരി അഭ്യാസം തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടും. ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. കളിക്കുമുമ്പും ഇടവേളകളിലും പെനാൽറ്റി ഷൂട്ടൗട്ട്, പ്രവചനമത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home