ad
Deshabhimani

ലഹരിക്കടത്തിലെ മുഖ്യപ്രതിയായ ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

സ്വരൂപ്‌
വെബ് ഡെസ്ക്

Published on Jan 23, 2026, 03:00 AM | 2 min read

എടക്കാട്

കണ്ണൂർ നഗരത്തിലും തോട്ടട പ്രദേശത്തും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യപ്രതി പിടിയിൽ. ആർഎസ്‌എസുകാരനായ അഴീക്കോട്‌ ആറാംകോട്ടത്തെ മൊടത്തി പാണയിൽ സ്വരൂപ്‌(38) ആണ്‌ പിടിയിലായത്‌. എടക്കാട്‌ പൊലീസ്‌ തലശേരിയിൽനിന്നാണ്‌ ഇയാളെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 2025 ആഗസ്‌തിൽ ആറ്റടപ്പയിൽ 141 ഗ്രാം എംഡിഎംഎയും 22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയ കേസിലാണ് അറസ്റ്റിലായത്. ചാല പന്ത്രണ്ടുകണ്ടിയിലും തോട്ടടയിലും മയക്കുമരുന്ന് വിൽപ്പനക്കാരന് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്‌ സ്വരൂപാണ്‌. 2008ൽ അഴീക്കോട് സിപിഐ എം പ്രവർത്തകൻ ധനേഷിനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ്. പാലക്കാട് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ തലശേരിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എടക്കാട് പ്രിൻസിപ്പൽ എസ്ഐ എൻ ദിജേഷ്, എൻ നിപിൻ വെണ്ടുട്ടായി, സുജിൻ അണ്ടലൂർ, നിധിൻ കീഴത്തൂർ, അഖിൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ക്വട്ടേഷൻ അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സ്വരൂപ്‌. ആറ്റടപ്പ നൂഞ്ഞിങ്കാവിന് സമീപത്തെ വിഷ്ണുവിന്റെ വീട്ടിൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വിഷ്ണുവിനെയും തുടരന്വേഷണത്തിൽ മറ്റൊരു പ്രതി സായൂജിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. കണ്ണൂർ നഗരത്തിലും തോട്ടട അടക്കമുള്ള പ്രദേശങ്ങളിലും മയക്കുമരുന്ന് എത്തിക്കുന്നത്‌ സ്വരൂപാണ്‌. സമൂഹമാധ്യമങ്ങളും ആഘോഷ പരിപാടികളുമാണ്‌ ലഹരി വിൽപ്പനയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. ഡിജെ പരിപാടിയോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പേജുകൾ ഉണ്ടാക്കിയാണ്‌ പ്രധാനമായും മയക്കുമരുന്ന് വിൽപ്പന. വാഹനം വാടകയ്ക്ക് എടുത്തുകൊടുത്തും ബംഗളൂരുവിലേക്ക് ട്രിപ്പ് വാഗ്ദാനം ചെയ്‌തുമാണ്‌ യുവാക്കളെ വലയിലാക്കുന്നത്‌. ബംഗളൂരുവിൽ കൂടെ കറങ്ങാൻ പോവുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യും. അവിടെനിന്ന്‌ മയക്കുമരുന്ന് സംഘടിപ്പിച്ച്‌ അതേ വാഹനത്തിൽ കയറ്റിവിടുകയാണ് പതിവ്. സ്വരൂപ് ട്രെയിൻ മാർഗം പാലക്കാടെത്തും. മയക്കുമരുന്ന് സുരക്ഷിതമായി കണ്ണൂരിൽ എത്തി എന്ന് ഉറപ്പു വരുത്തിയശേഷം യുവാക്കളുടെ വീട്ടിൽതന്നെ സൂക്ഷിക്കാൻ നിർദേശിക്കും. പിന്നീട് ആവശ്യക്കാരെ യുവാക്കളുടെ വീടുകളിലേക്ക് പറഞ്ഞയക്കും. വിൽപ്പനയിലും മറ്റും നേരിട്ട്‌ ഇടപെടാതെയാണ്‌ ഇയാളുടെ നീക്കങ്ങൾ. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി സ്വരൂപിന് മയക്കുമരുന്ന് കച്ചവടം ഉണ്ടെന്ന് ഉറപ്പുവരുത്തിയതിന്റെ അടിസ്ഥാനത്തിൽ എടക്കാട് പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് തെളിവുകൾ ശേഖരിച്ച്‌ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലടക്കം എടക്കാട് പൊലീസ് സംഘം നാലുമാസത്തിലധികം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 18 വയസ്സുമുതലുള്ള ഒട്ടേറെ യുവാക്കളെ മയക്കുമരുന്ന് വിൽപ്പനയുടെ കണ്ണികളാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. യുവാക്കളെ കണ്ടെത്തുന്നതിന്‌ പ്രതിയുടെ നേതൃത്വത്തിൽ ടെലഗ്രാം ഗ്രൂപ്പുകളും ഉള്ളതായി കണ്ടെത്തി. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്തു മറ്റ്‌ പ്രതികളെയും കണ്ടെത്തുമെന്ന്‌ എടക്കാട് ഇൻസ്‌പെക്ടർ കെ വി ഉമേശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home