ഡിജിറ്റൽ അറസ്റ്റ് ഭീഷണി: വയോധികനിൽനിന്ന് 90 ലക്ഷം തട്ടി

കണ്ണൂർ
ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽനിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. എളയാവൂർ സൗത്ത് സ്വദേശിയായ എഴുപത്തിരണ്ടുകാരനാണ് 90,35,564 രൂപ നഷ്ടമായത്. കുട്ടികൾക്ക് അശ്ലീല ചിത്രം അയച്ചുകൊടുത്തതിന്റെപേരിൽ ബംഗളൂരുവിൽ കേസ് എടുത്തതായി തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണംതട്ടിയത്. കേസിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും നേരിട്ടുള്ള അറസ്റ്റ് ഒഴിവാക്കാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യപ്പെട്ടും നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോൺവഴി മാർച്ച് മുതൽ ജൂലൈ ഒന്പതുവരെയുള്ള കാലയളവിലാണ് നിരന്തരമായി ഭയപ്പെടുത്തി പണം തട്ടിയത്. അറസ്റ്റ് വാറണ്ടും മറ്റും വാട്സ് ആപ് വഴി അയച്ചുകൊടുത്തതോടെ പരാതിക്കാരൻ ഒരു മാസ കാലയളവിനുള്ളിൽ പ്രതികൾ നൽകിയ വിവിധ അക്കൗണ്ട് നമ്പറുകളിലായി പണം അയച്ചു കൊടുക്കുകയായിരുന്നു. തട്ടിപ്പിൽപ്പെട്ടതാണെന്ന് മനസിലായതോടെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.










0 comments