സി വി ധനരാജ് വധം: വിചാരണ നാളെ തുടങ്ങും

പയ്യന്നൂർ
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. തളിപ്പറന്പ് അഡീഷണൽ ജില്ലാ കോടതിയിൽ ജില്ലാ ജഡ്ജ് കെ എൻ പ്രശാന്ത് മുന്പാകെയാണ് വിചാരണ. കേസിൽ 20 പ്രതികളാണുള്ളത്. 2016 ജൂലൈ 11ന് രാത്രി കല്ലേറ്റുംകടവിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ധനരാജിനെ പിന്തുടർന്ന് കാരന്താടുവരെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ ആർഎസ്എസ് ക്രിമിനൽ സംഘമാണ് വീടിന് സമീപംവച്ച് വെട്ടിയത്. രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയ ധനരാജിനെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് നിരവധി തവണ വെട്ടുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരായ എട്ടിക്കുളം മൊട്ടക്കുന്നിലെ ടി പി ബിജു, എം വിപിൻ, എം വൈശാഖ്, സി സുകേഷ്, സി സുകേഷ്, കെ അനൂപ്, പണ്ഡാരവളപ്പിൽ രാജേഷ്, കെ എം ബിജു എന്ന ആലക്കാട്ട് ബിജു, പി രാജേഷ് കുമാർ, കെ മനൂപ്, സി ഷൈജു, സി ബിജു, പി ധനേഷ്, പി പി രാജീവൻ, കെ മധു, എസ് ആർ അജീഷ്, തന്പാൻ മണിയേരി, പി രമേശൻ, എം, എ വി നിജേഷ്, ലിജിൻ എന്നീ 20 പേരാണ് പ്രതികൾ. അന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പിയായിരുന്ന വി മധുസൂദനനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.










0 comments