ad
Deshabhimani

കിങ്‌ നാട്ടിൽ! എന്തുകൊണ്ട്‌?

ഫൈസൽ വിളക്കോട് പിടികൂടിയ രാജവെമ്പാലയുമായി (ഫയൽചിത്രം)

ഫൈസൽ വിളക്കോട് പിടികൂടിയ രാജവെമ്പാലയുമായി (ഫയൽചിത്രം)

avatar
മനോഹരൻ കെെതപ്രം

Published on Jul 12, 2026, 02:00 AM | 2 min read

ഇരിട്ടി

വന്യ സൗന്ദര്യത്തിന്റെ പ്രതീകമാണ് രാജവെമ്പാല. കണ്ടാൽ കണ്ണെടുക്കാൻ പറ്റാത്ത തരത്തിലാണ് ശ‍ൗര്യം. മൂർഖനേക്കാളുള്ള തലയെടുപ്പും ഫണം വിടർത്തിയുള്ള ഗൗരവത്തിലുള്ള നിൽപ്പും നമ്മളിൽ പാദം മുതൽ ശിരസ്സുവരെ ഭീതിയുടെ തരിപ്പു പടർത്തും. ജില്ലയുടെ വനാതിർത്തി ഗ്രാമങ്ങളിലെമ്പാടും രാജവെമ്പാലകൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. പാമ്പ് രാജാവ് കാട് വിട്ട് നാട്ടിലിറങ്ങുന്നതിന്റെ പൊരുൾ തേടുകയാണ് ഗവേഷകർ. എറണാകുളം ജില്ലയിലാണ്‌ ഇത്തവണ കൂടുതൽ ഇറങ്ങിയത്‌. പോയവർഷം ജനവാസ മേഖലകളിൽ എത്തിയ 70 രാജവെമ്പാലകളെ പിടികൂടി വനംവകുപ്പ് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെത്തിച്ച് വിട്ടയച്ചു. വയനാട്ടിൽ 68, കണ്ണൂരിൽ 61 വീതം രാജവെമ്പാലകളെയാണ് ഇക്കാലത്ത്‌ പിടികൂടിയത്. ഈ വർഷത്തെ കണക്കെടുപ്പിൽ ഇതേവരെ ജില്ലയിലാണ് വല്ലാത്ത നിലയിൽ രാജവെമ്പാലകൾ നാട്ടിലിറങ്ങിയത്‌. ജനവാസ മേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ രാജവെമ്പാലകളുടെ ഭക്ഷണ വിഭവമായ ചേരപ്പാമ്പുകളെ തേടിയാണ് ഇവയുടെ വരവെന്നാണ് നിഗമനം. ​

അടുക്കളമുതൽ 
ശുചിമുറിവരെ

വിറകുപുരകളിലാണ് ആറളം, അയ്യങ്കുന്ന് മേഖലകളിൽ ഈ വർഷം രാജവെമ്പാലകൾ കയറിക്കൂടിയത്. ആറളം ഫാം ആദിവാസി മേഖലയിലെ വീടുകളിലെ ശുചി മുറികൾ, തട്ടിൻ പുറങ്ങൾ എന്നിവിടങ്ങളിലും ഇവ എത്തി. വള്ളിത്തോടിൽ മുജീബ് കുഞ്ഞിക്കണ്ടിയുടെ വീട്ടുപടിക്കലാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ രാജവെമ്പാല നീണ്ടുനിവർന്ന് രണ്ടുമണിക്കൂറോളം വീട്ടുകാരെ ആശങ്കയുടെ "തടവി"ലാക്കിയത്. രാജാവല്ലേ, ഗംഭീര സംയമനമായിരുന്നുവെന്നാണ് മുജീബ് പിന്നീട് പ്രതികരിച്ചത്.

മലയോരത്തിന്റെ "വാവ സുരേഷ്"

മലയോരത്തെത്തിയ രാജവെമ്പാലകളെയെല്ലാം പരിക്കും പോറലുമേൽക്കാതെ പിടികൂടി നീളൻ കറുത്ത സഞ്ചിയിൽ മടക്കിക്കൂട്ടി സുരക്ഷിതമായി വനത്തിൽ വിട്ടയക്കാനൊരു രക്ഷകൻ, -വനം വകുപ്പ് താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്ടുണ്ട് നാടിനൊപ്പം. നാലുവർഷങ്ങളായി പാമ്പുകൾക്കും നാട്ടുകാർക്കും തുണയാണീ യുവാവ്. നാല്‌ വർഷത്തിനകം 4600 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടയച്ചു. 2025 -– 26 കാലയളവിൽ 125 രാജവെമ്പാലകളെ പിടികൂടിയെന്നത് വാവാ സുരേഷിനെ ഓർമിപ്പിക്കുന്നു. കേളകം മുതൽ കൂട്ടുപുഴ വരെയുള്ള വനാതിർത്തി പ്രദേശങ്ങളിലെ പറമ്പുകൾ, വിടുകൾ, വിറക് പുരകൾ, കയ്യാല, കല്ലുകെട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഫണം വിടർത്തി കാട്ടി നാടിനെ പേടിപ്പിച്ച രാജാക്കന്മാരെയെല്ലാം ഫൈസൽ വരുതിയിലാക്കി വനത്തിൽ വിട്ടു. വനം വകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ തൊട്ട് ഉന്നത മേധാവികൾ വരെ ഫൈസലിന്റെ പ്രവർത്തനങ്ങൾക്ക് സഹായ നിർദ്ദേശങ്ങളുമായുണ്ട്. മിറാജ് പേരാവൂരിനെപ്പോലുള്ള മാർക്ക് പ്രവർത്തകരും ഫൈസലിനൊപ്പം ഭീകര സൗന്ദര്യ ജീവിയെ വരുതിയിലാക്കാൻ ഒപ്പമുണ്ട്. ശബാനയാണ് ഫൈസലിന്റെ ഭാര്യ. മുഹമ്മദ്‌ ശാസിൽ, ആയിഷ ഐമിൻ എന്നിവർ മക്കൾ. വിളിക്കാം: 9605990128.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home