പെൺവായന മൂന്നാംപതിപ്പ് ഒരുങ്ങുന്നു
വായനക്കെന്തൊരു ചന്തമാണ്

മയ്യിൽ
വായിക്കുന്നതിനിടയിൽ വലിയൊരു ശതമാനം സ്‌ത്രീകൾക്കും എത്രവട്ടം പുസ്‌തകം താഴെ വയ്‌ക്കേണ്ടിവരും? അടുക്കളയിൽ പ്രഷർകുക്കറിന്റെ വിസിൽ മുഴങ്ങുന്പോഴും കുഞ്ഞുണർന്ന് കരയുന്പോഴും അങ്ങനെയങ്ങനെ എത്രവട്ടം. ഇൗ വെല്ലുവിളികളെയെല്ലാം മറികടന്ന് വായനയെ ഒപ്പംകൂട്ടാൻ ചലഞ്ച് ചെയ്യാമോ? അവനവന്റെ സന്തോഷത്തിനായി അന്പത് പുസ്‌തകമെങ്കിലും ഒരുവർഷം വായിച്ച് ഒപ്പം ചേരാമോ? എങ്കിൽ അവർക്കുള്ളതാണ് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിന്റെ ‘പെൺവായന’. അന്പത് പുസ്‌തകം വായിച്ച് അന്പത് വായനക്കുറിപ്പുകൾ എഴുതുന്നവർക്കെല്ലാം സമ്മാനമായി വൺഡേ ടൂറടിക്കാം. സ്‌ത്രീകളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി ഒരുക്കുന്ന പെൺവായനയുടെ മൂന്നാംപതിപ്പിന് ജൂൺ ഒന്നിന് തുടക്കമാകും. ലൈബ്രറിയിൽ അംഗത്വമെടുത്ത് ജില്ലയിലുള്ള ആർക്കും പെൺവായനയുടെ ഭാഗമാകാം. പങ്കെടുന്നവർ 2027 മെയ് 31നകം അന്പത് പുസ്‌തകം വായിച്ചിരിക്കണം. വായിക്കുന്ന പുസ്‌തകങ്ങൾക്കെല്ലാം വായനക്കുറിപ്പ് തയ്യാറാക്കി ഓരോ മാസവും ലൈബ്രറിക്ക് കൈമാറണം. പെൺവായനക്കാരുടെ സംഗമത്തിൽ പുസ്‌തകാസ്വാദനം സദസ്സിന് മുന്പാകെ അവതരിപ്പിക്കാനും അവസരമുണ്ട്. മികച്ച വായനക്കുറിപ്പുകൾക്ക് പ്രതിമാസ സമ്മാനവുമുണ്ട്. ലൈബ്രറി പരിധിയിലെ വീടുകളിൽ മൊബൈൽ ലൈബ്രറിയൻ പുസ്‌തകം എത്തിച്ചുനൽകും. മൊബൈൽ ലൈബ്രറി പദ്ധതി അംഗങ്ങൾക്കും പദ്ധതിയിൽ ചേരാം. ഫോൺ: 7558814977.











0 comments