ad
Deshabhimani

പരീക്ഷാഹാളിൽ 
‘പഞ്ചരത്‌ന’ത്തിലെ പ്രിയപ്പെട്ടവർ

ഒറ്റ പ്രസവത്തിൽ പിറന്ന  സഹോദരങ്ങളായ  നീനു, നയന,  നിയ, നന്ദകൃഷ്ണ എന്നിവർ എസ്‌എസ്‌എൽസി പരീക്ഷക്കുള്ള  തയ്യാറെടുപ്പിൽ

ഒറ്റ പ്രസവത്തിൽ പിറന്ന സഹോദരങ്ങളായ നീനു, നയന, നിയ, നന്ദകൃഷ്ണ എന്നിവർ എസ്‌എസ്‌എൽസി പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ

avatar
ബബിഷ ബാബു

Published on Mar 12, 2026, 02:30 AM | 1 min read

തലശേരി

ചിരിച്ചും കളിച്ചും പരീക്ഷാഹാളിൽനിന്നിറങ്ങിവരുന്ന നാൽവർ സംഘം കതിരൂർ ജിവിഎച്ച്എസ്എസിലെ കൗതുകക്കാഴ്ചയാണ്. പത്താംക്ലാസ്‌ എ ഡിവിഷനിലെ ഒരേ ക്ലാസിലിരുന്ന് എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്ന സഹോദരങ്ങൾ അധ്യാപകരിലും സഹപാഠികളിലും ഒരുപോലെ ക‍ൗതുകമുണർത്തുന്നു. ഒറ്റപ്രസവത്തിൽ പിറന്ന നാലുപേരും ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചാണ്‌. കതിരൂർ മലാൽ കുറ്റ്യേരിച്ചാലിലെ പഞ്ചരത്നം വീട്ടിൽ സി മധുവിന്റെയും കെ പ്രഭയുടെയും മക്കളായ സി നീനു, നയന, നിയ, നന്ദകൃഷ്ണ എന്നിവരാണ് പരീക്ഷാക്കാലത്തെ താരങ്ങൾ. ​ഏഴുമാസം ഗർഭിണിയായിരിക്കെയാണ്‌ പ്രഭയുടെ പ്രസവം. കുഞ്ഞുനാളിലെ ആരോഗ്യപ്രതിസന്ധികളെ അതിജീവിച്ച് വളർന്ന സഹോദരങ്ങൾ പഠനത്തിൽ ഏറെ മുന്നിലാണ്. വീട്ടിലായാലും ട്യൂഷൻ ക്ലാസിലും പഠനസംബന്ധമായ സംശയങ്ങൾ പരസ്പരം ചോദിച്ച്‌ മനസ്സിലാക്കും. എല്ലാവരും മികച്ച വിജയം കൈവരിക്കുമെന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുമെന്നുമാണ് അധ്യാപകരുടെ പ്രതീക്ഷ. എപ്പോഴും ഒരുമിച്ചാണെങ്കിലും ഇവർക്ക് സ്കൂളിൽ മറ്റ്‌ സുഹൃത്തുക്കളാണ് കൂട്ട്. സ്നേഹവും ഐക്യവും പുലർത്തുമ്പോഴും കുസൃതി നിറഞ്ഞ തല്ലുകൂടലിന്‌ വീട്ടിൽ തെല്ലും കുറവില്ലെന്ന് പ്രഭ പറയുന്നു. ​ അഞ്ച് മക്കളുള്ള വീടിന് പഞ്ചരത്നം എന്നാണ് പേര്. അവസാന വർഷ ബിരുദ വിദ്യാർഥിയായ സി നവനീത്‌ ജ്യേഷ്ഠനാണ്‌. ഭാവിസ്വപ്നങ്ങളുടെ കാര്യത്തിൽ നാലുപേരും നാലു വഴികളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നീനുവിന് പൊലീസ് യൂണിഫോമിനോടാണ് പ്രിയം. നയനയ്‌ക്ക്‌ നഴ്സാകണം. നിയക്ക്‌ ഡോക്ടറും. നന്ദകൃഷ്ണ ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തോടാണ്‌ താൽപര്യം. കതിരൂർ സ്കൂളിലെ കൗതുകം ആ നാൽവർ സംഘത്തിൽ ഒതുങ്ങുന്നില്ല. അവർക്കൊപ്പം മറ്റ് അഞ്ച് ഇരട്ടകൾകൂടി ഇത്തവണ പത്താം ക്ലാസ് പരീക്ഷാഹാളിലുണ്ട്. വിദ്യാലയ മുറ്റത്ത് ഒരേ മുഖച്ഛായയോടെയും ചിരിയോടെയും നടന്നുനീങ്ങുന്ന ഇവരെ തിരിച്ചറിയാൻ സഹപാഠികളും അധ്യാപകരും പലപ്പോഴും പ്രയാസപ്പെടാറുണ്ട്. ആയിഷ സഫ– - ഫാത്തിമ മർവ, റിയ ഫാത്തിമ– - സിയ ഫാത്തിമ, നൂറുന്നിസ– - ആലിയന്നിസ, അമീന ഫൈസൽ– - അമാന ഫൈസൽ, ദിയനന്ദ് - –ദേവനന്ദ് എന്നിവരാണ്‌ സ്കൂളിലെ മറ്റ് ഇരട്ടകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home