ad
Deshabhimani

വിഷുത്തിരക്കിൽ നഗരം

വിഷുത്തലേന്ന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിൽ അനുഭവപ്പെട്ട തിരക്ക്
വെബ് ഡെസ്ക്

Published on Apr 15, 2026, 02:30 AM | 1 min read

കണ്ണൂർ

കാർഷിക സമൃദ്ധികളുടെയും പുത്തൻ പ്രതീക്ഷകളുടെയും പൊൻകണിയൊരുക്കി കണ്ണൂർ നഗരം. വിഷുവിനോടനുബന്ധിച്ച്‌ ഏതാനും ദിവസങ്ങളായി അനുഭവപ്പെട്ട തിരക്ക്‌ ചൊവ്വാഴ്‌ച പാരമ്യത്തിലെത്തി. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെല്ലാം പുലർച്ചെമുതൽ ജനനിബിഡമായിരുന്നു. നഗരത്തിലെ പ്രമുഖ ടെക്‌സ്റ്റെൈൽസ്‌, ജ്വല്ലറി, ഇലക്‌ട്രോണിക്‌സ്‌ സ്ഥാപനങ്ങളെല്ലാം ആകർഷക ഓഫറുകളുമായാണ്‌ ഉപഭോക്താക്കളെ സ്വീകരിച്ചത്‌. ഗൃഹോപകരണ വിപണിയിൽ എക്സ്‌ചേഞ്ച്‌ ഓഫറുകളും ലക്കി ഡ്രോകളും പ്രമുഖ ബ്രാൻഡുകൾ അവതരിപ്പിച്ചു. പൊലീസ്‌ മൈതാനിയിൽ ഒരുക്കിയ വിഷു വിപണന മേളകയിലും വലിയ ജനപങ്കാളിത്തമുണ്ടായി. തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും കരക‍ൗശല വസ്‌തുക്കളുമെല്ലാം മിതമായ നിരക്കിൽ ലഭ്യമായത്‌ സാധാരണക്കാർക്ക്‌ ആശ്വാസമായി. ചില സ്റ്റാളുകളിൽ കണിക്കൊപ്പം വയ്‌ക്കാനുള്ള ഉണ്ണിയപ്പങ്ങളും നിരന്നു. നഗരത്തിലെ വഴിയോരക്കച്ചവടവും സജീവമായിരുന്നു. വിഷുക്കണിക്കാവശ്യമായ പച്ചക്കറികളും ഫലവർഗങ്ങളും വാങ്ങാൻ വൻ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ഇത്തവണ പ്ലാസ്റ്റിക്‌ കണിക്കൊന്നകൾക്കും ആവശ്യക്കാരേറെയായിരുന്നു. വാടാത്ത പൂക്കളും സൂക്ഷിച്ചുവയ്‌ക്കാമെന്ന സ‍ൗകര്യവും കണക്കിലെടുത്ത്‌ നഗരത്തിലെ ഫാൻസി കടകളിലും വഴിയോര വിപണികളിലും പ്ലാസ്റ്റിക്‌ കൊന്നപ്പൂക്കൾ വൻ തോതിൽ വിറ്റഴിഞ്ഞു. ആഘോഷത്തിന്‌ മാറ്റുകൂട്ടാൻ നഗരത്തിലെ പടക്ക വിപണിയും സജീവമായി. ഇത്തവണ കൂടുതൽ സ്റ്റാളുകൾക്ക്‌ ലൈസൻസ്‌ ലഭിച്ചതോടെ വിപണിയിൽ കടുത്ത മത്സരമാണ്‌ നടക്കുന്നത്‌. ഉപഭോക്താക്കളെ ആകർഷിക്കാൻ സമൂഹമാധ്യമങ്ങൾ വഴിയുള്ള ആകർഷക പരസ്യങ്ങളും കടയുടമകൾ വ്യാപകമാക്കിയിട്ടുണ്ട്‌. തിരക്ക്‌ വർധിച്ചതോടെ കാൾട്ടെക്‌സ്‌ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഇടപെടലുകൾ ഉണ്ടായെങ്കിലും വാഹനങ്ങളുടെ ആധിക്യം വെല്ലുവിളിയായി. രാത്രി ഏറെ വൈകിയിട്ടും കൈ നിറയെ വിഷുവിഭവങ്ങളുമായി മടങ്ങുന്നവരെക്കൊണ്ട്‌ നഗരം സജീവമായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home