"ഹോപ്പു'ണ്ട് ജീവിതത്തിൽ

കരുവഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പിന്റെ ഒപി വിഭാഗം
നൗഷാദ് നടുവിൽ
Published on Jan 16, 2026, 02:15 AM | 1 min read
ആലക്കോട്
സാന്ത്വന പരിചരണത്തിൽ രണ്ടുപതിറ്റാണ്ടായി മാതൃകാപരമായി ഇടപെടുന്ന ഒരുസ്ഥാപനമുണ്ട് ആലക്കോട്. കരുവഞ്ചാലിലെ " ഹോപ്പ് ആലക്കോട് ’ കൂട്ടായ്മ സാന്ത്വന പരിചരണരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. രോഗാതുരതയുടെയും പരാശ്രയത്തിന്റെയും വാർധക്യത്തിൽ അനാഥരായവർ, അപകടങ്ങളിൽപെട്ട് നട്ടെല്ല് തകര്‍ന്നവര്‍, പക്ഷാഘാതം വന്ന് തളര്‍ന്നവര്‍, മറ്റുരോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർക്ക് ആശ്രയവും പ്രതീക്ഷയുമായി മാറിയിരിക്കുകയാണ് കരുവഞ്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹോപ്പ് ആലക്കോട്’. വിരമിച്ചവര്‍, ജോലി ചെയ്യുന്നവര്‍, കച്ചവടക്കാര്‍ തുടങ്ങി 120 അംഗങ്ങളുള്ള ഹോപ്പില്‍ 30 പേര്‍ എല്ലാ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഏതുസമയത്തും സജീവമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 16 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ചെറുപുഴ മുതല്‍ എരുവേശ്ശി വരെയുള്ള ഏഴ് പഞ്ചായത്തുകളില്‍ വീടുകള്‍ സന്ദര്‍ശിച്ചും രോഗീപരിചരണ രീതി കുടുംബാംഗങ്ങളെ പഠിപ്പിച്ചും ഇവർ സജീവമാണ്. വീല്‍ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ്, വാക്കര്‍, നെബുലൈസര്‍, ഓക്സിജന്‍ ഉപകരണങ്ങള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യുന്നു. കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസും ഒപി വിഭാഗവുമുണ്ട്. അഞ്ച് ഐപി റൂമുകളും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ സ്വദേശി ഡോ. കെ കെ ലതീഷ് കുമാര്‍ 20 വര്‍ഷമായി മാസത്തില്‍ രണ്ട് തവണ ഇവിടെയെത്തി സൗജന്യമായി രോഗികളെ പരിശോധിക്കുന്നു. പാലിയേറ്റീവ് പരിശീലനം കിട്ടിയ ഡോക്ടര്‍, നേഴ്സ്, വളണ്ടിയർമാർ എന്നിവരടങ്ങിയ ടീം എല്ലാ സേവനങ്ങളും ഔഷധങ്ങളും സൗജന്യമായാണ് നല്‍കുന്നത്. റിട്ട. അധ്യാപകന്‍ കെ ഡി ജോസഫ് കണ്ടത്തില്ലാണ് ഹോപ്പിന്റെ സ്ഥാപകൻ. ആരോഗ്യമേഖലയില്‍നിന്ന് വിരമിച്ച കരുവഞ്ചാല്‍ സ്വദേശി മാത്യു വാഴയില്‍ (സെക്രട്ടറി), റിട്ട. അധ്യാപകനും കരുവഞ്ചാല്‍ സ്വദേശിയുമായ പി ഒ വര്‍ക്കി പാഴുത്തടത്തില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ചിട്ടിനടത്തിയും സമാന ചിന്താഗതിക്കാർ നല്‍കുന്ന സഹായവും സ്വരൂപിച്ചാണ് ഇപ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.








0 comments