കുതിക്കും കൂത്തുപറമ്പ്

ഷാജിത്ത് കെ ആന്പിലാട്
Published on Dec 02, 2025, 02:30 AM | 1 min read
കൂത്തുപറമ്പ്
കായിക മേഖലയ്‌ക്ക് കുതിപ്പുപകരാൻ ചെറുവാഞ്ചേരി, ആയിത്തറ, ഞാലിൽ എന്നിവിടങ്ങളിൽ മിനിസ്‌റ്റേഡിയം ഉയരുന്നു. ചെറുവാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്തിനൊപ്പം സർക്കാരും ജനങ്ങളും കൈകോർത്ത് ആറുകോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയം ഉയരുന്നത്. ഒരുനാടിന്റെയാകെ കായികസ്വപ്‌നങ്ങൾക്ക് ചിറകുവിരിക്കാൻ കൂത്തുപറന്പ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം വഹിക്കുന്നു. പാട്യം സാമൂഹികാരോഗ്യകേന്ദ്രം, ചിറ്റാരിപ്പറന്പ് പിഎച്ച്‌സി എന്നിവിടങ്ങളിൽ കെട്ടിടങ്ങളും ആധുനികസൗകര്യങ്ങളും ഒരുക്കി. കെട്ടിട നിർമാണം അന്തിമഘട്ടത്തിലാണ്. ക്ഷീരമേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സംസ്ഥാനതല പുരസ്‌കാരവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്. ഒട്ടനവധി വികസനപദ്ധതികൾ നടപ്പാക്കിയാണ് കഴിഞ്ഞ ഭരണസമിതി അധികാരമൊഴിഞ്ഞത്. കോട്ടയം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് . തൃപ്രങ്ങോട്ടൂർ ഒഴികെ എല്ലാ പഞ്ചായത്തുകളും എൽഡിഎഫിന്റെ ശക്തികേന്ദ്രമാണ്. നിലവിൽ 13 ഡിവിഷനിൽ എട്ടിടത്ത് സിപിഐ എം, സിപിഐ ഒന്ന്, എൽജെഡി, ലീഗ് രണ്ട് വീതം സീറ്റുണ്ട്. 1995ൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത് മുതലിങ്ങോട്ട് എൽഡിഎഫാണ് ഭരണത്തിൽ. സ്വന്തമായി കെട്ടിടം നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് കൂത്തുപറമ്പ്. ബ്ലോക്ക് പഞ്ചായത്തിലെ സർവതല സ്പർശിയായ വികസനക്ഷേമ പദ്ധതികൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിന്റെയും ഭരണ പ്രതിപക്ഷ പ്രാദേശിക ഭേദമില്ലാതെ വികസനമെത്തിച്ചതിന്റെയും ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്.
കക്ഷിനില
എൽഡിഎഫ്–9 യുഡിഎഫ്–4










0 comments