വിനീഷ് ഒരുക്കി പാതയോരത്ത് പൂവസന്തം

കൊളശ്ശേരി ടൗണിൽ വിനീഷ് ഒരുക്കിയ പൂന്തോട്ടം
ബബിഷ ബാബു
Published on May 04, 2026, 02:00 AM | 1 min read
തലശേരി
നാട് ഉറക്കമുണരുന്നതിനുംമുന്പേ കൊളശേരി ബൈപ്പാസിന് താഴെ വിനീഷ് എത്തും. കൈയിലൊരു ബക്കറ്റും വെള്ളവുമായി തന്റെ പ്രിയപ്പെട്ട ചെടികൾക്കരികിലേക്ക്. പകലന്തിയോളം ഗുഡ്സ് ഓട്ടോയുടെ വളയം പിടിക്കുന്നതിനിടയിലും പ്രകൃതിയെ ഹരിതാഭമാക്കാൻ സമയം കണ്ടെത്തുകയാണ് ഇദ്ദേഹം. കൊളശേരി വാഴയിൽ ഹൗസിൽ പി കെ വിനീഷ് ഒരുക്കിയ ഈ വഴിയോര ഉദ്യാനം ഇന്ന് നാടിനാകെ കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. തലശേരി- മാഹി ബൈപ്പാസ് റോഡ് കടന്നുപോകുന്ന കൊളശ്ശേരി ടൗണിലെ ഏകദേശം 200 മീറ്ററോളം വരുന്ന സ്ഥലം ഒരുകാലത്ത് മാലിന്യം തള്ളുന്ന സ്ഥലമായിരുന്നു. ഇവിടെ, സ്വന്തം കൈയിൽനിന്ന് പണമെടുത്ത് സ്ഥലം വൃത്തിയാക്കിയ വിനീഷ് ആദ്യം വെണ്ട, വഴുതിന, ചീര, പാവയ്ക്ക, മുള്ളങ്കി, കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തു. ഇവയിൽനിന്ന് മികച്ച വിളവ് ലഭിച്ചതോടെ വാഴകൃഷിയിലേക്കും തിരിഞ്ഞു. ഒരു വർഷം മുന്പാണ് പച്ചക്കറി കൃഷിയിൽ നിന്ന് പൂന്തോട്ടം എന്ന ആശയത്തിലേക്ക് വിനീഷ് മാറുന്നത്. ശുചിത്വമുള്ള ഇടങ്ങളിൽ ആരും മാലിന്യം തള്ളില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ മാറ്റം. നിലവിൽ ചെണ്ടുമല്ലി, ചെത്തി, തുളസി, കടലാസ് പൂക്കൾ, ചെമ്പരത്തി, കോളാമ്പി പൂവ്, മഞ്ഞ മല്ലിക, നാലുമണിപ്പൂ, റോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പൂക്കളാൽ സമൃദ്ധമാണ് ഈ പാതയോരം. കൊളശ്ശേരി ടൗണിലെ പാതയോരങ്ങളിൽ തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചതും വിനീഷാണ്. രാവിലെ അഞ്ചിനും വൈകിട്ട് അഞ്ചിനുശേഷവും ചെടികൾ പരിചരിക്കും. കരയത്തിൽ നാരായണൻ മെമ്മോറിയൽ ലൈബ്രറിയിൽനിന്നുമാണ് ചെടികൾ നനയ്ക്കാനുള്ള വെള്ളം ശേഖരിക്കുന്നത്. വിനീഷിന്റെ പരിശ്രമത്തിന് പിന്തുണയുമായി നാട്ടുകാരും ലൈബ്രറി പ്രവർത്തകരും ഒപ്പമുണ്ട്. ചെടിച്ചട്ടികളും വിത്തുകളും തൈകളും നൽകി അവർ വിനീഷിനെ പ്രോത്സാഹിപ്പിക്കുന്നു. വഴിയാത്രക്കാർക്ക് കൗതുകമായ ഈ പൂന്തോട്ടത്തിലെ ഒരു തൈ പോലും ആരും നശിപ്പിക്കാറില്ലെന്നത് വിനീഷിന്റെ പ്രയത്നത്തിന് നാട് നൽകുന്ന അംഗീകാരമാണ്.










0 comments