ജില്ലാ ആയുർവേദ ആശുപത്രി: നവീകരിച്ച കോസ്‌മെറ്റിക് ക്ലിനിക്കിൽ തിരക്കേറുന്നു
എന്തൊരു തിളക്കം!

ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിലെ കോസ്‌മെറ്റിക് ക്ലിനിക്ക്

സ്വന്തം ലേഖകൻ
Published on Jul 14, 2026, 02:05 AM | 2 min read
കണ്ണൂർ
സൗന്ദര്യസംരക്ഷണം കണ്ടമാനം കാശ് പൊടിയുന്ന ഇടപാടാണ്. ഒരു ഫേഷ്യലിനുപോലും മൂവായിരമോ നാലായിരമോ കീശയിൽനിന്ന് പോകും. തലമുടി തൊട്ടാൽ അതിലുമധികം കാശുതീരും. സ്‌ത്രീകളിൽ പലരും സൗന്ദര്യത്തെ അതിന്റെ പാട്ടിന് വിടുന്നത് പണച്ചെലവോർത്താണ്. മുടികൊഴിച്ചിലോ മുഖക്കുരുവോ മുഖത്തെ പാടുകളോ ചികിത്സിക്കാൻ കാശുമാത്രമല്ല പ്രശ്‌നം, പലയിടത്തെയും ഏർപ്പാടുകൾ ശാസ്‌ത്രീയമാണെന്ന് ഒരുറപ്പുമില്ല. ഇവർക്കെല്ലാം ധൈര്യമായി വരാവുന്ന ഇടമുണ്ട്. ജില്ലാ പഞ്ചായത്തിനുകീഴിൽ താണയിൽ പ്രവർത്തിക്കുന്ന ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിലെ നവീകരിച്ച കോസ്‌മെറ്റിക് ക്ലിനിക്ക്. ഹൈടെക് ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളുണ്ട് ക്ലിനിക്കിൽ. സംസ്ഥാനത്ത് സർക്കാർ തലത്തിലെ ആദ്യ ആയുർവേദ കോസ്‌മെറ്റിക് ക്ലിനിക്കാണിത്. 2016ൽ തുടങ്ങിയ ക്ലിനിക്കിന്റെ സേവനം അരലക്ഷത്തിലധികംപേർ പ്രയോജനപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പണം മുടക്കി നവീകരിച്ച കോസ്‌മെറ്റിക് ക്ലിനിക്ക് ജൂൺ 19നാണ് തുറന്നത്. സ്വകാര്യസ്ഥാപനങ്ങളുടെ പാതിയോ നാലിലൊന്നോ പണച്ചെലവിലാണ് സേവനങ്ങൾ. ഫേഷ്യലിന് 300 മുതൽ 1,000 രൂപവരെയും ഹെയർ ട്രീറ്റുമെന്റുകൾക്ക് 400മുതൽ 1,000 വരെയുമാണ് നിരക്ക്. 100രൂപയുടെ ഒപി ടിക്കറ്റിന് നാലുവട്ടം ക്ലിനിക്കിലെത്താം. രക്തം പരിശോധിച്ചാണ് പലപ്പോഴും ചികിത്സ തീരുമാനിക്കുക. അകാലനര, താരൻ, അരിന്പാറ തുടങ്ങിയവക്കെല്ലാം ചികിത്സയുണ്ട്. വിവാഹിതരാവാൻ പോകുന്നവർക്ക് ‘ബ്രൈഡൽ ട്രീറ്റ്‌മെന്റ്’ ഉണ്ട്. മണവാട്ടിയെ അടിപൊളിയായി ഒരുക്കിയെടുക്കാൻ ആറുമാസമെങ്കിലും മുന്പേ ക്ലിനിക്കിലെത്തണം. 7 ദിവസം സേവനം ഞായറാഴ്‌ചകളിൽ ഉൾപ്പെടെ രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ് ഒപി. പെഡിക്യൂർ, മാനിക്യൂർ പോലുള്ള അപൂർവം സേവനങ്ങൾക്ക് ബുക്കിങ് വേണം. റോസ് ഫേഷ്യൽ, ഞവര ഫേഷ്യൽ, കുങ്കുമാദി തൈലം ഫേഷ്യൽ, മെഡി ഫേഷ്യൽ, നോർമൽ ഫേഷ്യൽ, ഫ്രൂട്ട് ഫേഷ്യൽ, വെജ് ഫേഷ്യൽ, ഗാൽവാനിക് ഫേഷ്യൽ, വെജ്‌പീൽ ഫേഷ്യൽ എന്നിങ്ങനെ പലതരമുണ്ട് ഫേഷ്യലുകൾ. ഹെന്ന, ഹെയർ സ്‌പാ, ഹൈ ഫ്രീക്വൻസി ട്രീറ്റ്‌മെന്റ് എന്നിവയുമുണ്ട്. മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനുമുള്ള പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്‌മ (പിആർപി) ചികിത്സക്കായും ധാരാളം പേരെത്തുന്നു. മുടികൊഴിച്ചിലിന് ഹോട്ട് ഓയിൽ ട്രീറ്റ്‌മെന്റും ലഭ്യമാണ്. എൽഇഡി തെറാപ്പിക്കുള്ള ആധുനിക മെഷീനുകൾ ആശുപത്രിയിലുണ്ട്. നസീറ അബ്‌ദുൾ ഹമീദ്, ശാരിക ശശീന്ദ്രൻ എന്നിവരാണ് ഡോക്ടർമാർ. വരൂ, ചുള്ളനായി മടങ്ങാം ആഗസ്‌തിൽ പുരുഷന്മാരുടെ കോസ്‌മെറ്റിക് ക്ലിനിക്ക് പ്രവർത്തനം തുടങ്ങും. നിലവിൽ ഒപി സേവനങ്ങൾ മാത്രമാണ് പുരുഷന്മാർക്ക്. ജില്ലയിലെ ആയുർവേദ ആശുപത്രികളിൽനിന്ന് റഫർ ചെയ്‌ത് ഇവിടേക്ക് ധാരാളം ആളുകൾ എത്തുന്നു. ദിവസേന ശരാശരി 30 പേർ ക്ലിനിക്കിലെത്തുന്നു. ചില ദിവസങ്ങളിൽ 50 വരെയാകും. സാധാരണ ബ്യൂട്ടിപാർലർ സേവനങ്ങൾ ഉൾപ്പെടെ ഡോക്ടറുടെ മേൽനോട്ടത്തിൽ നടത്താം. നിരക്കുകൾ സ്വകാര്യ ക്ലിനിക്കുകളിലും പാർലറുകളിലും 1200 രൂപയുള്ള ഫ്രൂട്ട് ഫേഷ്യലിന് 600 രൂപയാണ് നിരക്ക്. 1500 രൂപയുള്ള ഗാൽവാനിക് ഫേഷ്യലിന് 750 രൂപ. റോസ് ഫേഷ്യൽ– 700, വെജ്‌പീൽ ഫേഷ്യൽ– 900, . കുങ്കുമാദി തൈലം ഫേഷ്യൽ–1000, ഞവര ഫേഷ്യൽ 950 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഹെന്ന–- 550, ഹെയർ സ്‌പാ–-850, ഹൈ ഫ്രീക്വൻസി ട്രീറ്റ്‌മെന്റ് –- 450 രൂപ എന്നിങ്ങനെ.










0 comments