Deshabhimani

ഔഷധസസ്യങ്ങളെ അറിയാം 
പഠിക്കാം കാനായിലേക്ക്‌ വരൂ

നാട്ടുവൈദ്യൻ കാനായി നാരായണൻ  ഔഷധ തോട്ടത്തിൽ
avatar
പ്രകാശൻ പയ്യന്നൂർ

Published on Jul 06, 2025, 02:30 AM | 1 min read

പയ്യന്നൂർ

നാട്ടുചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവുകൾ പുതുതലമുറക്ക്‌ പകർന്നുനൽകി നാട്ടുവൈദ്യൻ കാനായി നാരായണൻ. പരമ്പരാഗത വൈദ്യകുടുംബത്തിൽ ജനിച്ച നാരായണൻ പിതാവ് കണ്ണൻ വൈദ്യരിൽനിന്ന്‌ വൈദ്യം പഠിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഔഷധങ്ങൾ നിർമിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു. ഔഷധസസ്യങ്ങളെ കുറിച്ച്‌ വിവിധങ്ങളായ ബോധവൽക്കരണങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു. വരുംതലമുറയ്ക്കായി വിവിധങ്ങളായ ഔഷധക്കാഴ്‌ചകളാണ് ഇദ്ദേഹം വീട്ടുവളപ്പിൽ ഒരുക്കിയിട്ടുള്ളത്. അഞ്ചോളം മരുന്നുകളിൽ ചേർക്കുന്ന കാഞ്ഞിരം മുതൽ സർവസുഗന്ധി, അമരിവെള്ള, അത്തി, ഇത്തി, പതിനച്ചുവടി, ഉറുതുക്കി, ഏകനായകം, ഏലം, കറ്റാർവാഴ, കരിനൊച്ചി, കച്ചോലം, കാട്ടുതിപ്പല്ലി, കയ്‌പമൃത്, കറുക, കീഴാനെല്ലി, കടുക്ക. കടലാടി, കർപ്പൂര തുളസി ചിറ്റാമൃത്, ചെത്തിക്കൊടുവേലി, ചെറുകടലാടി, തിപ്പലി, പതിമുഖം, പൂവാംകുറുന്തൽ, തുമ്പ, തെറ്റി, നന്നാറി, നിലവേപ്പ്, നീലക്കടമ്പ്, നോനി, നറുനീണ്ടി പടംമടക്കി, മുക്കൂറ്റി, മുള്ളൻചീര, ബ്രഹ്മി ചുവന്ന കാളി, പൂജക്കവളി തുടങ്ങി അഞ്ഞൂറിലധികം ഔഷധസസ്യങ്ങളുടെ കലവറയാണ് നാരായണൻ വൈദ്യരുടെ കുന്നത്ത് വീട്ടുവളപ്പ്. ഫോക്‌ലോർ അക്കാദമി അവാർഡ്, വനമിത്ര അവാർഡ്, സ്വാമി നിർമലാനന്ദ ഗിരി മഹാരാജാസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നാട്ടുവൈദ്യത്തെ സംബന്ധിച്ച ലോക ആയുർവേദ കോൺഗ്രസ്സിൽ ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിലും പങ്കെടുത്തു. ഡെറാഡൂണിൽ നടന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ പങ്കെടുത്തു. ഔഷധസസ്യങ്ങൾ, നാട്ടറിവുകൾ എന്നിവ പങ്കുവയ്‌ക്കാൻ എട്ടിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സൗജന്യ ഔഷധസസ്യ പഠനക്ലാസ് സംഘടിപ്പിക്കാനുള്ള പദ്ധതിക്ക് കാനായി സൗത്ത് സാംസ്കാരിക നിലയത്തിൽ ഞായറാഴ്ച രാവിലെ 9.30ന്‌ തുടക്കമിടും. ഒരു വർഷം നീളുന്ന പരിശീലനം എല്ലാ ഞായറാഴ്ചകളിലും നടക്കുമെന്ന് നാരായണൻ വൈദ്യർ പറഞ്ഞു. ഫോൺ: 9847147653.



Tags
deshabhimani section

Related News

View More
0 comments
Sort by

Home