ad
Deshabhimani

കൊളവല്ലൂരിൽ 
ഇടത്‌ ആധിപത്യം തുടരും

രവീന്ദ്രൻ കുന്നോത്ത്‌

രവീന്ദ്രൻ കുന്നോത്ത്‌

avatar
റഷീദ്‌ അണിയാരം

Published on Dec 01, 2025, 02:30 AM | 1 min read

പാനൂർ

കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ് കൊളവല്ലൂർ. സംഘ പരിവാരത്തിന്റെ കൈയ്യൂക്കിനെ നെഞ്ചുറപ്പോടെ നേരിട്ട്‌ രക്തസാക്ഷിത്വം വരിച്ച ധീരരായ കമ്യൂണിസ്റ്റ് പോരാളികളുടെ നാട്. ഇവിടെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്ന്‌ വികസനവസന്തം തീർക്കുകയാണ് രൂപീകരണം മുതൽ ഇടതുപക്ഷത്തോടൊപ്പംനിന്ന കൊളവല്ലൂർ. 2015 വരെ കൊളവല്ലൂർ ഡിവിഷനിലായിരുന്ന പാനൂർ പഞ്ചായത്ത് പാനൂർ നഗരസഭയുടെ ഭാഗമായി മാറിയപ്പോഴും വിജയം ഇടതുപക്ഷത്തോടൊപ്പം തന്നെയായിരുന്നു. പാട്യം പഞ്ചായത്തിലെ എട്ടു വാർഡുകളും, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളുമടങ്ങിയതായിരുന്നു പിന്നീട് ഡിവിഷൻ. 2025 ലെ ഡിവിഷൻ പുനർ ക്രമീകരണത്തിന്റെ ഭാഗമായി വീണ്ടും മാറ്റം വന്നു. പാട്യം പഞ്ചായത്തിനെ ഒഴിവാക്കി. തൃപ്പങ്ങോട്ടൂരിലെ 18 വാർഡുകളും, കുന്നോത്തുപറമ്പിലെ 23 വാർഡുകളും, മൊകേരി പഞ്ചായത്തിലെ 15 വാർഡുകളും ചേർന്നതാണ് ഇന്നത്തെ കൊളവല്ലൂർ ഡിവിഷൻ. മൊകേരി പഞ്ചായത്ത് അഞ്ച്‌ പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പമുണ്ട്‌. കഴിഞ്ഞ തവണ ഇടതോരം ചേർന്ന പഞ്ചായത്താണ് കുന്നോത്തുപറമ്പ്. തൃപ്പങ്ങോട്ടൂരാണ്‌ യുഡിഎഫിന്റെ കൈയിലുള്ളത്‌. മൂന്ന് പഞ്ചായത്ത് പരിധികളിലുമായുള്ള എട്ട്‌ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ആറും ഇടതുപക്ഷത്തോടൊപ്പമാണ്. പഞ്ചായത്തുകളിൽ നടത്തിയ വികസനങ്ങളിൽ ജില്ലാപഞ്ചായത്ത് വഹിച്ച പങ്കുകളടക്കം നിരത്തി അഭിമാനത്തോടെയാണ് എൽഡിഎഫ്‌ പ്രചാരണം. മൊകേരിയിൽ കൺവൻഷൻ സെന്റർ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന കുന്നോത്തുപറമ്പ് പഞ്ചായത്തിന്‌ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് സമുച്ചയം നിർമിക്കാനുള്ള സ്ഥലമെടുപ്പ്‌ പൂർത്തിയാക്കിയതുൾപ്പെടെയുള്ള വികസനങ്ങൾ പറഞ്ഞാണ്‌ വോട്ടഭ്യർഥന. രാഷ്ട്രീയ ജനതദൾ ജില്ലാ ജനറൽ സെക്രട്ടറി പുത്തൂർ സോപാനത്തിൽ രവീന്ദ്രൻ കുന്നോത്താണ് എൽഡിഎഫ് സ്ഥാനാർഥി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കല്ലിക്കണ്ടി അരയാക്കണ്ടിയിൽ സി കെ മുഹമ്മദലിയാണ് യുഡിഎഫ് സ്ഥാനാർഥി. യുവമോർച്ച കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ്‌ അർജുൻ വാസുദേവാണ് ബിജെപി സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home