കഠിനാധ്വാനത്തിന്റെ പാൽമധുരം

സുനിത താൻ വളർത്തുന്ന പശുക്കൾക്കൊപ്പം
മനോഹരൻ കെെതപ്രം
Published on Jan 17, 2026, 02:30 AM | 1 min read
ഇരിട്ടി
തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പശുപരിപാലനത്തിലൂടെ ജീവിതസമൃദ്ധിയിലേക്ക് ചുവടുവച്ച കെ സുനിത(41)യ്‌ക്ക് സംസ്ഥാന അംഗീകാരം. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ പട്ടികജാതി–വർഗ വിഭാഗത്തിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള പുരസ്‌കാരമാണ് സുനിതയെ തേടിയെത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ വള്ളിത്തോട് വാഴയിൽ സ്വദേശിനി കൊയിലത്ത് സുനിത, അഞ്ച് സെന്റുമാത്രമുള്ള പുരയിടത്തിൽ ആറ് വർഷം മുമ്പാണ് ഒരു പശുവുമായി ക്ഷീരമേഖലയിലേക്കിറങ്ങിയത്. അതുവരെ തൊഴിലുറപ്പ് തൊഴിലായിരുന്നു ജീവിതമാർഗം. ഇന്ന് സുനിതയുടെ തൊഴുത്തിൽ 10 പശുക്കളുണ്ട്. സമീപത്തെ ബന്ധുക്കളുടെ പുരയിടവുംകൂടി പ്രയോജനപ്പെടുത്തിയാണ് പശുക്കളെ വളർത്തുന്നത്. ദിവസവും 50 മുതൽ 60 ലിറ്റർ വരെ പാൽ സെന്റ് ജൂഡ് നഗർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ സുനിത അളക്കുന്നു. നിർമാണത്തൊഴിലാളിയായ ഭർത്താവ് സി എസ് സുരേഷും സഹായത്തിനുണ്ട്. പുലർച്ചെ നാലിന് പശുക്കളുടെ കറവ പൂർത്തിയാക്കി തൊഴുത്ത് ശുചീകരിക്കുന്നതുൾപ്പെടെ ഇരുവരും ഒരുമിച്ചാണ്. സുരേഷ് ജോലി കഴിഞ്ഞെത്തിയശേഷം പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്‌തെടുക്കുന്ന തീറ്റപ്പുല്ല് ശേഖരിച്ചാണ് പശുക്കളെ വളർത്തുന്നതെന്ന് സുനിത പറഞ്ഞു. നഴ്‌സിങ് വിദ്യാർഥിനിയായ തൃഷയാണ് മകൾ.










0 comments