ഉദ്യോഗാർഥികൾക്ക് തൊഴിലവസരം നഷ്‌ടമാകും
തലശേരി തപാൽ ഡിവിഷന് താഴുവീഴുന്നു

തലശേരി
തലശേരി തപാൽ ഡിവിഷൻ വെട്ടിമുറിച്ച് ജില്ലയിൽ ഒറ്റ ഡിവിഷനാക്കാനുള്ള നടപടി തുടങ്ങി. തലശേരി, കൂത്തുപറന്പ് സബ്‌ഡിവിഷൻ പരിധിയിലെ 131 ഓഫീസുകൾ കണ്ണൂർ ഡിവിഷനിലും മാനന്തവാടി ഡിവിഷനിലെ 73 ഓഫീസുകൾ പുതുതായി രൂപീകരിക്കുന്ന വയനാട് ഡിവിഷനിലും ലയിപ്പിക്കും. കേരള സർക്കിൾ ചീഫ് പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ തപാൽ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി. സംസ്ഥാനത്ത് തപാൽവകുപ്പ് പൂട്ടാൻ തീരുമാനിച്ച അഞ്ച് ഡിവിഷനുകളിൽ ആദ്യത്തേതാണ് തലശേരി. വടര, തിരൂർ, ഒറ്റപ്പാലം, ആലുവ തപാൽ ഡിവിഷനുകളും ഭീഷണിയിലാണ്. പുനക്രമീകരിക്കാൻ തീരുമാനിച്ച 15 സബ്‌ഡിവിഷനുകളിൽ ഒന്നും തലശേരി ഡിവിഷനിലാണ്. ന്യൂമാഹി മുതൽ എടക്കാട് വരെയും പെരിങ്ങത്തൂർ മുതൽ കിളിയന്തറവരെയും വടക്കെ വയനാട്ടിലെ കാട്ടിക്കുളം, പനമരം ഉൾപ്പെടെ 204 ഓഫീസുകൾ ഉൾപ്പെടുന്നതാണ് തലശേരി ഡിവിഷൻ. 1978ൽ പ്രവർത്തനം ആരംഭിച്ചതാണ് തലശേരി ഡിവിഷൻ. തസ്‌തികകൾ ഇല്ലാതാകും ഹെഡ്‌പോസ്‌റ്റാഫീസുകൾ, സബ് പോസ്‌റ്റോഫീസുകൾ, ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുകയാണ് ഡിവിഷന്റെ പ്രധാന ചുമതല. കത്ത്, സ്‌പീഡ് പോസ്‌റ്റ്, പാഴ്‌സൽ, ആധാർ സേവനം എന്നിവയുടെ വിതരണ മേൽനോട്ടവും ഡിവിഷൻ–സബ്‌ഡിവിഷൻ ചുമതലയാണ്. ഡിവിഷൻ ഇല്ലാതാകുന്നതോടെ പോസ്‌റ്റൽ സൂപ്രണ്ട്, അസി. സൂപ്രണ്ട്, ഇൻസ്‌പെക്‌ടർ, പോസ്‌റ്റൽ അസിസ്‌റ്റന്റ്, എംടിഎസ് തസ്‌തികകൾ കുറയും. 15 തസ്‌തികയെങ്കിലും നഷ്‌ടപ്പെടും. യോഗ്യതയുള്ള ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്)മാർക്ക് നിലവിൽ ഡിപ്പാർട്‌മെന്റ് പരീക്ഷ എഴുതി ഉയർന്ന തസ്‌തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരവുമില്ലാതാകും. ഉദ്യോഗാർഥികളുടെ ജോലി സാധ്യതയെയും ബാധിക്കും. തപാൽ സേവന പരാതികൾ പരിഹരിക്കാൻ ജില്ല കേന്ദ്രത്തിലെ റീജണൽ ഓഫീസുകളെ ആശ്രയിക്കേണ്ടിവരും. തപാൽ മേഖല സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. തലശേരിയിൽ ഇന്ന് പ്രതിഷേധം ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഎഫ്‌ബിഇ, എഐജിഡിഎസ്‌യു സംഘടനകൾ ചൊവ്വാഴ്‌ച പോസ്‌റ്റൽ സുപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അനു കവിണിശേരി ഉദ്‌ഘാടനം ചെയ്യും.










0 comments