ad
Deshabhimani

സ്‌നേഹമഴയിൽ നനഞ്ഞ്

തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാരായി രാജൻ തെക്കുംമേൽ തടത്തിൽ മുക്കിൽ നൽകിയ സ്വീകരണത്തിൽ വോട്ടർമാർക്കിടയിൽ  ഫോട്ടോ . പി ദിലീപ്കുമാർ

തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാരായി രാജൻ തെക്കുംമേൽ തടത്തിൽ മുക്കിൽ നൽകിയ സ്വീകരണത്തിൽ വോട്ടർമാർക്കിടയിൽ ഫോട്ടോ . പി ദിലീപ്കുമാർ

avatar
പി ദിനേശൻ

Published on Mar 29, 2026, 02:00 AM | 1 min read

തലശേരി

മീനച്ചൂടിന്‌ ആശ്വാസമായി പെയ്‌ത വേനൽമഴക്കിടയിലൂടെയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി കാരായി രാജന്റെ യാത്ര. മഴയിലും ചോരാത്ത ആവേശവുമായി സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരും. സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ആൾക്കൂട്ടവും ആശ്വാസ മഴയുടെ ത്രില്ലിലായിരുന്നു. സ്‌നേഹമഴയിൽ നനഞ്ഞും നാടിന്റെ ആശിർവാദം ഏറ്റുവാങ്ങിയും എൽഡിഎഫ്‌ സ്ഥാനാർഥി കാരായി രാജനും വാനോളം ഉയർന്ന നാടിന്റെ ആവേശത്തിനൊപ്പം ചേർന്നു. ഒളവിലം രാമകൃഷ്‌ണൻ ഹൈസ്‌കൂൾ പരിസരത്തുനിന്നാണ്‌ സ്ഥാനാർഥിയുടെ പൊതുപര്യടനം തുടങ്ങിയത്‌. പകൽ 3.30ന്‌ ഒളവിലം തെക്കുംതടത്തിൽമുക്കിൽ എത്തുന്പോഴേക്കും സന്തോഷിന്റെ വീട്ടുമുറ്റം നിറയെ ആൾക്കൂട്ടം. റോഡരികിൽ ചെണ്ടമേളവുമായി കാത്തുനിൽക്കുന്ന വനിതകൾ. അന്തരീക്ഷത്തിൽ ഉയർന്നപാറുന്ന ബലൂണുകൾ. ‘വികസനം തുടരും കാരായി നയിക്കും’ എന്ന പോസ്‌റ്ററും ബോർഡുമായി സ്വീകരണ കേന്ദ്രം ചുവപ്പിൽ കുളിച്ചുനിൽക്കുന്നു. സ്ഥാനാർഥിയുടെ വരവറിയിച്ചുള്ള അന‍ൗൺസ്‌മെന്റ്‌ കേട്ടതോടെ ചെണ്ടവാദ്യം ഉയർന്നു. മാനം മുട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യത്തിനും പടക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനും ഇടയിലൂടെ സ്ഥാനാർഥിയെത്തുന്പോൾ പൂച്ചെണ്ട്‌ നൽകാനും ഹാരമണിയിക്കാനും മത്സരിക്കുന്നവർ. എല്ലാവരോടും കുശലം ചോദിച്ച്‌, നിമിഷം നേരംകൊണ്ട്‌ അവരിലൊരാളായി കാരായി മാറുന്നു. സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ ഹ്രസ്വമായ വാക്കുകൾ. ‘‘എക്കാലവും ഇടതുപക്ഷത്തിനൊപ്പംനിന്ന മണ്ഡലമാണ്‌ തലശേരി. ആ പാരന്പര്യം ഇത്തവണയും ഉയർത്തിപ്പിടിക്കുമെന്നതിൽ സംശയമില്ല. വികസന തുടർച്ചയാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌’’വാക്കുകൾ അവസാനിപ്പിക്കുന്പോഴേക്കും അന്തരീക്ഷം മേഘാവൃതമായിരുന്നു. പുളിക്കൽതാഴെ എത്തുംമുന്പേ മഴ പെയ്‌തു. തുറന്ന വാഹനത്തിൽ മഴനനഞ്ഞ്‌ സ്ഥാനാർഥിയും ഒപ്പം ഇരുചക്രവാഹനത്തിൽ അനുഗമിക്കുന്ന പ്രവർത്തകരും. ‘രാഷ്‌ട്രീയ കാലാവസ്ഥ നമ്മുക്ക്‌ അനുകൂലമാണെങ്കിലും കാലാവസ്ഥ അത്രപോരെന്ന്‌ സ്ഥാനാർഥി. ഇപ്പോഴൊരു നല്ല മഴ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന്‌’ പറഞ്ഞ്‌ നിർത്തുന്പോൾ നിർത്താതെ കരഘോഷം. പറന്പത്തുമീത്തലും പിന്നിട്ട്‌ വയലിൽപീടിക മാമൻ സ്‌തൂപത്തിലെത്തുന്പോഴേക്കും മഴമാറിത്തുടങ്ങിയിരുന്നു. ടിസി റഫീഖിന്റെ വീട്ടുമുറ്റത്തെ സ്വീകരണം കഴിഞ്ഞ്‌ മേനപ്രം കണ്ടിയിൽ ക്ഷേത്ര പരിസരത്ത്‌ എത്തുന്പോഴേക്കും മഴ മാറി മാനം തെളിഞ്ഞു. രാജൻ പീടികയും കുനിയിൽമുക്കിലും പന്ന്യന്നൂർ, പടിഞ്ഞാറെ മനേക്കര, ചെറുകണ്ടിപീടിക, തോട്ടോൾ ഉന്നതി, തോട്ടുമ്മൽ ഷിബുലാൽ സ്‌മാരകം, യുപി നഗർ മഠം പരിസരം, മീത്തലെ ചന്പാട്‌, പൊന്ന്യംപാലം, പുല്യോടി ഉന്നതി എന്നിവിടങ്ങളിലും നാടാകെ ഒത്തുകൂടിയ ഉത്സവാന്തരീക്ഷത്തലുള്ള വരവേൽപായിരുന്നു. രാത്രി വൈകി കുണ്ടുചിറ ബാബു സ്‌മാരക പരിസരത്ത്‌ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home