കാട്ടാനയാക്രമണം
ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു

ഇരിട്ടി
ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോട്ടപ്പാറ ഇഞ്ചിമുക്കിലെ എസ് അനീഷാ(40)ണ് മരിച്ചത്. വെള്ളി പുലർച്ചെ നാലോടെയാണ് സംഭവം. മകനെ മൂത്രമൊഴിപ്പിക്കാൻ വീടിനു പുറത്തെ ശുചിമുറിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനീഷും ഭാര്യ അമ്പിളിയും. മുറ്റത്തുനിന്ന കാട്ടാനയെ ഇവർ കണ്ടിരുന്നില്ല. വീടിന്റെ ഇടതുവശത്തെ പ്ലാവിൻ ചുവട്ടിൽനിന്ന ആന മുറ്റംവഴി ചാടിക്കടന്ന് അനീഷിനെ തുമ്പിക്കൈയിൽ ചുഴറ്റി നിലത്തടിച്ചു. ഇതുകണ്ട് അമ്പിളിയും മകനും വീട്ടിലേക്ക് ഓടിക്കയറി. ആനയിൽനിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ അനീഷ് നിലത്തു വീണു. പിടഞ്ഞെണീറ്റ് അരികിലെ മുറിയുടെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്നെത്തിയ ആന ആക്രമിച്ച് കൊല്ലുകയായിരുന്നു. അരികിലെ മുറി തുറന്ന് ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്പിളിയും മകനും കണ്ടുനിൽക്കെയാണ് ആനയുടെ ആക്രമണം. ബഹളം കേട്ട് അയൽക്കാർ ഉണർന്നെങ്കിലും ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. 500 മീറ്റർ മാറിതാമസിക്കുന്ന അനീഷിന്റെ അച്ഛൻ സോമൻ മൂപ്പനും അമ്മ കറുത്തയും മറ്റ് ബന്ധുക്കളുമാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകസംഘവും എത്തി. കോട്ടപ്പാറ മേഖലയിൽ കണ്ട ആനയെ പുലർച്ചെ ഒന്നരയോടെ വനപാലകസംഘം പടക്കം പൊട്ടിച്ച് തുരത്തിയിരുന്നു. ഇതേ ആനയാണ് തിരിച്ചെത്തി അനീഷിനെ കൊന്നതെന്ന് നാട്ടുകാർ പറഞ്ഞു. കക്കുവ കോട്ടപ്പാറ ഇഞ്ചിമുക്ക് റോഡിൽനിന്ന് 500 മീറ്റർ അകലെയാണ് അനീഷിന്റെ വീട്. സമീപത്ത് ഒരു വീട് മാത്രമാണുള്ളത്. ബന്ധുക്കളും നാട്ടുകാരും അനീഷിനെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. പുലർച്ചെ അഞ്ചോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. വൈകിട്ട് മൂന്നരയോടെ മൃതദേഹം ഫാമിലെത്തിച്ചപ്പോൾ ആദിവാസി കുടുംബങ്ങൾ കനത്ത പ്രതിഷേധമുയർത്തി. ഇവരെ സമാശ്വസിപ്പിക്കാൻ നാട്ടുകാരും ജനപ്രതിനിധികളും അധികൃതരും ഏറെ പാടുപെട്ടു. അന്ത്യാഞ്ജലിയർപ്പിക്കാൻ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽനിന്നടക്കം ആളുകൾ ഒഴുകിയെത്തി. കണിച്ചാറിലെ കടത്താഴ കോളനിയിൽനിന്ന് 21 വർഷം മുന്പാണ് അനീഷും കുടുംബവും ഫാമിലേക്ക് താമസം മാറിയത്. മക്കൾ: അനുഷ അനീഷ്, ആദി കൃഷ്ണ (വെളിമാനം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: വിനീഷ്.









0 comments