ബിരിയാണിയും ജാനകിയും സെൻസറിങ്ങിന് വിധേയമാകുന്ന കാലം: ടി പത്മനാഭൻ

തലശേരി എം ടി വാസുദേവൻ നായരുടെ നിർമാല്യംപോലൊരു സിനിമ ഇന്ന് ചിന്തിക്കാൻപോലും സാധിക്കില്ലെന്ന് കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. വിഗ്രഹത്തിനുനേർക്ക് വെളിച്ചപ്പാടായ പി ജെ ആന്റണി തുപ്പുന്ന ശക്തമായരംഗമാണ് നിർമാല്യത്തിലേത്. ഇന്ന് അങ്ങനെയൊരു സീനിനെക്കുറിച്ച് ചിന്തിക്കാനോ ഓർക്കാനോ കഴിയില്ല. നിങ്ങൾ ചിന്തിച്ചു തുടങ്ങുന്പോഴേക്കും ജയിലിലടക്കപ്പെടും. എം ടി കാലം മായാചിത്രങ്ങൾ ഫോട്ടോപ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയുടെ പേര്, ഭക്ഷണം, വസ്‌ത്രം തുടങ്ങി സെൻസറിങ്ങ് കടന്നുകിട്ടാൻ പല കടന്പകൾ ഇന്നുണ്ട്. ബിരിയാണി കഴിക്കുന്നെങ്കിൽ ബീഫാണോ ചിക്കനാണോ എന്ന് നോക്കണം. ജാനകിയെന്ന പേരുപോലും പാടില്ലെന്നാണ് പുതിയ കൽപന. ഞാൻ മത്സ്യമോ മാംസമോ കഴിക്കാറില്ല. മറ്റൊരാൾക്ക് കഴിക്കണമെങ്കിൽ അതവരുടെ ഇഷ്‌ടമാണ്. എംടിയെ തെറിപറയുന്ന വ്യക്തിയാണ് ഞാനെന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ട്. ഒന്നുകിൽ തെറിയെന്ന വാക്കിന്റെ അർഥം അവർക്കറിയില്ല, അതല്ലെങ്കിൽ അവരുടെ നാക്ക് കളവുപറയുന്നു. ഞാനൊരിക്കലും അത് ചെയ്‌തിട്ടില്ല. ഞാൻ 97ാംവയസിലും കഥയിൽമാത്രം ഒതുങ്ങിനിൽക്കുന്നു. വാസുവിന്റെ ലോകം അനുദിനം വളർന്നുവികസിച്ചു. പല കാരണങ്ങളാൽ ഞങ്ങളുടെ ബന്ധം ആദ്യകാലത്തേപോലെ ഉൗഷ്‌മളമായിരുന്നില്ലെന്നുമാത്രം– ടി പത്മനാഭൻ പറഞ്ഞു.










0 comments