കുതിക്കുന്നു കീഴല്ലൂർ

പഞ്ചായത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്‌ പ്രസിഡന്റ്‌ കെ വി മിനി ഉദ്‌ഘാടനംചെയ്യുന്നു
avatar
മട്ടന്നൂർ സുരേന്ദ്രൻ

Published on Oct 06, 2025, 03:00 AM | 2 min read

മട്ടന്നൂർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വ്യോമയാന ഭൂപടത്തിൽ ഇടംപിടിച്ച പഞ്ചായത്താണ് കീഴല്ലൂർ. തദ്ദേശ വികസനരംഗത്തും കീഴല്ലൂരിന്റെ ഖ്യാതി വാനോളമാണ്‌. പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ചേർത്തുപിടിച്ചാണ് ഭരണസമിതി വിവിധ വികസന പദ്ധതികൾ നടപ്പാക്കിയത്.

​കാർഷികമേഖലയെ 
ചേർത്തുപിടിച്ച്‌ കാർഷികമേഖലയ്‌ക്ക്‌ പ്രാമുഖ്യമുള്ള പഞ്ചായത്താണിത്‌. 1624 ഹെക്ടറിലധികവും കൃഷി ഭൂമിയാണ്‌. മൂവായിരത്തിലധികം കർഷകരുമുണ്ട്‌. ഒമ്പതുപാടശേഖങ്ങളിലായി 12 ഹെക്ടറിൽ നെൽക്കൃഷിയും 200 ഹെക്ടറിൽ തെങ്ങും 40 ഹെക്ടറിൽ കവുങ്ങുകൃഷിയും നടത്തിവരുന്നു. 34 ഹെക്ടറിലാണ് കുരുമുളക്. 70 ഹെക്ടറിൽ വാഴ, 40 ഹെക്ടറിൽ പച്ചക്കറിക്കൃഷിയുമുണ്ട്‌. കഴിഞ്ഞ നാലുവർഷമായി കാർഷികമേഖലയിൽ വിവിധ പദ്ധതികൾക്കായി 74.96 ലക്ഷംരൂപയാണ് ചെലവഴിച്ചത്. ഇതിനു പുറമെ നടപ്പുവർഷം കർഷകക്കൂട്ടായ്മക്ക് വിപണനസൗകര്യം ഒരുക്കൽ പദ്ധതിയും നടപ്പാക്കി. ഈ വർഷം 19.74 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.


​ആരോഗ്യമേഖലയിലും നേട്ടം

പാലിയേറ്റീവ് പരിചരണ പദ്ധതി ആരോഗ്യരംഗത്തെ ശ്രദ്ധേയപ്രവർത്തനമാണ്. 221 രോഗികളെ പരിചരിക്കുന്നു. 47.23 ലക്ഷം രൂപയാണ് ചികിത്സയ്‌ക്കും മരുന്നിനും പരിചരണത്തിനുമായി ചെലവഴിച്ചത്. നിലവിൽ ഡയാലിസിസ് രോഗികൾക്ക്‌ ധനസഹായവും നൽകുന്നു. കീഴല്ലൂർ ആയുർവേദ ഡിസ്പെൻസറിക്ക് 2020–-25 കാലയളവിൽ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 35ലക്ഷം രൂപയുടെ മരുന്നുവാങ്ങിനൽകി. നിലവിൽ ഏഴുലക്ഷം രൂപ വകയിരുത്തി. പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുസ്കാരത്തിന്റെ നിറവിലാണ് കീഴല്ലൂർ ഗവ. ഹോമിയോ ആശുപത്രി.


​പത്തരമാറ്റിൽ സാക്ഷരത


പത്താമുദയം പദ്ധതിയുടെ ഭാഗമായി ഭരണസമിതിയുടെ കാലയളവിൽ 76 പേരാണ്‌ പത്താംതരം തുല്യതാ പരീക്ഷ പാസായത്‌. 48 പേർ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയും പാസായി. 32 പേർ സാക്ഷതാ പരീക്ഷയും ഏഴാംതരം പരീക്ഷയെഴുതിയ എട്ട് പഠിതാക്കൾ തുടർന്ന് പത്താംതരം തുല്യതാ പരീക്ഷയും വിജയിച്ചു. ഇത്‌ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി. എസ്‌എസ്‌കെ പദ്ധതിക്കുള്ള വിഹിതമായി 44.75 ലക്ഷം രൂപയാണ്‌ പഞ്ചായത്ത്‌ ചെലവഴിച്ചത്‌.

​ലൈഫ് ഭവന പദ്ധതിയിൽ 64 പേർക്ക് വീട്‌

ഭവനഹിതരായ 64 പേർക്കാണ്‌ ലൈഫ് ഭവന പദ്ധതിയിലൂടെ വീടൊരുക്കി നൽകിയത്‌. 2.48 കോടി രൂപ ചെലവഴിച്ചു. ഭൂരഹിതരായ ഏഴുപേർക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ നടക്കുന്നു. 167 വീടൂകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി.

പഞ്ചായത്തിന്റെ അതിദാരിദ്ര്യ മൈക്രോപ്ലാനിൽ ഉൾപ്പെട്ടിരുന്ന 57 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ചു. ഇ‍ൗ പദ്ധതിയിൽ ഭവനരഹിതരായ ഒമ്പത് പേർക്ക് വീട് നൽകി. 12 വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി. ഭൂമിയില്ലാത്ത ഭവനരഹിതരെ സർക്കാർ ഫ്ലാറ്റുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

​അഞ്ചുലക്ഷത്തിലധികം 
തൊഴിൽ ദിനങ്ങൾ

2020–-25 കാലയളവിൽ അഞ്ച് ലക്ഷത്തിലധികം തൊഴിൽ ദിനങ്ങളാണ്‌ സൃഷ്ടിച്ചത്‌. 21.88കോടി രൂപയുടെ പദ്ധതികൾ നടത്തി. 106 റോഡ്, 50 കമ്പോസ്റ്റ്പിറ്റുകൾ, 30 സോക്പിറ്റുകൾ, 50 കോഴിക്കൂട്, എട്ട് അസോള ടാങ്ക്‌, 16 കാറ്റിൽ ഷെഡുകൾ, 10 ആട്ടിൻ കൂടുകൾ എന്നിവ നിർമിച്ചു.

​വനിതാ–ശിശുക്ഷേമവും 
മറന്നില്ല

18 അങ്കണവാടികളും ഒരു ശിശുമന്ദിരവുമാണ്‌ പഞ്ചായത്തിൽ. അനുപൂരക പോഷകാഹാര പദ്ധതി വിജയകരമായി നടപ്പാക്കി. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ മുതലായവരുടെ പോഷകാഹാരക്കുറവ്, അനീമിയ എന്നിവ ഇല്ലാതാക്കാനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും സാധിച്ചു.


​മാലിന്യമുക്തമായി 
തെരുവുകൾ

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കി. കുടുംബശ്രീ, വ്യാപാരികൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 465 ബിന്നുകൾ സ്ഥാപിച്ചു. 71 ബോട്ടിൽ ബൂത്തുകൾ, 37 മിനി എംസിഎഫുകൾ എന്നിവയും സ്ഥാപിച്ചു. 85.96 ലക്ഷം രൂപ ചെലവിൽ 2964 ഗാർഹിക റിങ് കമ്പോസ്റ്റുകളാണ്‌ വീടുകളിൽ വിതരണംചെയ്തത്‌. 7.99ലക്ഷം രൂപ ചെലവിൽ 235 വീടുകളിൽ ബൊക്കാഷി ബക്കറ്റ് വിതരണംചെയ്തു. 68 വീടുകളിൽ ആധുനിക ശുചിമുറിയും നിർമിച്ചു. 200 ശുചിമുറികളുടെ അറ്റകുറ്റപ്പണി നടത്തി. പൊതുജൈവ മാലിന്യ സംസ്കരണത്തിന് മൂന്ന് തുമ്പൂർമൂഴി നിർമിക്കുന്നതിനുള്ള നടപടിയും തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home