പീപ്പിൾസ്‌ പുരസ്കാരം സമ്മാനിച്ചു

മികച്ച ലൈബ്രറി പ്രവർത്തനം നടത്തിയ എൻഎസ്എസ് യൂണിറ്റുകൾക്കുള്ള പീപ്പിൾസ് അവാർഡ്‌ വിതരണ ചടങ്ങ്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിൽ സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്  അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 18, 2025, 03:00 AM | 2 min read

കണ്ണൂർ

മികച്ച എൻഎസ്എസ് യൂണിറ്റുകൾക്ക്‌ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌ നൽകുന്ന പീപ്പിൾസ് പുരസ്കാരം വിതരണം ചെയ്‌തു. സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്‌തു. ജേതാക്കൾക്ക്‌ ഫലകവും ക്യാഷ് അവാർഡും വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി അശോകൻ ചരുവിലിനെ ആദരിച്ചു. പീപ്പിൾസ് മിഷൻ ചെയർമാൻ വി ശിവദാസൻ എംപി അധ്യക്ഷനായി. കണ്ണൂർ ജില്ലയിലെ പാല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കാസർകോട് ജില്ലയിലെ വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ മികച്ച എൻഎസ്എസ് യൂണിറ്റുകൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. വയനാട് വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളും വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളും പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. മുഴക്കുന്ന് പഞ്ചായത്തിലെ ആറാം വാർഡിൽ പൊതുജന വായനശാല സ്ഥാപിച്ച് ആയിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചതാണ് പാല സ്‌കൂളിന്റെ മികച്ച പ്രവർത്തനം. വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കഡറി സ്‌കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ രണ്ട് ട്രൈബൽ വായനശാലകൾ സ്ഥാപിച്ച് ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് നൽകി. വടുവഞ്ചൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്നിൽ ഗോത്ര വായനശാല സ്ഥാപിക്കുകയും പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ രോഗികൾക്കും സന്ദർശകർക്കുമായി ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എരമം–--കുറ്റൂർ പഞ്ചായത്തിലെ വടുവനാടിൽ പൊതുജന വായനശാല പുനർനിർമിച്ചു നൽകാൻ സഹായിച്ചു. എസ്എസ്‌കെ ജില്ലാ കോ–- ഓഡിനേറ്റർ ഇ സി വിനോദ് എൻഎസ്എസ് ക്യാമ്പുകളിൽനിന്ന് ലഭിച്ച പുസ്തകങ്ങൾ പീപ്പിൾസ് മിഷന് കൈമാറി. 'വിദ്യാർഥികളും വായനശാലകളും എൻഎസ്എസ് ഇടപെടലുകളും' വിഷയത്തിൽ സെമിനാർ നടന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക്‌ ശിൽപ്പശാലയും സംഘടിപ്പിച്ചു. എൻഎസ്എസ് ആക്ഷൻ പ്ലാൻ അവതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു, കണ്ണൂർ ആർആർഡി ബിയാട്രീസ് മരിയ, കണ്ണൂർ നോർത്ത് എൻഎസ്എസ് കോ–-ഓഡിനേറ്റർ ശ്രീധരൻ കൈതപ്രം, ഹയർസെക്കൻഡറി അസി. കോ–- ഓഡിനേറ്റർ വി സ്വാതി, എൻഎസ്എസ് നോർത്ത് റീജൺ ആർപിസി വി ഹരിദാസ്, കണ്ണൂർ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്മാൻ ഡെ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി അനിൽകുമാർ, കണ്ണൂർ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ് സി സുനിൽകുമാർ, എൻഎസ്എസ് കാസർകോട് ജില്ലാ കൺവീനർ കെ എൻ മനോജ്കുമാർ, കണ്ണൂർ സർവകലാശാല ഡിഎസ്എസ് കെ വി സുജിത്‌, എൻഎസ്എസ് കണ്ണൂർ സൗത്ത് കോ–- ഓഡിനേറ്റർ കെ എം പ്രേംജിത്ത് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home