ad
Deshabhimani

വിജയരഥമേറാൻ കൂത്തുപറന്പും

കൂത്തുപറന്പ്‌

കൂത്തുപറന്പ്‌

avatar
പി ദിനേശൻ

Published on Mar 11, 2026, 02:00 AM | 2 min read

കൂത്തുപറന്പ്‌

കേരളത്തിലെ ആരോഗ്യമേഖലയുടെ മിന്നും കുതിപ്പിന്റെ അടയാളപ്പെടുത്തലാണ്‌ കൂത്തുപറന്പ്‌ താലൂക്ക്‌ ആശുപത്രി. ഏതൊരു സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റിയെയും വെല്ലുന്ന സംവിധാനത്തോടെ 12 നിലയുള്ള ഇ‍ൗ കൂറ്റൻ ആശുപത്രി തലയുയർത്തി നിൽക്കുന്നു. കൂത്തുപറന്പ്‌ നഗരത്തിലെത്തുന്നവർ അത്ഭുതാദരങ്ങളോടെയാണ്‌ ആശുപത്രിയുടെ വളർച്ച കാണുന്നത്‌. കൂത്തുപറന്പ്‌ മണ്ഡലം കൈവരിച്ച വികസന മുന്നേറ്റത്തിന്റെ നേർസാക്ഷ്യമാണിത്‌. സമസ്‌ത മേഖലയിലും പുരോഗതി കൈവരിച്ച അഞ്ചുവർഷമാണ്‌ കൂത്തുപറന്പും പിന്നിടുന്നത്‌. വലിയവെളിച്ചത്ത്‌ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയൻസസ്‌ കെട്ടിടം, പാനൂർ സബ്‌രജിസ്‌ട്രോഫീസ്‌, കൂത്തുപറന്പ്‌ കൃഷിഭവൻ, പാനൂർ ഫയർ സ്‌റ്റേഷൻ, കോട്ടയം കുടിവെള്ള പദ്ധതി, റോഡുകൾ, പാലങ്ങൾ, നിർമാണം പൂർത്തിയാകുന്ന പാനൂർ മിനി സിവിൽസ്‌റ്റേഷൻ.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികസനമുദ്രകളാൽ സന്പന്നമാണ്‌ കൂത്തുപറന്പ്‌ മണ്ഡലവും. ചെറുവാഞ്ചേരി, കോട്ടയം, കുന്നോത്തുപറന്പ്‌, പെരിങ്ങളം, തൃപ്രങ്ങോട്ടൂർ തെണ്ടപറന്പ്‌ കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക്‌ കെട്ടിടം നിർമിച്ചു. പാനൂർ താലൂക്ക്‌ ആശുപത്രി സ്ഥലമെടുപ്പിനുള്ള നിയമതടസ്സം നീക്കി 93 കോടിരൂപയുടെ കെട്ടിട നിർമാണം വൈകാതെ ആരംഭിക്കും. വികസനത്തിന്റെ ഇ‍ൗ അടിത്തറയിലാണ്‌ ഇടതുപക്ഷം വീണ്ടും അഭിമാനത്തോടെ അങ്കത്തട്ടിലിറങ്ങുന്നത്‌. സോഷ്യലിസ്‌റ്റുകാരും പിന്നീട്‌ കമ്യൂണിസ്‌റ്റുകാരും വിജയപതാക പാറിച്ചതാണ്‌ മണ്ഡല ചരിത്രം. 1970ൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കൂത്തുപറന്പിൽ ആദ്യം ചെങ്കൊടി പാറിച്ചത്‌. മൂന്നു തവണ പിണറായി കൂത്തുപറന്പിൽനിന്ന്‌ നിയമസഭയിലെത്തി. 1957ലെ തെരഞ്ഞെടുപ്പിൽ പിഎസ്‌പിയുടെ പി ആർ കുറുപ്പിനായിരുന്നു ജയം. കെ കെ അബു, എം വി രാഘവൻ, പി വി കുഞ്ഞിക്കണ്ണൻ, കെ പി മമ്മുമാസ്‌റ്റർ എന്നിവരും ജയിച്ചുകയറിയ മണ്ണാണിത്‌. 1996ൽ കൂത്തുപറന്പിൽനിന്നാണ്‌ കെ കെ ശൈലജ ആദ്യമായി നിയമസഭയിലെത്തിയതും. 2001ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ 18,620 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. സുപ്രീംകോടതി തെരഞ്ഞെടുപ്പ്‌ അസാധുവാക്കിയതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ 45,377 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു. 2006ൽ 38,327 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലേക്ക്‌. 1965ൽ മണ്ഡല വിഭജനത്തോടെ നിലവിൽ വന്ന പെരിങ്ങളം മണ്ഡലത്തിലെ ആദ്യവിജയവും പി ആർ കുറുപ്പിന്റെ പേരിലാണ്‌. പെരിങ്ങളത്തുനിന്ന്‌ 5 തവണയും കൂത്തുപറന്പിൽനിന്ന്‌ രണ്ട്‌ തവണയും പി ആർ കുറുപ്പ്‌ നിയമസഭയിലെത്തി. പെരിങ്ങളത്ത്‌ എ കെ ശശീന്ദ്രൻ, എൻ എ മമ്മു ഹാജി, ഇ ടി മുഹമ്മദ്‌ ബഷീർ എന്നിവർ ഓരോ തവണയും കെ എം സൂപ്പി രണ്ടുതവണയും ജയിച്ചു. 2001ലും 2006ലും ജനതാദൾ നേതാവ്‌ കെ പി മോഹനന്റെ ഉ‍ൗഴമായിരുന്നു. മണ്ഡല പുനർനിർണയത്തിനുശേഷമുള്ള 2011ലെ തെരഞ്ഞെടുപ്പിലും വിജയം കെ പി മോഹനനൊപ്പമായി. 2016ൽ എൽഡിഎഫിലെ കെ കെ ശൈലജ 12,243 വോട്ടിന്‌ ജയിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ കെ പി മോഹനൻ 9541 വോട്ടിന്‌ മുസ്ലിംലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയെ തോൽപിച്ചു. എൽഡിഎഫ്‌ 70,626 വോട്ടും യുഡിഎഫ്‌ 61085 വോട്ടും ബിജെപിക്ക്‌ 21,212 വോട്ടും ലഭിച്ചു. കൂത്തുപറന്പ്‌, പാനൂർ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറന്പ്‌ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ മണ്ഡലം. കൂത്തുപറന്പ്‌ നഗരസഭയും പാട്യം, മൊകേരി, കോട്ടയം പഞ്ചായത്തുകളും എൽഡിഎഫ്‌ ഭരണത്തിലാണ്‌.


ആകെ വോട്ടർമാർ– 204458 പുരുഷന്മാർ– 99,500 സ്‌ത്രീകൾ– 104958



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home