ad
Deshabhimani

വോട്ടാവേശം
കരുണേട്ടൻ @ 95

കരുണാകരനും ഭാസ്കരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കരുണാകരനും ഭാസ്കരനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

avatar
ബബിഷ ബാബു

Published on Dec 06, 2025, 02:30 AM | 1 min read

തലശേരി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ പൊന്ന്യത്ത് ഗൃഹസന്ദർശനത്തിന് ഊർജം പകരാൻ 95–ാം വയസിലും കരുണേട്ടനുണ്ട്‌ ചുറുചുറുക്കോടെ. ഒപ്പം സിപിഐ നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന എൺപത്തിയാറുകാരനായ കണ്ട്യൻ ഭാസ്കരനും. വീടുകൾതോറും കയറി വോട്ടഭ്യർഥിക്കാൻ ഇരുവരും ചെറുപ്പക്കാരേക്കാൾ ഉഷാറാണ്. പരിചയം പുതുക്കിയും കുട്ടികളെ കൊഞ്ചിച്ചും സജീവമാണ്‌ ഇരുവരും. 31–ാം വയസിൽ ലോറി ഡ്രൈവറായ പടിക്കലേട്ടി കരുണാകരൻ ഏറെക്കാലം വയനാടായിരുന്നു പ്രവർത്തിച്ചത്‌. ലോറി ഡ്രൈവറായിരിക്കെ ജില്ലാ ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനർസ് കോ–ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു)യിൽ എടുത്ത മെമ്പർഷിപ്പ് കാർഡ് ഇന്നും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ബീഡി തൊഴിലാളിയായ ഭാസ്‌കരൻ ദീർഘകാലം ബീഡി തൊഴിലാളി യൂണിയൻ കതിരൂർ ഡിവിഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 1957 -ൽ നാദാപുരത്ത് സി എച്ച് കണാരൻ മത്സരിച്ച കാലം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് കരുണാകരൻ. 1957- ലെ നാദാപുരം തെരഞ്ഞെടുപ്പിൽ തെങ്ങിൻ മുകളിൽ കയറി പോസ്റ്റർ ഒട്ടിച്ചതും എ കെ ജി നാദാപുരത്ത് വന്നതുമെല്ലാം അദ്ദേഹത്തിന്റെ ഓർമയിൽ തെളിമയോടെയുണ്ട്‌. 57-ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ തലശേരി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ജയിലിൽ കിടന്ന് പാട്യം ഗോപാലൻ മത്സരിച്ചതുൾപ്പെടെയുള്ള നിരവധി ഓർമകൾ അദ്ദേഹം പങ്കിടുന്നു. നാദാപുരത്തിനടുത്തുള്ള ഇരിങ്ങണ്ണൂർ സ്വദേശിയായ കരുണാകരൻ, ലോറി ക്ലീനറായാണ് തലശേരിയിലെത്തിയത്. വിവാഹശേഷം മൂന്നാംമൈലിലേക്ക് താമസം മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home