തീ വിഴുങ്ങിയത് 88 കടമുറികൾ
നഷ്ടം 50 കോടി


സ്വന്തം ലേഖകൻ
Published on Oct 11, 2025, 02:00 AM | 3 min read
തളിപ്പറമ്പ്
തളിപ്പറമ്പ് നഗരത്തിലെ മൂന്നുനില ഷോപ്പിങ് കോംപ്ലക്സിൽ വ്യാഴാഴ്‌ചയുണ്ടായ വൻ തീപിടിത്തത്തിൽ കത്തിയമർന്നത് 40 സ്ഥാപനങ്ങൾ. നഷ്ടം 50 കോടിയിലേക്ക് ഉയരുമെന്നാണ് സൂചന. പൊലീസ്, -റവന്യൂ, - ഇലക്ട്രിക്കൽ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തുന്നുണ്ട്. തളിപ്പറമ്പ് നഗരത്തിലെ, ദേശീയപാതയോടുചേർന്നുള്ള പ്രധാന വ്യാപാരകേന്ദ്രമായ കെ വി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്.112 കടമുറികളാണ് ഇവിടെയുള്ളത്. ഇതിൽ 88 മുറികളിലും തീ പിടിച്ചു. 33 മുറികൾ പൂർണമായും നശിച്ചു. 400 തൊഴിലാളികളാണ് ഇവിടുത്തെ എല്ലാ സ്ഥാപനങ്ങളിലുമായി ജോലിയെടുക്കുന്നത്. ആളപായമില്ല എന്നതാണ് ആശ്വാസകരം. 22 മുറികളിലായി പ്രവർത്തിക്കുന്ന ഷാലിമാർ സ്റ്റോറിന്റെ ഗോഡൗൺ ഉൾപ്പെടെ പൂർണമായി കത്തിയമർന്നു. ആറ് മുറികൾവീതമുള്ള രാജധാനി സൂപ്പർ മാർക്കറ്റ്, ബോയ് സോൺ എന്നിവയും പൂർണമായി നശിച്ചു. തീപിടിത്തത്തിൽ കെ വി കോംപ്ലക്സ് ഉടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. തീ പടർന്നത് ട്രാൻസ്‌ഫോമറിൽനിന്നാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. വ്യാഴം വൈകിട്ട് അഞ്ചിനാണ് നഗരസഭാ ബസ് സ്‌റ്റാൻഡിനോടുചേർന്നുള്ള ചെരിപ്പുകട ‘മാക്സ്ട്രോ’യുടെ ഒന്നാംനിലയിൽ ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന്, മറ്റു സ്ഥാപനങ്ങളിലേക്കും പടർന്നു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ പെരിങ്ങോം, മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് പൂർണമായി തീയണച്ചത്. 12,000 ലിറ്റർ വെള്ളം വഹിക്കുന്ന വാട്ടർ ബൗസറുൾപ്പടെ കണ്ണൂരിൽനിന്ന് എത്തിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
അഗ്നിരക്ഷാസേനയ്ക്ക് ബിഗ് സല്യൂട്ട്
തളിപ്പറമ്പ്
നഗരത്തെ വിഴുങ്ങാൻ ശ്രമിച്ച തീപിടിത്തത്തെ അഗ്നിരക്ഷാസേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്താൽ കീഴ്പ്പെടുത്തിയത് അതിസാഹസികമായി. മൂന്ന് മണിക്കൂറിൽ രണ്ടരലക്ഷം ലിറ്റർ വെള്ളമാണ് 14 യൂണിറ്റ് വാഹനങ്ങളിൽനിന്നുമായി തീയണക്കാൻ പമ്പ് ചെയ്തത്. കെ വി കോംപ്ലക്സിന് പുറത്തേക്ക് തീപടരാതെ നോക്കിയതുകൊണ്ടാണ് അപകടത്തിന്റെ ഭീകരത തടയാനായത്. തീ പുറത്തേക്ക് പടർന്നിരുന്നുവെങ്കിൽ കെട്ടിടത്തിന് പിറകുവശത്തെ സ്ഥാപനങ്ങൾ വഴി മെയിൻ റോഡിലേക്കും ബസ്‌സ്‌റ്റാൻഡ് കോംപ്ലക്സിലേക്കും പടരുമായിരുന്നു. അത് തടയാനുള്ള ആദ്യശ്രമം വിജയിച്ചിരുന്നു. നൂറിലേറെ അഗ്നിരക്ഷാ സേനാ ജീവനക്കാർ കഠിന പ്രയത്നം നടത്തിയാണ് കടകളിൽ കയറി ഷട്ടർ തുറന്ന് തീയണച്ചത്. വാഹനങ്ങൾ ഉള്ളിലേക്ക് കടക്കാനാവാത്തത് വലിയ തിരിച്ചടിയായെങ്കിലും തൊട്ടടുത്ത ബിൽഡിങ്ങിലൂടെ കയറി തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകളിലെത്തിയാണ് തീയണച്ചത്. തളിപ്പറമ്പിനുപുറമെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ സ്റ്റേഷനുകളിൽനിന്നും എം വി ഗോവിന്ദൻ എംഎൽഎ ഇടപെട്ട് അഗ്നിരക്ഷാസേന യൂണിറ്റുകളെ എത്തിച്ചിരുന്നു. ഏറെ ശ്രമകരമായ ദൗത്യം മൂന്നു മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കാനായത് ജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. കൂട്ടായ ശ്രമത്തിലൂടെ ഹൈറിസ്ക് എടുത്ത പ്രവർത്തനങ്ങളിലൂടെ ആഘാതം കുറയ്ക്കാനായെന്നത് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു
വ്യാപാരികൾക്ക് 2 കോടി നൽകും
തളിപ്പറന്പ്
തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ആദ്യഘട്ടമായി അമ്പതുലക്ഷം രൂപ രണ്ട് ദിവസംകൊണ്ട് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മിറ്റിയും തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷനും ചേർന്നാണ് ഏഴുദിവസംകൊണ്ട് രണ്ടുകോടി രൂപ നൽകുന്നത്. കോടികളുടെ നഷ്ടമാണുണ്ടായത്. സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ച് വ്യാപാരികളെ സഹായിക്കണമെന്നും ഇതിനായി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, തളിപ്പറമ്പ് എംഎൽഎ എന്നിവർക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി ബാഷിത് , എം പി തിലകൻ, ജോജിൻ ടി ജോയ്, കെ വി വജയകുമാർ, ഉസ്മാൻ, കെ എസ് റിയാസ് തുടങ്ങിയവരും പങ്കെടുത്തു.
സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് പരിഗണിക്കും
തളിപ്പറമ്പ്
തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രദേശം സന്ദർശിച്ചശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് അഗ്നിക്കിരയായത്. കോഴിക്കോട് മിഠായിത്തെരുവിൽ ഉണ്ടായ തീപിടിത്തമുൾപ്പടെ സമാന സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകിയതുൾപ്പടെ പരിശോധിച്ച് അർഹമായ സഹായം ലഭ്യമാക്കാനാണ് സർക്കാരിനോട് അഭ്യർഥിച്ചത്. ജീവാപായമുൾപ്പെടെ ഇല്ലാതായത് എല്ലാ വേർതിരിവുകളും മാറ്റിവച്ച് തളിപ്പറമ്പിലെ ജനങ്ങളും ഉദ്യോഗസ്ഥരും പൊലീസും അഗ്നിരക്ഷാ സേനയും സർക്കാർ സംവിധാനങ്ങളും ഒരു മനസായി പ്രവർത്തിച്ചതിന്റെ ഫലമാണ്. ഈ ഐക്യം തുടർ പ്രവർത്തനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചും സമഗ്രാന്വേഷണം നടത്തും. അത് ആരെയും പ്രതിക്കൂട്ടിലാക്കാനല്ല. അന്വേഷിച്ച് വസ്തുത കണ്ടെത്താനാണ്. മാനുഷിക പരിഗണന നൽകി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ എല്ലാവിധ സഹകരണവും പൊതുസമൂഹത്തിൽനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ടി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കlൽ പത്മനാഭൻ, തഹസിൽദാർ പി സജീവൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, ഫയർ സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ്, ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ, റവന്യൂ, ഇലക്ട്രിക്കൽ ഉദ്യോഗസ്ഥർ വ്യാപാരി പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു ആർഡിഒ സി കെ ഷാജി സ്വാഗതം പറഞ്ഞു.
യോഗ തീരുമാനങ്ങൾ
ഒരാഴ്ചയ്ക്കകം വ്യാപാരികളിൽനിന്ന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും . നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സാങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടിയെടുക്കും. വ്യാപാരസമുച്ചയങ്ങളിലെ കടകളിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കും.











0 comments