ad
Deshabhimani

സാനിറ്റെെസേഷൻ പോഡുകൾ റെഡി

അലക്കിയെടുക്കാം ഹെൽമെറ്റ്‌

കണ്ണൂർ റെയിൽവേ സ്‌റ്റഷനുസമീപത്തെ പെട്രോൾ 
പമ്പിലുള്ള ഹെൽമെറ്റ്‌ സാനിറ്റൈസേഷൻ പോഡ്‌

കണ്ണൂർ റെയിൽവേ സ്‌റ്റഷനുസമീപത്തെ പെട്രോൾ 
പമ്പിലുള്ള ഹെൽമെറ്റ്‌ സാനിറ്റൈസേഷൻ പോഡ്‌

avatar
കെ വി ശ്രുതി

Published on Jun 14, 2026, 02:34 AM | 1 min read

കണ്ണൂർ

എപ്പോഴും കൂടെയുള്ള ഹെൽമെറ്റിനൊപ്പം തലയിലേറ്റുന്നത്‌ ബാക്ടീരിയകളെയും ഫംഗസുകളെയും ആണെങ്കിലോ..? ഫംഗസ്‌ രോഗങ്ങളും താരനും ചൊറിച്ചിലും അലർജിയും മുടികൊഴിച്ചിലും എല്ലാം കൂടെപ്പോരും. ഇതിനുള്ള മറുമരുന്നാണ്‌ ഹെൽമെറ്റ്‌ സാനിറ്റൈസേഷൻ പോഡുകൾ. വിദേശത്തും വൻ നഗരങ്ങളിലും തരംഗമായ സ്‌മാർട്ട്‌ ഹെൽമെറ്റ്‌ ക്ലീനറുകൾ കേരളത്തിലും എത്തി. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തിനും പിന്നാലെ കണ്ണൂരും ഇ‍ൗ കുഞ്ഞൻപെട്ടികളെത്തി. ഇരുചക്രവാഹനങ്ങളിലെ യാത്രയിൽ ഹെൽമെറ്റ്‌ നിർബന്ധമാണെങ്കിലും അവയുടെ ശുചിത്വം പലരും പാടേ അവഗണിക്കാറുണ്ട്‌. മാസങ്ങളോളം ഉപയോഗിക്കുന്ന ഹെൽമെറ്റുകൾ പൊടിയും വിയർപ്പും എണ്ണയും ക്രീമും മഴവെള്ളവുമൊക്കെച്ചേർന്ന്‌ രോഗാണുക്കളുടെ താവളമാവും. ഇ‍ൗ സാഹചര്യത്തിലാണ്‌ ഹൈജീൻ പോഡുകൾ ശ്രദ്ധയാകർഷിക്കുന്നത്‌. ഒരു കുഞ്ഞൻ പെട്ടിയിലാണ്‌ ഹെൽമെറ്റുകളുടെ സാനിറ്റൈസിങ്‌. വെള്ളം ഉപയോഗിക്കാത്ത ഡ്രൈ ക്ലീനിങ് സാങ്കേതികവിദ്യയാണിത്‌. പുറത്തുള്ള സ്‌കാനറിൽ പേമെന്റ്‌ നടത്തിയാൽ ഡോർ ഓപ്പണാകും. അകത്തുള്ള ട്രേയിൽ ഹെൽമെറ്റ്‌ വച്ച്‌ വാതിൽ അടച്ചാൽ ക്ലീനർ പണിതുടങ്ങും. അൾട്രാവയലറ്റ്‌ രശ്‌മികൾ, ഓസോൺ സാങ്കേതികവിദ്യ, ഹീറ്റ്‌ ഡ്രയർ എന്നിവ ഉപയോഗിച്ചാണ്‌ യന്ത്രത്തിന്റെ പ്രവർത്തനം. അഞ്ചുമിനിറ്റിനകം ഹെൽമെറ്റിന്റെ ഉൾവശത്തെ ബാക്ടീരിയയും ദുർഗന്ധവുംനീക്കി സുഗന്ധം പൂശിയ ഹെൽമെറ്റ്‌ തിരികെയെടുക്കാം. ചോക്കലേറ്റ്‌ ഉൾപ്പെടെയുള്ള ഫ്‌ളേവറുകൾ ഉണ്ട്‌. 69 രൂപമുതലാണ്‌ നിരക്ക്‌. പെട്രോൾ പന്പുകൾ, പാർക്കിങ്‌ ഏരിയകൾ, മാളുകൾ, കോർപ്പറേറ്റ്‌ ഓഫീസുകൾ എന്നിവിടങ്ങളിലാണ്‌ പോഡുകൾ ആദ്യഘട്ടത്തിൽ എത്തിയത്‌. ഫ്രഷ്‌പോഡ്‌, ഷീൽഡ്‌ എക്‌സ്‌ തുടങ്ങിയ കന്പനികൾ ഹെൽമെറ്റ്‌ സാനിറ്റെെസേഷൻ പോഡുകളുമായി രംഗത്തുണ്ട്‌. കണ്ണൂരിൽ റെയിൽവേ സ്‌റ്റഷനുസമീപത്തുള്ള പെട്രോൾ പന്പിൽ രണ്ടുമാസംമുന്പാണ്‌ ജില്ലയിൽ ഇത്‌ ആദ്യമായി എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home