ad
Deshabhimani

മുടക്കില്ല പൊതിച്ചോറ്‌

കൈമാറിയത്‌ 11.88 ലക്ഷം സ്നേഹപ്പൊതികൾ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ശനിയാഴ്ച ഡിവൈഎഫ്‌ഐ പയ്യന്നൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ഹൃദയപൂർവം പദ്ധതിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ശനിയാഴ്ച ഡിവൈഎഫ്‌ഐ പയ്യന്നൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ഹൃദയപൂർവം പദ്ധതിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു

avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Jul 12, 2026, 02:00 AM | 1 min read

പരിയാരം

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടപ്പാക്കിവരുന്ന ഹൃദയപൂർവം ഉച്ചഭക്ഷണപദ്ധതി നാലാംവർഷവും ഒരു ദിവസംപോലും മുടങ്ങാതെ മുന്നോട്ട്‌. 11,88,450 സ്നേഹപ്പൊതികളാണ്‌ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കുമായി ഇതുവരെ വിതരണംചെയ്തത്. ആയിരങ്ങൾക്ക്‌ ആശ്വാസമായ പദ്ധതി തകർക്കുന്നതിന്‌ സർക്കാർ ആശുപത്രികളിൽ ഭക്ഷണവിതരണം നിർത്തണമെന്ന്‌ ജി സുധാകരൻ എംഎൽഎ നടത്തിയ പ്രസ്‌താവനയിൽ കടുത്ത പ്രതിഷേധമാണുയരുന്നത്‌. സംസ്ഥാനത്താകമാനം ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം മാതൃകയാക്കിയാണ് 2023 ഫെബ്രുവരി ആദ്യവാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം തുടങ്ങിയത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇ പി ജയരാജനാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. പലയിടങ്ങളിൽനിന്നുള്ള വീടുകളിൽനിന്ന് ഒറ്റമനസ്സോടെ തയ്യാറാക്കിനൽകുന്ന 950ൽപ്പരം പൊതിച്ചോറുകളാണ് ഒരു ദിവസംപോലും മുടങ്ങാതെ ആശുപത്രിയിലെത്തുന്നത്‌. ഇവിടത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാണ് ഇ‍ൗ സ്‌നേഹപ്പൊതികൾ. പെരിങ്ങോം, മാടായി, പയ്യന്നൂർ, തളിപ്പറമ്പ്, പാപ്പിനിശേരി, ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള മേഖലാ കമ്മിറ്റികളാണ് യൂണിറ്റ് തലത്തിൽനിന്ന് ഭക്ഷണപ്പൊതികൾ ശേഖരിച്ചെത്തിക്കുന്നത്. എന്ത്‌ പ്രതിസന്ധിയുണ്ടായാലും യുവജന പ്രസ്ഥാനത്തിന്റെ വാഹനം ഉച്ചയ്‌ക്ക്‌ മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ പൊതിച്ചോറ് നൽകാനെത്തും.

വിളന്പുന്നത്‌ സ്‌നേഹം

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംവേണ്ടിയാണ്‌ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതി. അറിയുകപോലും ചെയ്യാത്ത ആളുകൾക്കുവേണ്ടി ചോറിനും കറികൾക്കുമൊപ്പം സ്നേഹംകൂടിയാണ്‌ ഓരോരുത്തരും പൊതിഞ്ഞെടുക്കുന്നത്‌. ഒരു ദിവസംപോലും മുടങ്ങാതെ ഡിവൈഎഫ്ഐ പദ്ധതി തുടരുകതന്നെ ചെയ്യും. –

കെ അനുശ്രീ (ഡിവൈ
എഫ്ഐ ജില്ലാ പ്രസിഡന്റ്)

ചെറുതല്ല, ആശ്വാസം

ഭർത്താവിന് അസുഖമായതിനാൽ ഒരു മാസത്തിലധികമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസവും ഡിവൈഎഫ്ഐ കൊണ്ടുവരുന്ന പൊതിച്ചോർ വാങ്ങാറുണ്ട്. എന്നെപ്പോലെയുള്ളവർക്ക് ഏറെ ആശ്വാസമാണ് ഈ പദ്ധതി. ഈ കരുതൽ തുടരണം –

ബീന സജീവൻ, 
 ചെറുകുന്ന്​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home