തിരക്കേറി, കുരുക്കും

ഇരിട്ടി
കൊട്ടിയൂർ ഉത്സവത്തിന് കർണാടകത്തിൽനിന്നുള്ള തീർഥാടകത്തിരക്കിൽ തലശേരി – മൈസൂരു അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ചുരം പാതവഴി കൊട്ടിയൂരിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഇത്തവണ റെക്കോഡ് വർധന. ചെറുതും വലുതുമായ ടൂറിസ്റ്റ് വാഹനങ്ങളിലാണ് കുടകിൽനിന്നും കർണാടകത്തിലെ മറ്റ് ജില്ലകളിൽനിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്നത്. ഞായറാഴ്‌ച അർധരാത്രിയോടെ കൂറ്റൻ മരം പൊട്ടി ചുരം റോഡിലേക്ക് വീണതും അന്തർസംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കണ്ണൂർ, തലശേരി ഭാഗങ്ങളിലേക്കുള്ള നിരവധി ടൂറിസ്റ്റ് ബസുകൾക്കൊപ്പം പതിവ് യാത്രാവാഹനങ്ങളും ചുരത്തിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാലവർഷം തുടങ്ങിയശേഷം മൂന്നാംതവണയാണ് മരംവീണ് ഗതാഗതം സ്തംഭിച്ചത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് കർണാടകത്തിൽനിന്നുള്ള വാഹനത്തിരക്കും ചുരം റോഡിൽ കുരുക്കായി. ഇരുവശത്തുമായി വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടതോടെ വണ്ടികൾക്ക് കടന്നുപോകാൻ സാധിക്കാതായി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ടരയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി ചുരം പാതയിൽ വാഹനത്തിരക്ക് കടുത്തു. കർണാടകത്തിൽനിന്നുള്ള തീർഥാടകരുടെ വാഹനങ്ങൾ കുട്ട, ബാവലി, മാനന്തവാടി, ബോയ്‌സ് ടൗൺ, പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്നതിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബദൽ പാതയെന്ന നിലയിൽ വാഹനങ്ങൾ വീരാജ്‌പേട്ട, മാക്കൂട്ടം, ഇരിട്ടി വഴി കൊട്ടിയൂരിലേക്ക് പോകുന്നതാണ് ചുരത്തിൽ കരുക്ക് വർധിക്കാൻ കാരണം.









0 comments