തീരദേശമാറ്റങ്ങൾ പഠിക്കാനൊരുങ്ങി ജില്ലാപഞ്ചായത്തും കണ്ണൂർ സർവകലാശാലയും

തളിപ്പറമ്പ്
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശമേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാനൊരുങ്ങി കണ്ണൂർ സർവകലാശാല. ജില്ലയിലെ തീരദേശ പഞ്ചായത്തുകളെയും അവയുടെ കടലോരത്തെയും പ്രത്യേകമായി നിരീക്ഷിക്കും. തീരദേശത്തെ ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങളും പഠനവിധേയമാക്കും. ‘തീരദേശ പഠനവും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യപരിശോധനയും’ പ്രൊജക്ടിനായി ജില്ലാ പഞ്ചായത്തുമായി സർവകലാശാലാ ധാരണപത്രത്തിൽ ഒപ്പിട്ടു. ജില്ലാ പഞ്ചായത്തിന്റെ ദുരന്തനിവാരണ - കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വർക്കിങ് ഗ്രൂപ്പാണ് പദ്ധതി വിഭാവനം ചെയ്തത്. വിവരസാങ്കേതിക വിദ്യ, റിമോട്ട് സെൻസിങ് ജിഐഎസ് എന്നിവയുടെ സഹായത്തോടെയും തീരദേശ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, വായനശാലകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ വഴി ജനകീയ പഠനമാതൃകയിലുമാണ് തീരദേശ പഠനം നടത്തുക. പദ്ധതിക്കായി 6. 5 ലക്ഷം രൂപ ജില്ല പഞ്ചായത്ത് മാറ്റിവയ്ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയും വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജുവും പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. സർവകലാശാലക്കുവേണ്ടി രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസും ജില്ലാ പഞ്ചായത്തിനുവേണ്ടി സെക്രട്ടറി ടിനി സൂസൺ ജോണും ധാരണപത്രത്തിൽ ഒപ്പിട്ടു. സിൻഡിക്കറ്റിനുവേണ്ടി പ്രൊഫ. എ അശോകൻ, ഐക്യു എസി ഡയറക്ടർ പ്രൊഫ. അനൂപ് കേശവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ, സർവകലാശാല വകുപ്പ് മേധാവികൾ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു, എം രാഘവൻ, പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ, പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി കെ പ്രേമൻ, ജൂനിയർ സൂപ്രണ്ട് ചിത്രൻ എന്നിവർ സംസാരിച്ചു. . പദ്ധതി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ടി കെ പ്രസാദ് സ്വാഗതവും രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് നന്ദിയും പറഞ്ഞു.










0 comments