പാസ്പോർട്ട് നഷ്ടപ്പെട്ട് യുവതി ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി
കണ്ണൂരിലെ ടെർമിനൽ മാനേജർ രക്ഷകനായി

രാഗേഷ് കായലൂർ
Published on May 25, 2025, 03:00 AM | 1 min read
കണ്ണൂർ
പാസ്‌പോർട്ട് നഷ്ടപ്പെട്ട് ഷാർജ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനാകാതെ പ്രയാസപ്പെട്ട യുവതിക്ക് രക്ഷകനായി കണ്ണൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർ. കഴിഞ്ഞദിവസം കണ്ണൂർ–-ഷാർജ എയർ ഇന്ത്യാ എക്‌സ്‌പ്രസിലെ യാത്രക്കിടെ പാസ്‌പോർട്ട് കാണാതായി ഷാർജ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടിയ തലശേരി സ്വദേശി ഖദീജ സിനോസിനാണ് ടെർമിനൽ മാനേജർ സിജി രാജിന്റെ ഇടപെടൽ രക്ഷയായത്. രാത്രി 7.50നാണ് ഖദീജയും ബന്ധുവായ മറ്റൊരു പെൺകുട്ടിയും ഷാർജയിലേക്ക് പോയത്. 11ന് വിമാനമിറങ്ങി ടെർമിനലിലേക്കുള്ള ബസ് യാത്രയിൽ ബാഗ് പരിശോധിച്ചപ്പോൾ ഒരാളുടെ പാസ്‌പോർട്ട് കാണാനില്ല. ഉടൻ അധികൃതരെ അറിയിച്ചു. വിമാനം ഒരു മണിക്കൂറിനുള്ളിൽ കണ്ണൂരിലേക്ക് പുറപ്പെടും. അതിനുമുമ്പ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ട രണ്ടുപേർക്കും എന്തുചെയ്യണമെറിയാത്ത സ്ഥിതി. പാസ്‌പോർട്ടില്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കി പുറത്തേക്ക് വരാനാകില്ല. ജോലി നഷ്ടമാകും. അടുത്ത വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയക്കും. പിഴയും ചുമത്തും. ഷാർജ എയർപോർട്ടിലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജറും യാത്രക്കാരിയുടെ ബന്ധുക്കളും വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും പാസ്‌പോർട്ട് ഇല്ലാതെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. പാസ്‌പോർട്ട് കണ്ണൂർ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ടെർമിനൽ മാനേജർ സിജി രാജിനെ വിളിച്ചു. വിമാനത്താവളത്തിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സിസിടിവി പരിശോധിച്ച് വിമാനത്തിൽ കയറുമ്പോൾ കൈയിൽ പാസ്പോർട്ട് ഉണ്ടായിരുന്നുവെന്ന് ഉറപ്പാക്കിയ സിജി രാജ് വിമാനത്തിൽ കയറുമ്പോൾ പാസ്പോർട്ട് ഉണ്ടായിരുന്നുവെന്ന് ഇ മെയിൽ അയച്ചു. കണ്ണൂരിൽനിന്നുള്ള ഇ മെയിൽ സന്ദേശം മാനേജരെ കാണിച്ചതോടെ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചു. രാവിലെ അഞ്ചിന് കണ്ണൂരിലെത്തിയ വിമാനം സിജിരാജും എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരും പരിശോധിച്ച് സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുന്ന പാസ്‌പോർട്ട് കണ്ടെത്തി വൈകിട്ടത്തെ വിമാനത്തിൽ ഷാർജയിലേക്ക് കൊടുത്തയച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജി രാജ് 2017 മുതൽ കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനാണ്.









0 comments