ad
Deshabhimani

ഹൃദയച്ചുവപ്പാണ്‌ തലശേരി

കാരായി രാജൻ
avatar
പി ദിനേശൻ

Published on Mar 31, 2026, 02:30 AM | 2 min read

തലശേരി

‘എന്റെ ഓരോദിവസവും തുടങ്ങുന്നത്‌ കാരായി രാജനി’ലൂടെയാണെന്ന്‌ പറഞ്ഞത്‌ എഴുത്തുകാരൻ എം മുകുന്ദനാണ്‌. അതിരാവിലെ മൊബൈൽ ഫോണിൽ സന്ദേശമായി എത്തുന്ന നാലുവരി കവിതയിലൂടെ അനേകം പേരുടെ പ്രഭാതത്തെ കവിതയാക്കുന്നുണ്ട്‌ കാരായി രാജൻ. ആശാനും ഇടശേരിയും വൈലോപ്പിള്ളിയും ചുള്ളിക്കാടും തുടങ്ങി ന്യൂജെൻ കവികളുടെവരെ നാലുവരികൾ സന്ദേശമായി എത്രയോ കാലമായി കാരായി അയക്കുന്നു. സംസ്ഥാനത്താദ്യമായി സഹകരണ സ്ഥാപനം കവിയുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തിയതും കാരായി രാജൻ കതിരൂർ ബാങ്കിനെ നയിച്ച കാലത്താണ്‌. കവികളോടും സാഹിത്യകാരന്മാരോടും കലാകാരന്മാരോടും ഹൃദയബന്ധം പുലർത്തുന്ന നേതാവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി കാരായി രാജൻ. വർഷങ്ങളായി തലശേരിയിൽ തെരഞ്ഞെടുപ്പ്‌ പോരാട്ടം നയിക്കുന്ന കാരായി പോർക്കളത്തിലിറങ്ങുന്നത്‌ ഇതാദ്യം. സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയിൽനിന്ന്‌ പടിപടിയായി വളർന്നുവന്ന സഖാവ്‌. ലാളിത്യവും എളിമയും വിനയവും മുഖമുദ്ര. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയത. ഏത്‌ പാതിരാക്ക്‌ ആരുവന്ന്‌ വിളിച്ചാലും കൂടെ ഇറങ്ങിപ്പോകുന്നൊരാൾ. ഇ‍ൗ വ്യക്തിവൈശിഷ്‌ട്യമാണ്‌ കാരായിയെ പ്രിയങ്കരനാക്കുന്നത്‌. കതിരൂർ ബാങ്കിനെ ലാഭത്തിലെത്തിച്ചും റബ്‌കോയെ തകർച്ചയിൽനിന്ന്‌ രക്ഷിച്ചും സഹകരണ രംഗത്തും സാന്നിധ്യമറിയിച്ചു. മുഖ്യമന്ത്രിയെയും മൂന്ന്‌ മന്ത്രിമാരെയും സ്‌പീക്കറെയും കേരളത്തിന്‌ സംഭാവന ചെയ്‌ത മണ്ഡലമാണ്‌ തലശേരി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, മന്ത്രിമാരായ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ, കോടിയേരി ബാലകൃഷ്‌ണൻ, എൻ ഇ ബാലറാം, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ തലശേരിയുടെ പ്രതിനിധികളായിരുന്നു. ഇവരുടെ പിൻഗാമിയായാണ്‌ കാരായി രാജൻ ജനിവിധി തേടുന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും റബ്‌കോ ചെയർമാനുമാണ്‌. കതിരൂർ പുല്യോട്‌ സി എച്ച്‌ നഗർ സ്വദേശി. കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ ഇടതുപക്ഷം വോട്ടഭ്യർഥിക്കുന്നത്‌. മാറ്റം തൊട്ടറിഞ്ഞ ജനം എൽഡിഎഫിനൊപ്പം അണിനിരക്കുന്നതിൽ അത്ഭുതമില്ല. അഞ്ച്‌ തവണ കോടിയേരി ബാലകൃഷ്‌ണൻ ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും എ എൻ ഷംസീറാണ്‌ വിജയക്കൊടി പാറിച്ചത്‌. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ പി അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്‌ മുട്ടുകുത്തിച്ചു. 2021ൽ 36,801 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിനാണ്‌ കോൺഗ്രസിലെ എം പി അരവിന്ദാക്ഷനെ തോൽപിച്ചത്‌. പുതുമുഖപോരാണ്‌ ഇത്തവണത്തെ തലശേരിയുടെ പ്രത്യേകത. യുഡിഎഫ്‌ സ്ഥാനാർഥിയായി ഡിസിസി ജനറൽ സെക്രട്ടറിയും കടവത്തൂർ സ്വദേശിയുമായ കെ പി സാജുവും എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന സമിതി അംഗം ഇരിട്ടി സ്വദേശി ഒ നിധീഷും മത്സരിക്കുന്നു. 2021ൽ ബിജെപിക്ക്‌ സ്ഥാനാർഥിയുണ്ടായിരുന്നില്ല. തലശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ മണ്ഡലം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇടതുഭരണമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home