പ്ലാറ്റ്‌ഫോമിലും പാർക്കിങ് ഏരിയയിലും മേൽക്കൂരയില്ല
മഴയും വെയിലുമേൽക്കണം തലശേരി റെയിൽവേ സ്‌റ്റേഷനിൽ

തലശേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് യാർഡിൽ മേൽക്കൂരയില്ലാത്തതിനാൽ വെയിലും മഴയുമേൽക്കുന്ന രീതിയിൽ നിർത്തിയിട്ട വാഹനങ്ങൾ
സ്വന്തം ലേഖിക
Published on Jun 14, 2026, 02:48 AM | 1 min read
തലശേരി
കോടികൾ ചെലവിട്ട് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ തലശേരി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്കേ ഭാഗത്ത് മേൽക്കൂരയില്ലാത്തതും തെക്കേ അറ്റത്തെ മേൽക്കൂരയിലെ വലിയ വിടവുകളും യാത്രക്കാർക്ക് ദുരിതമാകുന്നു. പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്ത് മേൽക്കൂരയില്ലാത്തിനാൽ യാത്രക്കാർ മഴയും വെയിലുമേൽക്കണം. കനത്ത മഴയിൽ ഓടിയെത്തി ട്രയിനിൽ കയറേണ്ടിവരുന്നത് അപകടഭീഷണിയുയർത്തുന്നു. പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്ത് ഇരുവശങ്ങളിലുമുള്ള മേൽക്കൂരയിലെ വിടവുകൾ കൂട്ടിയോജിപ്പിക്കാത്തതിനാൽ മഴവെള്ളം പ്ലാറ്റ്‌ഫോമിലേക്ക് ഒലിച്ചിറങ്ങി തറയിൽ വഴുക്കലുമുണ്ട്. കഴിഞ്ഞ വർഷവും ഇതേ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഡിവിഷണൽ ഓഫീസിൽനിന്ന് ഉറപ്പ് ലഭിച്ചതല്ലാതെ പരിഹാരമുണ്ടായില്ല. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ഈ ഒഴിച്ചിട്ട സ്ഥലത്ത് അടിയന്തരമായി മേൽക്കൂര നിർമിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്റ്റേഷനിൽ വിശാലമായ പാർക്കിങ് ഏരിയ ഒരുക്കിയെങ്കിലും മേൽക്കൂരയില്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായാണ് ഇരു പ്ലാറ്റ്‌ഫോമുകൾക്കും പിന്നിലായി വലിയ പാർക്കിങ് സൗകര്യം ഒരുക്കിയത്. യാർഡ് നിർമാണത്തിനായി തണൽമരങ്ങളെല്ലാം മുറിച്ചുമാറ്റിയതോടെ വാഹനങ്ങൾ കടുത്ത വെയിലും മഴയും ഏൽക്കേണ്ടിവരുന്നു. മലയോര മേഖലകളിൽനിന്നടക്കം ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് രണ്ടും മൂന്നും ദിവസം വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് യാത്രപോകുന്നത്. മഴക്കാലമാകുന്നതോടെ ഇരുചക്രവാഹനങ്ങൾ നശിക്കാനുള്ള സാധ്യതയും കൂടുതലാണ്. മാഹി, വടകര തുടങ്ങിയ സമീപ സ്റ്റേഷനുകളിലെല്ലാം പാർക്കിങ് ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടും തലശേരിയോട് അവഗണന കാട്ടുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. പാർക്കിങ് ഏരിയയിൽ ബൈക്കുകളിലെ ഹെൽമെറ്റ് മോഷണം പതിവാകുന്നതായും പരാതിയുണ്ട്.










0 comments