ad
Deshabhimani

കല്യാശേരിയിൽ 
തെളിഞ്ഞ ചിത്രം

എം വിജിൻ

എം വിജിൻ

avatar
പി പി സതീഷ്‌കുമാർ

Published on Mar 28, 2026, 02:00 AM | 2 min read

കല്യാശേരി

കേരളത്തിലെ ഏറ്റവും ചെറുപ്പമുള്ള മണ്ഡലങ്ങളിലൊന്നാണ്‌ കല്യാശേരി. 2011ൽ രൂപം കൊണ്ട മണ്ഡലത്തിൽ മത്സരിക്കുന്നവരും ചെറുപ്പക്കാരാണ്‌. രണ്ടാം മത്സരത്തിനിറങ്ങുന്ന സിറ്റിങ് എംഎൽഎ എം വിജിന്റെ പ്രായം 36. യുഡിഎഫിനും എൻഡിഎയ്‌ക്കുമായി രംഗത്തിറങ്ങുന്നവരും പുതുമുഖങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സമാഹരിച്ച വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫിലെ എം വിജിൻ ജയിച്ചത്‌. ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ കൂടുതൽ ചുവപ്പുരാശി തെളിയുന്ന നാടാണിത്‌. കനത്ത പോരാട്ടം കാഴ്‌ചവയ്‌ക്കാൻപോലും യുഡിഎഫിന്‌ കഴിയാത്ത കല്യാശേരിയിൽ പ്രതീക്ഷകൾക്ക്‌ വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആരും കരുതുന്നില്ല. യുഡിഎഫിന്‌ പ്രതീക്ഷ പുലർത്താവുന്ന ഒന്നും മണ്ഡലത്തിൽ ഇന്നോളവും സംഭവിച്ചിട്ടുമില്ല. കെ പി ആർ ഗോപാലനും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കളുടെ നാട്‌ ഉൾപ്പെടുന്ന മണ്ഡലം കേരളത്തിന്റെ വികസനത്തെ നയിച്ച ‘കല്യാശേരി മോഡൽ ’ സൃഷ്ടിച്ച ദേശമാണ്‌. ആ വികസനത്തുടർച്ചയുടെ കുതിപ്പ്‌ മണ്ഡലത്തിൽ എല്ലായിടത്തുമുണ്ട്‌. പത്തുവർഷത്തിനിടെ നടപ്പാക്കിയ മൂവായിരം കോടി രൂപയുടെ വികസനത്തിനാണ്‌ എൽഡിഎഫ്‌ വോട്ടുചോദിക്കുന്നത്‌. കാർഷികരംഗത്തെ ഇടപെടലിൽ കല്യാശേരി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്‌. ചെറുകുന്ന്, കല്യാശേരി, കണ്ണപുരം, മാട്ടൂൽ, പട്ടുവം, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി–-പാണപ്പുഴ, കുഞ്ഞിമംഗലം, മാടായി പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മണ്ഡലം. മാടായിയും മാട്ടൂലും ഒഴികെയുള്ളവ എൽഡിഎഫ്‌ ഭരണത്തിലാണ്‌. ഇതിൽ കല്യാശേരി, കണ്ണപുരം, ചെറുതാഴം പഞ്ചായത്തുകൾ പ്രതിപക്ഷമില്ലാതെയാണ്‌ എൽഡിഎഫ്‌ ഭരിക്കുന്നത്‌. 2021ൽ 44,393 വോട്ടിനാണ്‌ എം വിജിൻ കോൺഗ്രസിലെ ബ്രിജേഷ്‌കുമാറിനെ പരാജയപ്പെടുത്തിയത്‌. 2011–-ൽ മണ്ഡലം നിലവിൽ വന്ന ശേഷമുള്ള ആദ്യമത്സരത്തിൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ടി വി രാജേഷ്‌ യുഡിഎഫിലെ പി ഇന്ദിരയെ തോൽപ്പിച്ചത്‌. 2016–-ൽ കോൺഗ്രസിലെ അമൃത രാമകൃഷ്‌ണനെതിരെ ടി വി രാജേഷ്‌ ഭൂരിപക്ഷം ഉയർത്തി–-42,891. എം വിജിൻ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമാണ്‌. ബാലസംഘം ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോ. സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ച വിജിൻ മണ്ഡലത്തിലുടനീളം സുപരിചിതനാണ്‌. ഡിസിസി ജനറൽ സെക്രട്ടറിയായ അഡ്വ. രാജീവൻ കപ്പച്ചേരിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. പട്ടുവം സ്വദേശിയായ രാജീവൻ 2015ൽ പട്ടുവം പഞ്ചായത്ത്‌ അംഗമായിരുന്നു. കണ്ണൂർ എസ്‌ എൻ കോളേജിലെ യൂണിവേഴ്‌സ്‌റ്റി യൂണിയൻ ക‍ൗൺസിലറായിരുന്നു. ബിജെപി കണ്ണൂർ നോർത്ത്‌ ജില്ലാ പ്രസിഡന്റായ എ വി സുനിൽകുമാറാണ്‌ എൻഡിഎ സ്ഥാനാർഥി. ​ ​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home