1.67 കോടിയുടെ സൈബർ തട്ടിപ്പ്
കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി രണ്ടാഴ്‌ചയായി ജയിലിൽ

കണ്ണൂർ
സൈബർ തട്ടിപ്പുകേസിൽ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രണ്ടാഴ്‌ചയായി ജയിലിൽ. കല്ലിക്കോടൻ രാഗേഷാണ് സേലം ജയിലിൽ കഴിയുന്നത്. കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ വിശ്വസ്‌തനായ ഇയാൾക്കെതിരെ കണ്ണൂരിലും നിക്ഷേപത്തട്ടിപ്പ് അടക്കമുള്ള പരാതികളുണ്ട്. 1.67 കോടിയുടെ സൈബർ തട്ടിപ്പുകേസിലാണ് കണ്ണൂർ ലേബർ വെൽഫെയർ കോ– ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുകൂടിയായ കല്ലിക്കോടൻ രാഗേഷിനെയും സൊസൈറ്റി സെക്രട്ടറി ജിതേഷിനെയും മാർച്ച് 15ന് തമിഴ്‌നാട് പൊലീസ് അറസ്റ്റ്‌ചെയ്‌തത്. ചെന്നൈ സൈദാപേട്ട് മെട്രോപൊളിറ്റൻ കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. റിമാൻഡിലായി 17 ദിവസം കഴിഞ്ഞിട്ടും രാഗേഷിന് പുറത്തിറങ്ങാനായിട്ടില്ല. രാഷ്‌ട്രീയ പ്രേരിതമായ കേസാണെന്നും റിമാൻഡിനുള്ള വകുപ്പുപോലുമില്ലെന്നുമാണ് അന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത്. എന്നാൽ, കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്യുകയായിരുന്നു. സേലം, പശ്ചിമ ബംഗാൾ, കർണാടകം എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽനിന്നാണ് അരക്കോടിയോളം രൂപ കണ്ണൂർ ലേബർ വെൽഫെയർ കോ– ഓപ്പറേറ്റീവ് സൊസൈറ്റി അക്കൗണ്ടിലെത്തിയത്. തമിഴ്‌നാട് സൈബർ പൊലീസും കണ്ണൂർ ടൗൺ പൊലീസും അനധികൃത പണമിടപാടിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. 45 ലക്ഷം രൂപയുടെ അനധികൃത പണമിടപാടിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. 1.67 കോടി രൂപ സൈബർ തട്ടിപ്പുനടത്തിയ സേലത്തെ അക്കൗണ്ടിൽനിന്ന് 20 ലക്ഷം രൂപയും പശ്‌ചിമബംഗാൾ, കർണാടകം എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽനിന്ന് 25 ലക്ഷം രൂപയും സൊസൈറ്റിയുടെ പേരിലുള്ള കണ്ണൂർ ഫോർട്ട്‌റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലാണെത്തിയത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ഓൺലൈൻ തട്ടിപ്പ് പരാതിയിൽ രജിസ്റ്റർചെയ്‌ത അക്കൗണ്ടിൽനിന്നാണ് പണമെത്തിയതെന്ന് തെളിഞ്ഞതോടെയാണ് തമിഴ്‌നാട് പൊലീസ് കണ്ണൂരിലെത്തി ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി അസ്‌റ്റിലായതോടെ കോൺഗ്രസിന്റെ സൈബർ തട്ടിപ്പുകാരുമായുള്ള ബന്ധമാണ് വെളിവായത്. സൊസൈറ്റിയുടെ അ ക്കൗണ്ടിൽവന്ന പണം ചെക്കുവഴി പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ് സമയത്താണ് 20 ലക്ഷം രൂപ സൊസൈറ്റിയുടെ അക്കൗണ്ടിലെത്തിയത്.ഫെബ്രുവരിയിലാണ് തവണകളായി 25 ലക്ഷം രൂപയെത്തിയത്. ഇൗ പണമൊക്കെയും അതത് സമയത്തുതന്നെ പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി . നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ സേലം സ്വദേശി ബാലമുരുഗൻ നൽകിയ പരാതിയിൽ തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് 1.67 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടിൽനിന്ന് സൊസൈറ്റി അക്കൗണ്ടിലേക്ക് പണമെത്തിയത് കണ്ടെത്തിയത്. സൈബർ തട്ടിപ്പുകാർ ലഭിക്കുന്ന പണം ഉടൻ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ചെയ്യാറ്. പൊലീസിൽ പരാതി ലഭിച്ച് അന്വേഷണം തുടങ്ങുന്പോഴേക്കും ഇൗ അക്കൗണ്ട് കാലിയായിട്ടുണ്ടാകും. തട്ടിപ്പിലൂടെ നേടുന്ന പണം മാറ്റുന്നതിന് വിപുലമായ നെറ്റ്‌വർക്കാണ് പ്രവർത്തിക്കുന്നത്. ഇത് രാജ്യത്തിനുപുറത്തേക്കും നീളുന്നതാണ്. ഇൗ ശൃംഖലയുടെ ഭാഗമായാണ് കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖനേതാവ് പ്രവർത്തിച്ചത്.










0 comments