ad
Deshabhimani

ഹോട്ടലുകളിൽ 
പാതിയും 
നിലച്ചു

അടുപ്പ്‌ പുകയുന്നു

പാചക വാതക പ്രതിസന്ധി
വെബ് ഡെസ്ക്

Published on Mar 17, 2026, 03:00 AM | 1 min read

കണ്ണൂർ

യുദ്ധം സൃഷ്ടിച്ച പാചകവാതക ക്ഷാമം രൂക്ഷമായി തുടരവേ കണ്ണൂരിൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകൾ പൂട്ടിത്തുടങ്ങി. നഗരങ്ങളിൽ പാതിയോളം ഹോട്ടലുകൾ മാത്രമാണ്‌ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്‌. കണ്ണൂർ നഗരത്തിൽ തിങ്കളാഴ്‌ചമുതൽ അന്പതോളം ഹോട്ടലുകൾ പൂട്ടി. പയ്യന്നൂർ നഗരത്തിൽ ഇരുപതിലധികം ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ല. കോഫീ ഹ‍ൗസുകൾ പലയിടത്തും ‘കോമൺ കിച്ചൺ’ സംവിധാനത്തിലേക്ക്‌ മാറി. വിറകടുപ്പുകളെ കൂടുതൽ ആശ്രയിച്ചാണ്‌ ശേഷിക്കുന്നവ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കുന്നത്‌. തട്ടുകടകളെയാണ്‌ പ്രതിസന്ധി ആദ്യം ബാധിച്ചത്‌. ഗ്യാസ്‌ മാത്രമാണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌ എന്നതിനാൽ തട്ടുകടകളിൽ മിക്കതും പ്രവർത്തിക്കുന്നില്ല. ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പഷേൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കന്പനികളാണ്‌ ജില്ലയിൽ പാചകവാതകം വിതരണംചെയ്യുന്നത്‌. ക്ഷാമം രൂക്ഷമായതിനാൽ ബുക്കുചെയ്യുന്നവർക്ക്‌ വിതരണത്തിന്‌ കൂടുതൽ ദിവസമെടുക്കുന്നുണ്ടെന്ന്‌ കന്പനി വൃത്തങ്ങൾ പറഞ്ഞു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുടക്കമില്ലാതെ സിലിൻഡറുകൾ എത്തിക്കാൻ നിർദേശമുണ്ട്‌. പാചകവാതകം പൂഴ്‌ത്തിവയ്‌പ്പ്‌ ഉൾപ്പെടെയുള്ളവ തടയാൻ സിവിൽ സപ്ലൈസ്‌ വിഭാഗം ജില്ലയിൽ പരിശോധന തുടങ്ങി. അതിഥിത്തൊഴിലാളികളാണ്‌ ഹോട്ടൽ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും. ഇവർ നാട്ടിലേക്ക്‌ മടങ്ങിയാൽ തിരികെവരുമെന്ന്‌ ഉറപ്പില്ലാത്തതിനാൽ നഷ്ടംസഹിച്ചും ചില ഹോട്ടലുകൾ പ്രവർത്തിക്കുകയാണ്‌. ഇന്ത്യൻ കോഫീ ഹ‍ൗസിന്റെ തെക്കീബസാറിലെ മൂന്ന്‌ ഭക്ഷണശാലകൾക്ക്‌ പല വിഭവങ്ങളും പൊതുഅടുക്കളയിലാണ്‌ തയ്യാറാക്കുന്നത്‌. ഫോർട്ട്‌ റോഡ്‌, പ്ലാസ ബ്രാഞ്ചുകളിലും ഒരുമിച്ചാണ്‌ ചോറും കറികളും ഒരുക്കുന്നത്‌. പലയിടത്തും കുടുതൽ വിറകടുപ്പ്‌ ഉപയോഗിക്കുന്നതിന്‌ സ്ഥലപരിമിതി തടസ്സമാകുന്നു. സ്ഥലപരിമിതിയുള്ള അടുക്കളകളിൽ വിറകടുപ്പ്‌ ഉപയോഗിക്കുന്നതിൽ പ്രായോഗിക പ്രായസമുള്ളതിനാൽ ചില ബ്രാഞ്ചുകൾ വരും ദിവസങ്ങളിൽ അടച്ചിടേണ്ട സാഹചര്യവുമുണ്ടെന്ന്‌ കോഫീഹ‍ൗസ്‌ സൊസൈറ്റി സഹകരണ സംഘം പ്രസിഡന്റ്‌ എൻ ബാലകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home