രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരശീല വീണു

തലശേരി കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണയ്‌ക്ക് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച തലശേരി രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. നാല്‌ദിവസം നീണ്ട മേളയുടെ സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്‌തു. ലിബർട്ടി ടാക്കീസിലെ ഒ പി രാജ്‌മോഹൻ വേദിയിൽ ചേർന്ന സമാപന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയായി. ദേശീയ–സംസ്ഥാന ചലച്ചിത്ര പുരസ്‌കാരംനേടിയ നടൻ വിജയരാഘവനെ സ്പീക്കർ എ എൻ ഷംസീർ ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ സെയ്‌ത്തു, സി കെ രമ്യ, പി പി സനിൽ, നടൻ ബിനീഷ് കോടിയേരി, ടി എം ദിനേശൻ, പ്രദീപ് ചൊക്ലി, ജിത്തു കോളയാട്, എസ് കെ അർജുൻ എന്നിവർ സംസാരിച്ചു. ചലച്ചിത്രമേള വിജയകരമായി സംഘടിപ്പിച്ച ചലച്ചിത്ര അക്കാദമി ഭാരവാഹികളായ പ്രേംകുമാർ, സി അജോയ് എന്നിവർക്ക് തലശേരിയുടെ സ്‌നേഹോപഹാരം സ്‌പീക്കർ എ എൻ ഷംസീർ നൽകി. കെ രാഘവൻ മാസ്‌റ്റർക്ക് ആദരം 12ാമത് ചരമവാർഷിക ദിനത്തിൽ കെ രാഘവൻ മാസ്‌റ്ററെ അനുസ്‌മരിക്കുന്ന വേദികൂടിയായി സമാപന സമ്മേളനം. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. മാസ്‌റ്റർ ഒരുക്കിയ ‘ കായലരികത്ത് വലയെറിഞ്ഞപ്പോൾ...’എന്ന ഹിറ്റ് ഗാനം ആലപിച്ചപ്പോൾ സദസ് പാട്ടിനൊപ്പം കൈയടിച്ച് ഇൗണങ്ങളുടെ രാജശിൽപ്പിക്ക് ആദരമർപ്പിച്ചു. പ്രദർശിപ്പിച്ചത് 55 സിനിമ ലോക സിനിമയെ അടുത്തറിയാൻ വടക്കൻ കേരളത്തിലെ പ്രേക്ഷകർക്ക് അവസരമൊരുക്കിയ മേളയിൽ സമാപന ദിവസം 15 സിനിമയാണ് പ്രദർശിപ്പിച്ചത്. ഐ ആം സ്‌റ്റിൽ ഹിയർ, എ പാൻ ഇന്ത്യൻ സ്‌റ്റോറി, മുഖക്കണ്ണാടി, ദി റൂം നെക്‌സ്‌റ്റ് ഡോർ, മീറ്റിങ്ങ് വിത്ത് പോൾ പോട്ട് തുടങ്ങി വ്യത്യസ്‌ത കാഴ്‌ചാനുഭവങ്ങൾ സമ്മാനിക്കുന്ന ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നാല് ദിവസം 55 സിനിമകൾ മൂന്ന് ടാക്കീസിലായി കാണാനുള്ള സുവർണാവസരമാണ് തലശേരി രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷകർക്ക് സമ്മാനിച്ചത്. തലശേരി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടർച്ചയുണ്ടാവണമെന്ന അഭ്യർഥനയോടെയാണ് മേളക്ക് കൊടിയിറങ്ങിയത്.











0 comments