മെസ്സി ഇതിഹാസം

കടന്നപ്പള്ളി ‘‘ന്റെ മോനേ... മെസ്സിയുടെ ഷോട്ടുകൾ കണ്ട് തുള്ളിച്ചാടിപ്പോയി. അൾജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക്കടിച്ച സൂപ്പർ താരം ലയണൽ മെസ്സിയാണ് എല്ലായിടത്തും സംസാര വിഷയം’’– കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ ജ്യോതിഷ് ഷിജോ പറഞ്ഞു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തും കുടുംബശ്രീ സിഡിഎസും കടന്നപ്പള്ളി സ്‌കൂൾ എസ്‌പിസി യൂണിറ്റും സ്പോർട്സ് ക്ലബും ചേർന്ന് ചന്തപ്പുരയിൽ സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ലോകകപ്പ്' എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജ്യോതിഷും കൂട്ടുകാരും. ചന്തപ്പുരയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ ബോർഡിനരികിൽ പി വി ആരോമൽ, എൻ വി കാർത്തിക്, എം അർസാൻ, പി വി അമേഘ്, കെ മുനവ്വിർ, സിനാൻ മുഹമ്മദ് തുടങ്ങിയവരും അണിനിരന്ന് മെസ്സി വിജയം ആഘോഷിച്ചു. സ‍്കൂളിൽ ബ്രസീൽ, പോർച്ചുഗൽ, സ്‌പെയിൻ ആരാധകരും സജീവമാണ്. പഠനത്തിന്റെ ഇടവേളകളിൽ തങ്ങളുടെ ടീമുകൾക്ക് വേണ്ടിയുളള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മത്സരങ്ങൾ അധികവും രാത്രിയായതിനാൽ ഉറക്കത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നാലും ടീമിനോടുള്ള ആവേശം അതിനെയെല്ലാം മറികടക്കുന്നു– കൂട്ടുകാർ ആവേശം പങ്കിട്ടു.
വാമോസ് ... വാമോസ്
കിഴുന്ന ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കുമൊപ്പം കിഴുന്നയിലെ കടലോരത്തും ആവേശത്തിന്റെ ആരവം. മെസ്സിയുടെ ബൂട്ടിൽനിന്നും ഗോൾ പിറന്നപ്പോൾ കിഴുന്ന കടലിലും നീലത്തിരകൾ ഇളകിയാടി. ‘‘നീലയും വെള്ളയും വെറുമൊരു നിറമല്ല, അത് തങ്ങളുടെ ഹൃദയമിടിപ്പാണെന്ന് മെസ്സിയും ടീമും ഒരിക്കൽ കൂടി തെളിയിച്ചു. ബ്രസീൽ ആരാധകനാണെങ്കിലും പറയാതിരിക്കാൻ പറ്റില്ല’’– കെഎൽഎഫ്സി വെറ്ററൻസ് കണ്ണൂർ ടീമിന്റെ ഭാഗമായ അഭയകുമാർ പറയുന്നു. ഇത്തവണയും മിശിഹായുടെ ടീം കപ്പുയർത്തും; ഉറപ്പ് .... പറയുന്നത് പ്ലസ്ടു വിദ്യാർഥികളായ മുഹമ്മദ് തമറും മുഹമ്മദ് ഷാസിലും ചേതസ് വിനോദുമാണ്. കിഴുന്ന ബീച്ചിന് അരികിലുള്ള റോഡിന് ഇരുവശവും ഇഷ്ട ടീമിന്റെ ബാനറും, പടുകൂറ്റൻ ബോർഡും പതാകയും സ്ഥാപിച്ചും ജേഴ്സിയണിഞ്ഞുമാണ് ഇവർ ലോകകപ്പ് ആവേശം നെഞ്ചേറ്റുന്നത്.
"ട്രിവോണ്ട' ലോകകപ്പ് ആഘോഷം
പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ‘ട്രിവോണ്ട’ ലോകകപ്പ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ലോകകപ്പ് ക്വിസ്, ഫെയ്‌സ് പെയിന്റിങ്, പെനാൽറ്റി ഷൂട്ടൗട്ട്, ഫാൻസ് ടീം ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടത്തി. അക്കാദമിക് ബ്ലോക്കിൽ ഫാൻസ് ഷോയുമുണ്ടായി. കോ -കരിക്കുലർ ആൻഡ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എം വി ആർ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമനാണ് ആഘോ ഷ പരിപാടികളുടെ ഉദ്ഘാടനവും ‘ട്രിവോണ്ട’ എന്ന പേരിന്റെ അനാച്ഛാദനവും നിർവഹിച്ചത്.










0 comments