print edition തകരുന്നത് 1,07,000 കുടുംബങ്ങളുടെ സ്വപ്‌നം

റഷീദ് ആനപ്പുറം
Published on Jun 21, 2026, 06:32 AM | 1 min read
തിരുവനന്തപുരം
: യുഡിഎഫ് സർക്കാർ ലെൈഫ് ഭവന പദ്ധതി ഇല്ലാതാക്കുന്നതോടെ അനിശ്‌ചിതത്വത്തിലാകുന്നത്, നിർമാണമാരംഭിച്ച 1,07,000 വീടുകളുടെ പൂർത്തീകരണം. ഇതിൽ 26,638 വീട് എസ്‌സി വിഭാഗത്തിന്റേതും 6702 വീട് എസ്‌ടി വിഭാഗത്തിന്റേതുമാണ്. രണ്ടും മൂന്നും ഘട്ടത്തിലെ നിർമാണം പൂർത്തിയായ 33,340 വീടുകളുടെ ഭാവി തകർത്തുകൊണ്ടാണ് ബജറ്റിൽ എസ്‌സി–എസ്‌ടി വിഭാഗങ്ങൾക്ക് പുതിയ ഭവനപദ്ധതി പ്രഖ്യാപിച്ച് സർക്കാർ ജനങ്ങളെ പറ്റിക്കുന്നത്.
എല്ലാ ഭവനരഹിതർക്കും ഭൂരഹിത ഭവന രഹിതർക്കും അടച്ചുറപ്പുള്ള വീട് ലക്ഷ്യമിട്ടാണ് 2017 മെയ് 23ന് എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. 72,000 രൂപ മാത്രം ലഭിക്കുന്ന കേന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കളെയും ലൈഫിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയുടെ ആനുകൂല്യം നൽകി. 6,08,475 വീട് അനുവദിച്ചതിൽ 5,01,475 വീടിന്റെ നിർമാണം പൂർത്തിയായി.
ശേഷിക്കുന്ന 1,0700 വീടിന്റെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. എസ്‌സി വിഭാഗത്തിന് 1,56,631 വീടുകൾക്ക് കരാർ ഒപ്പിട്ടതിൽ 1,29,993 വീട് നിർമാണം പൂർത്തിയാക്കി കൈമാറി. ശേഷിക്കുന്നത് 26,638 വീടുകൾ. എസ്‌ടി വിഭാഗങ്ങൾക്കുള്ള 53,707 വീടിന് കരാർ ഒപ്പിട്ടു. ഇതിൽ 47,005 വീട് പൂർത്തിയായി കൈമാറി. ഇനി 6702 വീടുകൂടിയുണ്ട്. ലൈഫ് ജനറൽ വിഭാത്തിന് ഒരു വീടിന് നാല് ലക്ഷംരൂപ നൽകുന്പോൾ എസ്‌സി–എസ്‌ടി വിഭാഗത്തിന് ഇൗ തുക ആറുലക്ഷമാണ്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബജറ്റിൽ 1057.26 കോടിരൂപ വകയിരുത്തിയതിനാൽ നിർമാണം പുരോഗമിക്കുന്ന വീടുകൾക്കുള്ള ഫണ്ട് നിലവിലുണ്ട്. ഇതിനുപുറമെ 1500 കോടിരൂപ വായ്‌പാനുമതിയും നൽകിയിരുന്നു. അതിൽ ആദ്യഘട്ടമായി 750 കോടി വായ്‌പയെടുക്കാൻ തീരുമാനിച്ചെങ്കിലും 725 കോടിമാത്രമാണ് എടുത്തത്. കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ പല അടവുകളും വിവിധ ഘട്ടങ്ങളിൽ യുഡിഎഫ് പയറ്റിയിട്ടുണ്ട്.
അധികാരത്തിലെത്തിയാൽ പദ്ധതി അവസാനിപ്പിക്കുമെന്നാണ് നേതാക്കൾ പറഞ്ഞത്. വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിനെതിരെ സിബിഐയെ സമീപിച്ചതും അന്ന് യുഡിഎഫ് എംഎൽഎ ആയിരുന്ന അനിൽ അക്കരയാണ്. അധികാരത്തിലെത്തിയതോടെ പദ്ധതിതന്നെ കുഴിച്ചുമൂട-ുകയാണ്.









0 comments