ad
Deshabhimani

അനിശ്‌ചിതത്വത്തിന്‌ പരിഹാരമാകുന്നു

ജില്ലാ ആശുപത്രിയിലേക്ക്‌ 
വെള്ളമെത്തിക്കാൻ പുതിയ പൈപ്പ്‌ ലൈൻ

ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വെള്ളമെത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ 
തിങ്കളാഴ്‌ച കലക്ടറുടെ ചേന്പറിൽ ചേർന്ന യോഗം
വെബ് ഡെസ്ക്

Published on Jun 09, 2026, 02:30 AM | 2 min read

കണ്ണൂർ

ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിലേക്ക്‌ കുടിവെള്ളമെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്‌ചിതത്വത്തിന്‌ പരിഹാരമാകുന്നു. സംഗീത ടാക്കീസ്‌ പരിസരത്തെ ടാങ്കിന്‌ പകരം നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്‌ലൈനിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ പുതിയ ലൈനിലൂടെ വെള്ളമെത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തിങ്കളാഴ്‌ച കലക്ടർ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. ഇതിനായി ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. പൈപ്പ്‌ ലൈൻ സ്‌ഥാപിക്കാൻ കോർപറേഷൻ അനുമതി നൽകാത്തത്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ മെയ്‌ 30ന്‌ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ്‌ കലക്ടർ അടിയന്തര യോഗം വിളിച്ചുചേർത്തത്‌. മതിയായ ജലലഭ്യത ഉറപ്പാക്കാനാകാത്തിനാൽ സൂപ്പർ സ്‌പെഷ്യാലിറ്റി സമുച്ചയത്തിന്‌ അഗ്‌നിരക്ഷാസേനയുടെ എൻഒസി ഇതുവരെയും ലഭ്യമായിട്ടില്ല. മെയിൻ ലൈനിൽ നിന്ന് കന്റോൺമെന്റ് പരിധിയിലൂടെ അല്ലാതെ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമോ എന്നതാണ്‌ പരിശോധിക്കുക. കലക്ടർ പി വിഷ്ണുരാജാണ് യോഗം വിളിച്ചുചേർത്തത്‌. യോഗത്തിൽ മേയർ പി ഇന്ദിര, ടി ഒ മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബി ഒ പ്രശാന്ത് കുമാർ ഉൾപ്പെടെ പങ്കെടുത്തു. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക്‌ ദിനംപ്രതി രണ്ട്‌– രണ്ടര ലക്ഷം ലിറ്റർ വെള്ളം വേണം. നിലവിൽ വെള്ളമെത്തിക്കുന്നത്‌ മേലേചൊവ്വയിലെ ടാങ്കിൽ നിന്ന്‌ വീതി കുറഞ്ഞ പിവിസി പൈപ്പിലൂടെയാണ്‌. ഇതുമാത്രം ആശ്രയിച്ച്‌ ആശുപത്രി പ്രവർത്തനം സാധ്യമാവില്ലെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്‌ ജല അതോറിറ്റിക്ക്‌ 2.31 കോടി രൂപ അടച്ച്‌ ഒരു വർഷമായി കാത്തിരിക്കുകയാണ്‌. ദിനംപ്രതി ആയിരങ്ങൾ ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയോട്‌ കോർപറേഷൻ സ്വീകരിക്കുന്ന നിലപാട്‌ അനുചിതമാണെന്നും ബിനോയ്‌ കുര്യൻ പറഞ്ഞു. സംഗീത ടാക്കീസ്‌ പരിസരത്തെ 16 ലക്ഷം ലിറ്റർ ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പ്രദേശത്തെ വിതരണത്തിന്‌ തികയാത്ത അവസ്ഥയുണ്ടെന്ന് മേയറും എംഎൽഎയും വാദിച്ചു. നേരത്തെ ജലഅതോറിറ്റി തീരുമാനിച്ച പൈപ്പ്‌ ലൈൻ 2,200 മീറ്ററാണ്‌. പുതിയ നിർദേശപ്രകാരമുള്ള പൈപ്പ്‌ലൈനിന്‌ ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരമേയുണ്ടാകൂ. രണ്ടാഴ്‌ചക്കകം എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ ജലഅതോറ്റിയെ യോഗം ചുമതലപ്പെടുത്തി. അനുമതി ലഭിക്കുന്ന പക്ഷം രണ്ടാഴ്‌ചക്കകം പൈപ്പിടൽ തീർക്കാനാകുമെന്ന്‌ ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി ഷബ്‌ന, അസിസ്റ്റന്റ് കളക്ടർ എസ്‌ സ്വാതി, ജല അതോറിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, ജില്ലാ ആശുപത്രി ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home