അതിജീവനത്തിന്റെ പയ്യന്നൂർ മാതൃക


പ്രകാശൻ പയ്യന്നൂർ
Published on Nov 27, 2025, 03:00 AM | 1 min read
കണ്ണൂർ ആരോഗ്യ കാർഷിക മേഖലകളിൽ ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട് നടത്തിയ നൂതനപദ്ധതികളാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിനെ വ്യത്യസ്‌തമാക്കുന്നത്. കോവിഡ് കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ കരിവെള്ളൂർ ആരോഗ്യകേന്ദ്രത്തിൽ സിഎഫ്‌എൽടിസി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചത്. പെരിങ്ങോം താലൂക്ക് ആശുപത്രി, കരിവെള്ളൂർ ആരോഗ്യ കേന്ദ്രം എന്നിവ സുസജ്ജമാക്കി ജനങ്ങൾക്ക് മികച്ച ചികത്സ ഉറപ്പാക്കി. ക്യാൻസർ, വൃക്ക രോഗികൾക്കും പാലിയേറ്റീവ് പരിചരണവും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർക്കുമായി വിവിധ പദ്ധതികൾ നടപ്പാക്കി. നിർധനരായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. കാർഷികാഭിവൃദ്ധിക്കും നൂതന പദ്ധതികൾ നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായി ‘ഞങ്ങളും കൃഷിയിലേക്ക് ’ നടപ്പാക്കി. കാർഷിക പാടശേഖരങ്ങളിൽ നെൽകൃഷിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ഒൗഷധഗ്രാമം, സസ്യാരോഗ്യ ക്ലിനിക്ക്, പാടശേഖരസമിതി കാർഷിക കർമസേനക്ക് യന്ത്രോപകരണങ്ങൾ – ട്രാക്ടർ ഉൾപ്പെടെ കാർഷിക ഉപകരണ വിതരണം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കി. മൃഗ സംരക്ഷണ മേഖലയിൽ ക്ഷീര കർഷകർക്ക് പാൽവില സബ്സിഡി, കാലിത്തീറ്റ വിതരണം, സ്വയം സഹായ സംഘങ്ങൾ വഴി പശുവളർത്തൽ, ജൈവ വളം നിർമാമ്മാണ യൂണിറ്റ്, ഓട്ടോമാറ്റിക് മിൽക്ക് പാക്കിങ് മെഷീൻ വിതരണം തുടങ്ങിയവ നടപ്പാക്കി. ഖാദി മേഖലയിൽ ശുചിത്വ സംവിധാനങ്ങളും ചർക്കകൾ വാങ്ങുന്നതിനുള്ള സഹായവും നൽകി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ രാമന്തളി, കുഞ്ഞിമംഗലം, കരിവെള്ളൂർ – പെരളം, കാങ്കോൽ – ആലപ്പടന്പ്, എരമം – കുറ്റൂർ, പെരിങ്ങോം – വയക്കര, ചെറുപുഴ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കമ്യൂണിസ്റ്റ് – കർഷക പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽ മുഴുവൻ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമാണ്. ജനങ്ങളെ കണ്ടറിഞ്ഞുള്ള വികസനപദ്ധതികളാണ് ഭരണസമിതി നടപ്പാക്കിയത്. ഇത്തവണ മുഴുവൻ സീറ്റുകളിലും വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പ്രചാരണത്തിലും ഏറെ മുന്നിലാണ്. വാർഡ് വിഭജനത്തിൽ 13ൽനിന്ന് 14 ഡിവിഷനായി ഉയർന്നു.










0 comments