Deshabhimani

മോട്ടോർ സ്പോർട്സിൽ 
കണ്ണൂരിന്റെ ‘താർക്ഷ്യ’ കുതിക്കും

താർക്ഷ്യ റേസിങ്‌ കാർ
വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 AM | 1 min read

കണ്ണൂർ

രാത്രി വൈകിയിട്ടും കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിന്റെ മെക്കാനിക്കൽ വർക്ക്​ഷോപ്പിൽ വെളിച്ചം അണഞ്ഞിട്ടില്ല. ലോഹത്തിന്റെയും മെഷീൻ ഓയിലിന്റെയും മണംനിറഞ്ഞ അന്തരീക്ഷത്തിൽ ഒരു ഫോർമുല റേസിങ്‌ കാറെന്ന സ്വപ്‌നംപണിതെടുക്കുകയാണ്‌ അവർ. ഉറക്കമില്ലാത്ത രാത്രികളുടെയും വിയർപ്പിന്റെയും പ്രതിസന്ധികളുടെയും പരാജയങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും ആ കഥയെ ലോഹത്തിൽ കൊത്തിയെടുത്ത്‌ ‘താർക്ഷ്യ റേസിങ്‌’ (Tarkshya Racing) എന്നവർ പേരുനൽകി. ഇന്ത്യയിലെ ശ്രദ്ധേയ റേസിങ്‌ വേദികളിലൊന്നായ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ ഇടവുംനേടി. പരിമിതികളേറെയുള്ള ഒരു സർക്കാർ എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികൾ അറിവും അധ്വാനവും ഉപയോഗിച്ച് ഒരു ഫോർമുല കാർ രൂപകൽപ്പനചെയ്ത് നിർമിച്ച് ദേശീയ റേസിങ്‌ ട്രാക്കിലേക്കെത്തിക്കുകയെന്നത് ഒരു സാധാരണ സാങ്കേതിക നേട്ടമല്ല. ആത്മവിശ്വാസ പ്രഖ്യാപനമാണ്. മോട്ടോർസ്പോർട്സ് എൻജിനിയറിങ്‌ എന്ന ആവേശകരമായ സാങ്കേതിക സംസ്കാരം ക്യാമ്പസിൽ വളർത്തിയെടുക്കുക ലക്ഷ്യമിട്ടാണ്‌ കോളേജിൽ ആദ്യമായി ഫോർമുല സ്റ്റുഡന്റ് ടീം രൂപീകരിക്കപ്പെട്ടത്. റേസിങ്‌ കാർ രൂപകൽപ്പന, നിർമാണം, പരിശോധന, പ്രകടന വിലയിരുത്തൽ, ചെലവ് നിയന്ത്രണം, സാങ്കേതിക അവതരണം, മാനേജ്മെന്റ് തുടങ്ങി യഥാർഥ വ്യവസായലോകത്തിലെ എല്ലാവിധ വെല്ലുവിളികളെയും നേരിട്ടുള്ള അപൂർവ പഠനാനുഭവമാണിത്. സാമ്പത്തികം, സാങ്കേതികസ‍ൗകര്യം, അസംസ്‌കൃത വസ്‌തുക്കൾ, മുൻപരിചയം എന്നിങ്ങനെ പരിമിതികളേറെ. അളവിലെ നേരിയ വ്യത്യാസംപോലും വാഹനത്തിന്റെ പ്രവർത്തനത്തെയും സ്ഥിരതയെയും ബാധിച്ചേക്കാം. ഡിസൈനുകൾ തിരുത്തിയും പരിശോധിച്ചും വീണ്ടും തിരുത്തിയുമായിരുന്നു മുന്നോട്ടുള്ള യാത്ര. സങ്കീർണ സംവിധാനങ്ങളൊക്കെ ഇതുപോലെ ആവർത്തിച്ചുറപ്പിച്ചാണ്‌ അവർ ‘താർക്ഷ്യ’ക്ക്‌ ജീവൻ പകർന്നത്‌. കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ മുൻ മേധാവി ഡോ. പി ഗോവിന്ദനാണ്‌ താർക്ഷ്യ റേസിങ്ങിന്റെ ഫാക്കൽറ്റി അഡ്വൈസർ. കോളേജിന്റെ പൂർവവിദ്യാർഥി സംഘടന സീക്ക്‌ (കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌ അലൂമ്‌നി അസോസിയേഷൻ കണ്ണൂർ) ആണ്‌ പിന്തുണയുമായി ഈ സ്വപ്നയാത്രയ്‌ക്കൊപ്പംനിന്നത്‌. സെപ്‌തംബർ രണ്ടുമുതൽ അഞ്ചുവരെ നടക്കുന്ന സുപ്ര സെയ്‌ന്ത്യ 2026, സ്‌റ്റുഡന്റ് ഫോർമുല കോംപറ്റീഷനിലാണ്‌ ടീം പങ്കെടുക്കുന്നത്. രാജ്യത്തെ പ്രമുഖ എൻജിനിയറിങ്‌ സ്ഥാപനങ്ങളിൽനിന്നുള്ള പരിചയസമ്പന്ന ടീമുകൾ പങ്കെടുക്കുന്ന വേദിയിലേക്ക് ഉത്തരകേരളത്തിൽനിന്ന് യോഗ്യത നേടിയ ഏക ടീമാണ്‌ താർക്ഷ്യയെന്ന അഭിമാനനേട്ടവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home