ad
Deshabhimani

ആയിക്കരയിൽ അരക്കോടി ചെലവാക്കിയത്രേ....

ഒന്നും കാണാനില്ലല്ലോയെന്ന്‌ 
മത്സ്യത്തൊഴിലാളികൾ

കണ്ണൂർ ആയിക്കരയിലെ മത്സ്യമാർക്കറ്റ്
avatar
ആദർശ്‌ ലക്ഷ്‌മണൻ

Published on Dec 05, 2025, 03:00 AM | 1 min read

കണ്ണൂര്‍

കണ്ണൂര്‍ കോര്‍പ്പറേഷൻ അരക്കോടി ചെലവാക്കി നവീകരിച്ച ആയിക്കരയിലെ മത്സ്യമാർക്കറ്റിലേക്കുള്ള വഴിയിലെ ഇന്റർലോക്കുകൾ ഇളകിത്തുടങ്ങി. കൊട്ടിഘോഷിച്ച്‌ മത്സ്യത്തൊഴിലാളികളെ പറ്റിക്കാൻ തട്ടിക്കൂട്ടിയ പദ്ധതിക്കാണ്‌ അകാല ചരമം. കോർപറേഷന്റെ പദ്ധതി നടത്തിപ്പിലെ അനാസ്ഥയുടെ നേര്‍സാക്ഷ്യമാണ് ആയിക്കരയിലെ മത്സ്യമാര്‍ക്കറ്റ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെപ്തംബറില്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ മാര്‍ക്കറ്റ് മേയര്‍ മുസ്ലിഹ് മഠത്തിലാണ് ഉദ്ഘാടനം ചെയ്തത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി അരക്കോടി രൂപയുടെ പ്രവൃത്തികള്‍ ഇവിടെ നടപ്പാക്കിയെന്നാണ് കോര്‍പറേഷന്റെ അവകാശവാദം. നേരത്തെ ടൈലിട്ടിരുന്ന നിലത്ത് ഇന്റര്‍ലോക്ക് പാകി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിത്തുടങ്ങി. പ്രവേശന കവാടത്തില്‍തന്നെ ഇളകിയ ഇന്റര്‍ലോക്ക് കട്ടകളാണുള്ളത്. മത്സ്യം വിൽക്കുന്ന ഇടവും പുറത്തെ ചുമരുകളും ടൈല്‍പാകിയിട്ടുണ്ട്. ഇ‍ൗ പ്രവൃത്തികള്‍മാത്രമാണ് നവീകരണത്തിന്റെ ഭാഗമായി നടന്നതെന്നും ഒരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെയില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മാര്‍ക്കറ്റില്‍നിന്നുള്ള മലിനജലവും മത്സ്യാവശിഷ്ടങ്ങളും കെട്ടിടത്തിന് പിറകിലെ ഓടവഴി സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുകയാണ്. ഓടയുടെ സ്ലാബുകള്‍ തകര്‍ന്നതിനാല്‍ അസഹനീയമായ ദുര്‍ഗന്ധം പ്രദേശത്ത് ഉയരുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജോലിചെയ്യുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. മാര്‍ക്കറ്റിന്റെ ശുചിത്വം പരിപാലിക്കുന്നതില്‍ കോര്‍പറേഷന്‍ പൂര്‍ണപരാജയമാണ്. ഹരിതകര്‍മ സേനാംഗങ്ങള്‍ ഇവിടെ എത്താറുണ്ടെങ്കിലും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ എടുക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. 2015ല്‍ ബയോഗ്യാസ് സംവിധാനം ഒരുക്കിയിരുന്നെങ്കിലും നിലവില്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. മാര്‍ക്കറ്റിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ഏതു സമയത്തും വീഴാറായ നിലയിലാണ്. മതില്‍ അപകടാവസ്ഥയിലായതിനാല്‍ ഇരുചക്രവാഹനങ്ങളും ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മതിലിന് സമീപം നിര്‍ത്തിയിടാന്‍ മാര്‍ക്കറ്റിലുള്ളവര്‍ ഭയപ്പെടുകയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മത്സ്യമാര്‍ക്കറ്റ് എന്ന പേര് എഴുതി സ്ഥാപിച്ച ബോര്‍ഡുപോലും തകര്‍ന്ന നിലയിലാണുള്ളത്. കുടിവെള്ള സൗകര്യംപോലും ഇവിടെ ഒരുക്കിയിട്ടില്ല. 25 മത്സ്യത്തൊഴിലാളികള്‍ പുലര്‍ച്ചെ മൂന്നുമുതല്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പുലര്‍ച്ചെമുതല്‍ നിരവധി പേര്‍ മത്സ്യം വാങ്ങാനും എത്താറുണ്ട്. മാര്‍ക്കറ്റിലെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ 50 ലക്ഷം രൂപ വിനിയോഗിച്ച് തട്ടികൂട്ട് നവീകരണ പ്രവൃത്തിയാണ് കോര്‍പറേഷന്‍ മാര്‍ക്കറ്റില്‍ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home