പ്രതികാര സ്ഥലംമാറ്റത്തിനെതിരെ കെഎസ്എഫ്ഇ ഓഫീസ് ധർണ

ആലപ്പുഴ
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ കെഎസ്എഫ്ഇ ആലപ്പുഴ മേഖല ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണനടത്തി. ഭരണാനുകൂല സംഘടനകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനുകൂല സ്ഥലങ്ങളിലേക്ക് യഥേഷ്ടം സ്ഥലംമാറ്റം വാങ്ങിക്കൂട്ടുന്നു. മാനദണ്ഡങ്ങൾ അട്ടിമറിച്ച് പ്രതിപക്ഷ സംഘടന നേതാക്കളെയും അംഗങ്ങളെയും വടക്കൻ ജില്ലകളിലേക്ക് കൂട്ടമായി സ്ഥലംമാറ്റി. ഒരു വർഷത്തിനുള്ളിൽ വിരമിക്കുന്നവരെയും പ്രായംചെന്ന വനിതകളെയും വിധവകളെയും ഗുരുതരരോഗത്തിന് അടിമകളായവരെയും പ്രതികാര ബുദ്ധിയോടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ശമ്പള പരിഷ്കരണ കരാറിന്റെ പേരുപറഞ്ഞ് അതിന്റെ ഭാഗമല്ലാതിരുന്ന മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ആനുകൂല്യങ്ങൾ മുഴുവൻ വെട്ടിക്കുറച്ച സർക്കുലർ പിൻവലിക്കുക, ഹെഡ് ഓഫീസിൽ പൂർത്തിയായ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടിൽ തുടർനടപടികൾ ആരംഭിക്കുക, ജീവനക്കാർക്ക് മേൽ ചുമത്തുന്ന ബാധ്യതകൾ ഒഴിവാക്കുക, സ്വകാര്യതയിലേക്ക് കടന്നുകയറി ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് വായടപ്പിക്കുന്ന ശിക്ഷാനടപടികളിൽനിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഡിമാൻഡ് ലെറ്റർ മേഖല അസി.ജനറൽ മാനേജർക്ക് കൈമാറി. ധർണ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ഷീജ ഉദ്ഘാടനംചെയ്തു.ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വിനീതൻ അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് സ്വാഗതവും യൂണിയൻ ജില്ലാ ട്രഷറർ കെ കെ അജിത നന്ദിയും പറഞ്ഞു.










0 comments