ad
Deshabhimani

പോഷൺ ട്രാക്കറിൽ നിർബന്ധം

അങ്കണവാടി ജീവനക്കാർ 
ദുരിതത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ഷാജിത്ത് കെ ആമ്പിലാട്

Published on Mar 02, 2026, 02:00 AM | 2 min read

കൂത്തുപറമ്പ്

അങ്കണവാടി ജീവനക്കാരെ മാനസിക സമ്മർദത്തിലാഴ്ത്തി കേന്ദ്ര സർക്കാരിന്റെ പോഷൺ ട്രാക്കർ. പ്രവർത്തനക്ഷമമല്ലാത്ത മൊബൈൽ ഫോൺ നൽകി ജീവനക്കാരെ ദുരിതത്തിലാക്കിയതിന് പിന്നാലെയാണ് ഭക്ഷ്യവസ്‌തുക്കൾ നൽകുന്നതിന് മുഖംതിരിച്ചറിയലടക്കം നിർബന്ധമാക്കിയത്. 2018–ലാണ് കേന്ദ്ര സർക്കാർ ‘പോഷൺ അഭിയാൻ’ പേരിൽ മൊബൈൽ ആപ്പ് തുടങ്ങിയത്. 2019–ൽ അങ്കണവാടി ജീവനക്കാർക്ക് മൊബൈൽ ഫോൺ നൽകുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ ആപ്പിലൂടെ ചെയ്യണമെന്ന നിർദേശവും നൽകി. എന്നാൽ, പല ഫോണുകളും ഉപയോഗയോഗ്യമായിരുന്നില്ല. പലർക്കും ആറ് മാസം പോലും കൃത്യമായി ഫോൺ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം അധികൃതരെ അറിയിച്ചിട്ടും ഫോണുകൾ നന്നാക്കാനോ പുതിയവ നൽകാനോ തയ്യാറായില്ല. പിന്നീട് ‘പോഷൻ ട്രാക്കർ’ സംവിധാനം ആരംഭിച്ച്‌ അങ്കണവാടികൾ തുറക്കുന്നതും ഭക്ഷ്യവസ്തുക്കൾ നൽകുന്നതുമെല്ലാം ഇ‍ൗ ഫോണിലൂടെ ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഇതിനായുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം മാനസികമായി തളർത്തുകയാണെന്ന് അങ്കണവാടി ജീവനക്കാർ പറയുന്നു. 2023 ജൂലൈ മുതലുള്ള ഇൻസെന്റീവ്‌ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഗുണഭോക്താക്കളുടെ ഇകെവൈസി/എഫ്ആർഎസ് ചെയ്യാനുള്ള സമ്മർദമാണ് നിലവിൽ ജിവനക്കാർക്കുമേലുള്ളത്. ഇലക്ട്രോണിക് സംവിധാനത്തിലുടെ കസ്റ്റമറെ തിരിച്ചറിയുകയെന്നതാണ് ഇകെവൈസി. മുഖം തിരിച്ചറിയൽ സംവിധാനമാണ് എഫ്ആർഎസ്. ഇതു രണ്ടും ചെയ്യാതെ ആർക്കും ഭക്ഷ്യവസ്‌തുക്കൾ നൽകരുതെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം. കേന്ദ്ര സർക്കാർ പദ്ധതിയായ ഐസിഡിഎസ് ആരംഭിച്ച് 50 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലും അങ്കണവാടി ജീവനക്കാർക്ക് തുച്ഛമായ ഓണറേറിയമാണ് കേന്ദ്രം നൽകുന്നത്. കേരളത്തിൽ വർക്കർമാർക്ക് ലഭിക്കുന്ന 13,000 രൂപയിൽ 2700 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്. 9000 രൂപ ലഭിക്കുന്ന ഹെൽപ്പർക്ക് 1350 രൂപയും. ജീവനക്കാരെ തൊഴിലാളിയായി പോലും കേന്ദ്രം അംഗികരിച്ചിട്ടില്ല. പോഷൺ ട്രാക്കർ പ്രവർത്തനം നിർബന്ധിച്ച് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) സമരത്തിലേക്ക് നീങ്ങുകയാണ്‌. പോഷൺ ട്രാക്കർ പ്രവർത്തനം നിർബന്ധിച്ച് ചെയ്യിക്കാനുള്ള ശ്രമത്തിൽനിന്ന് ഉദ്യോഗസ്ഥർ പിന്മാറണമെന്ന് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അഞ്ചുമുതൽ പോഷൺ ട്രാക്കറുമായി സഹകരിക്കാതെ ഡിജിറ്റൽ സ്ട്രൈക്ക് ആരംഭിച്ചിരുന്നു. ജനങ്ങൾക്ക് ഐസിഡിഎസ് വഴി നൽകേണ്ട സേവനങ്ങൾ കൃത്യമായി നൽകുന്നതിന് സൗകര്യം ഒരുക്കുന്നതിന് പകരം ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതിൽനിന്ന് അധികൃതർ പിൻമാറണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ഭവാനിയും പ്രസിഡന്റ് കെ ശ്രീജയും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home